ഐക്യാരാഷ്ട്ര സംഘടന മാനവരാശിയുടെ ഐശ്വര്യപൂര്‍ണമായ ഭാവി ലക്ഷ്യമാക്കി പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് രാജ്യത്തിന് ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ലോക ജനസംഖ്യയുടെ 17 ശതമാനം അധിവസിക്കുന്ന രാജ്യത്തിന് ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിര്‍ണായക പങ്കു വഹിക്കാനുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ 2019/20 ല്‍ 60 മാര്‍ക്ക് വാങ്ങിയതില്നിന്ന് 2020/21 ല്‍ 66 മാര്‍ക്കായി ഉയര്‍ത്തി രാജ്യം പുരോഗതി പ്രകടിപ്പിച്ചെങ്കിലും രാജ്യത്തെ 28 സംസ്ഥാനങ്ങളുടെയും 9 കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രകടനങ്ങള്‍ വിലയിരുത്തി 2020/21ല്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പല സംസ്ഥാനങ്ങള്‍ തമ്മില്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അജഗജാന്തര വിടവുകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത് 85.9 മാര്‍ക്ക് വാങ്ങി ഫിന്‍ലാന്‍ഡ് ആണ്. 85.6 മാര്‍ക്ക് വാങ്ങി സ്വീഡന് രണ്ടാം സ്ഥാനത്തും ഡെന്മാര്ക്ക് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ത്യയുടെ സ്ഥാനം 120 ആണ്. ഏറ്റവും പിറകില്‍ 38.3 മാര്‍ക്ക് സെന്‍ട്രല്‍ ആഫ്രിക്കയാണ്.
ചില ലക്ഷ്യങ്ങളില്‍ 65 മാര്‍ക്കിന് മുകളില്‍ എത്താന്‍ സാധിച്ചെങ്കിലും വിശപ്പ് ഇല്ലായ്മ ചെയ്യല്‍, ലിംഗസമത്വം എന്നിവയില്‍ 50 മാര്‍ക്കിന് താഴെ മാത്രമേ വാങ്ങാന്‍ രാജ്യത്തിന് സാധിച്ചിട്ടുള്ളൂ. 2030 ആകുമ്പോഴേക്കും 44 ദശലക്ഷം ജനങ്ങള്‍ പുതുതായി ദാരിദ്ര്യത്തിലേക്ക് വഴുതി വീഴും എന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും 63 ദശലക്ഷം ജനങ്ങള്‍ ലോകത്ത് ആരോഗ്യ ചെലവ് കാരണം ദരിദ്രര്‍ ആകുന്നു. ബഹുമുഖമായ ദാരിദ്ര്യം ഇല്ലാതാക്കല്‍ ദുഷ്കരമായ ദൗത്യമാണ്. ലോക ദാരിദ്ര്യ സൂചികയില്‍ 2020 ഇന്ത്യ 107 രാജ്യങ്ങളില്‍ 62 ാം സ്ഥാനത്താണ്. 2021ല്‍ 109 രാജ്യങ്ങളില്‍ 66ാം സ്ഥാനത്തായി. ഇന്ത്യയിലെ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കിയാല്‍ മാത്രമേ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് രാജ്യത്തിന് എത്താന്‍ സാധിക്കുകയുള്ളൂ. ബീഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനം പേരും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഇന്ത്യയുടെ ദരിദ്രരുടെ എണ്ണം 10.96 ശതമാനത്തില്‍ 2030 നകം എത്തിക്കണമെങ്കില്‍ കൂടുതല്‍ ജനസൗഹൃദ പങ്കാളിത്ത ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ രാജ്യം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.
2021ലെ ലോക വിശപ്പ് സൂചികയില്‍ 116 രാജ്യങ്ങളില്‍ 101 ാം സ്ഥാനത്താണ് ഇന്ത്യ. 2020ല്‍ 94 ാം സ്ഥാനത്ത് നിന്നും പിന്നെയും രാജ്യം പിറകോട്ട് പോയി. ലോകത്ത് കോവിഡ് കാരണം 1.6 ബില്യണ്‍ ജനങ്ങള്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ട ഘട്ടത്തില്‍ എല്ലാവരുടെയും വിശപ്പടക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. ഇന്ത്യയില്‍ ആകെ 33.4 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവ് അനുഭവപ്പെടുന്നു. വരള്‍ച്ച മുരടിച്ച കുട്ടികള്‍ ഇന്ത്യയില്‍ 34.7 ശതമാനമാണ്. അത് 6 ല്‍ എത്തിക്കുക എന്ന ഭഗീരഥപ്രയത്നമാണ് നടത്താനുള്ളത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. എല്ലാ പ്രായക്കാര്‍ക്കും ഗുണകരമാകുന്ന പൂര്‍ണ ശാരീരിക മാനസിക അവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യം ഇന്ത്യയില്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കേണ്ടത് രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ ആകെ 1000 ജനനത്തില്‍ അഞ്ചുവര്‍ഷം താഴെയുള്ള 36 കുട്ടികള്‍ മരണമടയുന്നു. റോഡപകടത്തില്‍ ഒരു ലക്ഷം ജനങ്ങളില്‍ ഇന്ത്യയില്‍ 11.56 പേര് മരിക്കുന്നു. അത് 5.81 ല്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് രാജ്യം നിശ്ചയിച്ചത്. പുതിയ ലോക ക്രമത്തിലേക്കുള്ള പ്രയാണത്തില്‍ വിദ്യാഭ്യാസത്തിന് കാലികപ്രസക്തിയാണുള്ളത്. കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തില്‍ ഇന്ത്യയില്‍ 87.26 ശതമാനം കുട്ടികളും സ്കൂളില്‍ പഠനത്തിനായി പോകുമ്പോള്‍ നാഗാലാന്‍ഡിലും ജമ്മുകശ്മീരിലും 67 ശതമാനം കുട്ടികള്‍ മാത്രമാണ് സ്കൂളിലേക്ക് പോകുന്നത്.
ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിക്കുന്ന ലിംഗ സമത്വ സൂചികയില്‍ 2021 ല്‍ 156 രാജ്യങ്ങളില്‍ 140 ാം സ്ഥാനത്താണ് ഇന്ത്യ. റുവാണ്ടയിലെ പാര്‍ലമെന്റില്‍ 61.3 ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉള്ളപ്പോള്‍ 14.39 ശതമാനം മാത്രമാണ് ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യം. ഇന്ത്യയില്‍ 1000 പുരുഷന്മാര്ക്ക് 1021 സ്ത്രീകള്‍ ഉള്ളപ്പോള്‍ ഉത്തരാഖണ്ഡില്‍ 840, ഹരിയാനയില്‍ 843, ഡല്‍ഹിയില്‍ 844, ഗുജറാത്തില്‍ 866 സ്ത്രീകള്‍ മാത്രമാണ്. കേരളത്തില്‍ 1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകള്‍ ഉണ്ട്. രാജ്യത്താകമാനം എം. എല്‍.എമാരില്‍ 8.46 ശതമാനം മാത്രമാണ് വനിതകള്‍. ഒരു ലക്ഷം സ്ത്രീ ജനസംഖ്യയില്‍ അസമില്‍ 177.8 സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. ഇന്ത്യയില്‍ 13.96 ശതമാനം സ്ത്രീകള്‍ മാത്രമേ ഭു ഉടമസ്ഥരായിട്ടുള്ളു. ഇന്ത്യയില്‍ ഭര്ത്താക്കന്മാരില്നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും 19.54 ശതമാനം സ്ത്രീകള്‍ അതിക്രമം നേരിടുന്നു. ഉത്തര്‍പ്രദേശില്‍ 20.35 ശതമാനം ഗ്രാമീണര്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. ലോകത്തിലെ രണ്ടാമത്തെ ജനനിബിഡമായ ഇന്ത്യയില്‍ 6 ശതമാനം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. 15 ശതമാനം ജനങ്ങള്‍ പരസ്യമായി മലമൂത്രവിസര്‍ജനം നടത്തുന്നു. ഇന്ത്യയിലെ ഉപരിതല ജലത്തില്‍ 70 ശതമാനവും ഉപയോഗിക്കാന്‍ സാധിക്കാത്തവിധം മലിനമാണ്. എല്ലാ ദിവസവും 40 ദശലക്ഷം ലിറ്റര്‍ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നു. മേഘാലയ സംസ്ഥാനം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും സ്ഥായിയായ ഊര്‍ജ്ജ സംരക്ഷണം സംബന്ധിച്ച് ലക്ഷ്യം നേടുന്നതില്‍ പുരോഗതിയുണ്ട്. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യത്തില്‍ വ്യവസായ സൗഹൃദ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 2019 ല്‍ 77 ആണെങ്കില്‍ 2020ല്‍ നില മെച്ചപ്പെടുത്തി 63 ല്‍ എത്തി. തൊഴിലില്ലായ്മ രാജ്യത്ത് 3 ശതമാനത്തിലും തൊഴിലെടുക്കുന്നവരുടെ പങ്കാളിത്തം ജനസംഖ്യയുടെ 68.3 ശതമാനത്തില്‍ എത്തിക്കാനായാല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുന്നതാണ്.
അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ ഐക്യരാഷ്ട്രസഭ ഏറ്റവുമൊടുവില്‍ നല്കിയ മുന്നറിയിപ്പ് പ്രകാരം രാജ്യങ്ങള്‍ തമ്മില്‍ അസമത്വം ഏറിവരുന്നു. വേദനാജനകമായ കോവിഡ് കാലഘട്ടം അസമത്വം വര്‍ധിപ്പിക്കുന്നതിന് കാരണമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാപ്രാതിനിധ്യം ലക്ഷ്യം കൈവരിച്ചുവെങ്കിലും ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനത്തില്‍ എത്തിക്കാന്‍ നിലവിലുള്ള 14.39 ശതമാനത്തില്‍ നിന്നും എത്ര ദൂരം സഞ്ചരിക്കേണ്ടിവരും. കാലാവസ്ഥാവ്യതിയാനം കുറക്കുന്ന നടപടികളുടെ കാര്യത്തില്‍ ബിഹാറിന് 16 മാര്‍ക്ക് നേടാനേ സാധിച്ചിട്ടുള്ളു. ഇന്ത്യയില്‍ ആകെയുള്ള 21.67 ശതമാനം കാടുകളെ 33 ശതമാനത്തില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം ജനങ്ങളില്‍ കേരളത്തില്‍ 0.9 പേര് കൊലപാതകത്തിലൂടെ മരിക്കുമ്പോള്‍ ഝാര്‍ഖണ്ഡില്‍ 4.3 അരുണാചല്‍പ്രദേശില്‍ നാലുപേരും ഹരിയാന 3.9 അസമില്‍ 3.6 പേരും കൊല്ലപ്പെടുന്നു. ഒരു ലക്ഷം കുട്ടികളില്‍ ലക്ഷദ്വീപില്‍ 144 കുട്ടികള്‍ക്ക് എതിരെ അതിക്രമം നടക്കുന്നുവെങ്കില്‍ ഡല്‍ഹിയില്‍ 139, ആന്‍ഡമാനില്‍ 112, സിക്കിമില്‍ 80.3 കുട്ടികള്‍ അതിക്രമങ്ങള്‍ക്കിരയാകുന്നു. 10 ലക്ഷം ജനങ്ങളില്‍ മണിപ്പൂരില്‍ 60.77 പേരും ഗോവയില്‍ 58.44 മിസോറാമില്‍ 45 ഡല്‍ഹിയില്‍ 30.49 പേരും മനുഷ്യക്കടത്തിന് ഇരയാകുന്നു. ഒരു ലക്ഷം കുട്ടികളില്‍ ഡല്‍ഹിയില്‍ 113.48 കുട്ടികളെ കാണാതാവുന്നു. ചണ്ഡിഗഡില്‍ 50.50 കുട്ടികളാണ് കാണാതാവുന്നത്.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 34.8 ശതമാനം യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ജോലി, വൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കേണ്ടതായിട്ടുണ്ട്. 2020 ജൂലൈയില്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച രേഖ പ്രകാരം പങ്കാളിത്തം ഉറപ്പുവരുത്തി സ്വകാര്യമേഖലയെകൂടി ഉള്‍പ്പെടുത്തി ആഗോള ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിച്ചേരും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിച്ചതും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ജില്ലാതല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇന്ത്യയിലെ 112 ജില്ലകളെ പിന്നാക്ക ജില്ലകളായി പ്രഖ്യാപിച്ച് ഊര്‍ജ്ജിത പ്രവര്‍ത്തനം നടത്തിയതും എടുത്തുപറയേണ്ട മുന്നേറ്റമാണ്. കുട്ടികള്‍, പട്ടികവര്‍ഗക്കാര്‍, ഗിരിവര്‍ഗക്കാര്‍, വികലാംഗര്‍, അതിഥി തൊഴിലാളികള്‍, നഗര ദരിദ്രര്‍ എന്നിവരെ പ്രത്യേകമായി കണ്ടു വിവിധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ധ്രുതഗതിയില്‍ നടത്തേണ്ടതായിട്ടുണ്ട്. ആകെയുള്ള 17 ലക്ഷ്യങ്ങളില്‍ ആദ്യത്തെ 16 എണ്ണം വിവിധ കണക്കുകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിലും പതിനേഴാമത്തെ ലക്ഷ്യം ഗുണനിലവാരം നോക്കിയുമാണ് നീതി ആയോഗ് വിലയിരുത്തുന്നത്. ജനങ്ങള്‍, പുരോഗതി, സമാധാനം, ഭൂഗോളം, സഹകരണം എന്നീ അഞ്ച് അടിസ്ഥാന തൂണുകളില്‍ ഉള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചാണ് രാജ്യം 2030 ലേക്ക് നടന്നുനീങ്ങുന്നത്. സാമൂഹിക സാമ്പത്തിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും സദ് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും മാത്രമേ ആഗോള ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ 2020 വരെ ശതകോടീശ്വരന്മാര് (7500 കോടി ആസ്തിയുള്ളവര്‍) 85 പേരായിരുന്നുവെങ്കില്‍ 2021 ല്‍ അത് 126 ആയി വര്‍ധിച്ചു. രാജ്യത്തിന്റെ സമ്പത്തിന്റെ നാലില്‍ ഒന്നും ഈ അതിസമ്പന്നരുടെ കൈകളിലാണ്.