അനീഷ് ചാലിയാര്‍
പാലക്കാട്: അപൂര്‍വങ്ങളില്‍ അപൂര്‍വമായ അമീബിക് മെനിന്‍ജോ എന്‍സഫൈലിറ്റിസ് (അമീബിക് മസ്തിഷ്‌കജ്വരം) കേസുകളിലെ വര്‍ധന ചൂണ്ടിക്കാണിക്കുന്നത് ജലാശയങ്ങളെക്കുറിച്ചും രോഗകാരിയുടെ സാന്ദ്രത സംബന്ധിച്ചുമുള്ള വിദഗ്ധ പഠനത്തിന്റെ ആവശ്യകത. തലച്ചോര്‍തീനി അമീബ (നെഗ്ലേറിയ ഫൗലേരി) എന്നയിനം ഏകകോശ ജീവിമൂലമുണ്ടാകുന്ന മസ്തികജ്വരം ബാധിച്ച് കേരളത്തില്‍ ഏഴ് വര്‍ഷത്തിനിടെ മരണപ്പെട്ടത് ആറ് പേരാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയില്‍ 1962 മുതല്‍ 2022 വരെയുള്ള അറുപത് വര്‍ഷത്തിനിടെ 23 സ്റ്റേറ്റുകളില്‍ 157 ഓളം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1971 മുതല്‍ 2011 വരെയുള്ള 40 വര്‍ഷക്കാലഘട്ടത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒമ്പത് കേസുകളാണെന്ന് കസ്തൂര്‍ബ മെഡിക്കല്‍ കോളജിന്റെ വിവിധ വകുപ്പുകള്‍ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കേസുകളും മരണവും ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ മരണപ്പെട്ട 36 കാരനൊഴികെ അഞ്ച്പേരും 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. രോഗം ബാധിച്ചവരെല്ലാവരും കെട്ടിക്കിടക്കുന്നതോ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങുകയോ മൂക്കില്‍ വെള്ളം കയറുന്ന തരത്തില്‍ മുഖം കഴുകുകയോ ചെയ്തവരാണ്. ഈ സാഹചര്യത്തിലാണ് സ്വിമ്മിങ് പൂളുകള്‍, വാട്ടര്‍തീം പാര്‍ക്കുകള്‍ ഉള്‍പ്പടെ മനുഷ്യനിര്‍മിത ജലാശയങ്ങള്‍, കെട്ടിക്കിടക്കുന്ന സ്വാഭാവിക ജലാശയങ്ങള്‍ എന്നിവയില്‍ രോഗാണുവിന്റെ സാന്ദ്രത സംബന്ധിച്ച പഠനം നടത്തണമെന്ന് വിദ്ഗധര്‍ ആവശ്യപ്പെടുന്നത്.
കസ്തൂര്‍ബ മെഡിക്കല്‍ കോളജിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്ന ഒമ്പത് കേസുകളില്‍ അഞ്ച് മാസം മുതല്‍ 36 വയസ്സുവരെയാണ് പ്രായം. ഇതില്‍ അഞ്ച് കേസുകളില്‍ മരണം സംഭവിച്ചു. നാല് പേര്‍ രക്ഷപ്പെട്ടിട്ടുമുണ്ട്. 2016 ല്‍ കൊല്‍ക്കത്തയില്‍ ഒരു 14 കാരന്‍ രോഗ മുക്തി നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്തുള്ള (ലുംബാര്‍ പഞ്ചര്‍) സാമ്പിള്‍ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. മണിക്കൂറുകള്‍ക്കുള്ളില്‍ രോഗി മരണത്തോടടുക്കുന്നതിനാല്‍ രോഗസ്ഥിരീകരണവും ചികിത്സയും ഫലപ്രദമാകുന്നില്ല.
അമേരിക്കക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) അമീബകളെക്കുറിച്ചും രോഗ നിയന്ത്രണത്തെ കുറിച്ചും നിരന്തരമായ പഠനങ്ങള്‍ നടത്തുന്നുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും നല്‍കി വരുന്നുണ്ട്. 1978 മുതല്‍ ഇതിനുവേണ്ടി മാത്രമായി പ്രത്യേക ലാബും സജ്ജീകരിച്ചിട്ടുണ്ട് സി.ഡി.സി.
ജീവിത ചക്രത്തിന് മൂന്ന് ഘട്ടം
തലച്ചോര്‍ തീനി അമീബക്ക് (നെഗ്ലേറിയ ഫൗലേറി) 1. സിസ്റ്റ്, 2.ട്രോഫോസോയിറ്റെ 3.ഫല്‍ജല്ലേറ്റ് സ്റ്റേജുകളാണുള്ളത്. വളര്‍ച്ചയുടെ രണ്ടും മൂന്നും ഘട്ടങ്ങളിലെത്തുന്ന അമീബയാണ് മനുഷ്യന്റെ മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനങ്ങളില്‍ കാണുന്നത്. ട്രോഫോസോയിറ്റെ സ്റ്റേജിലുള്ളവ അതേ രൂപത്തില്‍ മറ്റൊന്നിനെ വളരെ വേഗത്തില്‍ രൂപപ്പെടുത്തും. ഇങ്ങനെ പെരുകുകയും തലച്ചോര്‍ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. 50- മുതല്‍ 65 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള ജലാശയത്തില്‍ മണിക്കൂറുകള്‍ നിലനില്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും. അതിനാല്‍ കെട്ടിക്കിടക്കുന്ന സ്വഭാവിക-കൃത്രിമ ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യത്തിന് വളരെ സാധ്യതയുണ്ട്.
ക്ലോറിനേഷന്‍ തന്നെ പരിഹാരം
കെട്ടിക്കിടക്കുന്നതും ദീര്‍ഘനാള്‍ ഉപയോഗിക്കാതെ കിടക്കുന്നതുമായ ജലാശയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മസ്തിഷ്‌കംതീനി അമീബകളെ പ്രതിരോധിക്കാന്‍ ക്ലോറിന്‍, മോണോക്ലോറോമിന്‍ എന്നിവ ഉപയോഗിക്കാം. കോഴിക്കോട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസ് ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളില്‍ കുളിച്ചതിനാലായിരുന്നു. സ്വിമ്മിങ് പൂളുകളും കൃത്യമായി ഇടവേളകളില്‍ വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.