ചണ്ഡീഗഡ്: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത. ഏകീകൃത സിവില്‍ കോഡിന് (യു.സി.സി) പാര്‍ട്ടി അനുകൂലമാണെന്ന ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവന വന്നതിന് പിന്നാലെ യു.സി.സിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്‍ രംഗത്തെത്തി. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് യു.സി.സിയെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. ഭരണഘടന ഏകീകൃത സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് യു.സി.സി വിഷയത്തില്‍ എഎപി നേതാക്കള്‍ പ്രതികരിച്ചത്.
വിപുലമായ ചര്‍ച്ചകള്‍ യു.സി.സി വിഷയത്തില്‍ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാര്‍ട്ടി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ യു.സി. സിയെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു. ആംആദ്മി പാര്‍ട്ടി യു.സി.സിയെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കണമെന്നും എസ്.എ.ഡി ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഭഗവന്ത് മന്‍ പഞ്ചാബികളെ വിഡ്ഢികളാക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി രാജ്യസഭയില്‍ യു.സി.സിയെ പിന്തുണക്കുമെന്നും എസ്.എ.ഡി നേതാവ് ദല്‍ജിത് എസ് ചീമ ട്വീറ്റ് ചെയ്തു.