ലുഖ്മാന്‍ മമ്പാട്
ദൈവത്തില്‍ വിശ്വാസമുണ്ട്. വിശ്വാസം നിരന്തരമായി തുടരുന്നതാണ്. പ്രാര്‍ത്ഥിക്കാറുണ്ട്. ഞാന്‍ ഒരു സൃഷ്ടിയാണെന്നും എനിക്കൊരു സൃഷ്ടാവുണ്ടെന്നും പരിപൂര്‍ണ-മായി വിശ്വസിക്കുന്നു. ആ ഒരു കാരണംകൊണ്ടു മാത്രമാണ് ഞാന്‍ കമ്യൂണിസവുമായി വല്ലാതെ അടുക്കാത്തത്.
നടന്‍ മാമുക്കോയ
(ക്രൈസ്തവ ചിന്ത 2021 ഡിസംബര്‍)
ഒരു എം.എല്‍.എ പോലുമില്ലാതെ ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനം ഏത്. ഉത്തരം കേരളമാണെന്ന് ഏതു ശിവന്‍കുട്ടിക്കും അറിയാം. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയേത്. ഏതു പൊലീസുകാരനും ഉത്തരം അറിയാം. എന്നാല്‍, പിണറായി, കോടിയേരി, എ വിജയരാഘവന്‍ എന്നിവരില്‍ ആര്‍ക്കാണ് ഒന്നാം സ്ഥാനം എന്ന് കണ്ടുപിടിക്കാന്‍ ശശികല ടീച്ചര്‍ക്ക് പോലും പെട്ടെന്നു കഴിഞ്ഞെന്നുവരില്ല. കേരളത്തില്‍ ബി.ജെ.പിയാണോ സി.പി.എമ്മാണോ വലിയ വര്‍ഗീയ പാര്‍ട്ടിയെന്ന് സംശയമുള്ളവര്‍ കണ്ണൂര്‍ ജില്ല മാത്രം എടുത്ത് പരിശോധിച്ചാല്‍ മതി. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 12 സെക്രട്ടേറിയറ്റ് അംഗങ്ങളാണ് കണ്ണൂരിലെ സി.പി.എമ്മിനെ നയിക്കുന്നത്; മരുന്നിന് പോലും ഒരു മുസ്്‌ലിം ഇല്ല. 30 ശതമാനം മുസ്്‌ലിം ജനസംഖ്യയുള്ള കണ്ണൂരില്‍ മാത്രമല്ല, 65 ശതമാനം മുസ്്‌ലിം ജനസംഖ്യയുള്ള മലപ്പുറത്തുള്‍പ്പെടെ ഒരിടത്തും മുസ്്‌ലിം പേരുള്ള ഒരു ജില്ലാ സെക്രട്ടറി പോലുമില്ല.
കോണ്‍ഗ്രസിലെ ന്യൂനപക്ഷത്തിന്റെ കണക്കെടുക്കുംമുമ്പ് സി.പി.എമ്മിന്റെ മുസ്്‌ലിം പ്രാതിനിധ്യം പരിശോധിച്ചാലോ. കണ്ണൂരില്‍നിന്ന് സി.പി.എമ്മിന് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായി രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങളുണ്ട്; രണ്ടും ഒരേ ജാതി ഒരേമതം ഒരേദൈവം; മന്ത്രിമാരും തഥൈവ. എന്നാല്‍, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായ മുസ്‌ലിം പേരുള്ള എ.പി അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ജില്ലക്കാരനാണ്. മുസ്്‌ലിം അട്ടിപ്പേറ് നെറ്റിയില്‍ ഒട്ടിച്ചു നടക്കുന്ന പിണറായിപ്പാര്‍ട്ടിയുടെ ന്യൂനപക്ഷ വകുപ്പ് മന്ത്രി പോലും ന്യൂനപക്ഷ അംഗമല്ല. പക്ഷേ, മോദി സര്‍ക്കാറിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുസ്്‌ലിമാണ്. ഇന്ത്യയില്‍ നിന്ന് മുസ്്‌ലിംകളെയും പിന്നീട് ക്രൈസ്തവരെയും ആട്ടിപ്പുറത്താക്കാന്‍ പൗരത്വനിയമക്കെണിയൊരുക്കുന്ന വര്‍ഗീയ പാര്‍ട്ടിയെന്ന് മലയാളികളില്‍ 93 ശതമാനവും വിശ്വസിക്കുന്ന ബി.ജെ.പിയേക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സി.പി.എം എന്നു ഭൂരിപക്ഷ വിഭാഗത്തെ ബോധ്യപ്പെടുത്താനുള്ള കുതന്ത്രമാണ് സി.പി.എമ്മിന്റെ പാഷാണം വര്‍ക്കി കളിയെന്നര്‍ഥം.
ദേശീയ ജനറല്‍ സെക്രട്ടറി പദം ബ്രാഹ്മണര്‍ക്ക് മാത്രം പതിച്ചുനല്‍കിയ, പി.ബിയില്‍ പ്രവേശിപ്പിക്കാതെ ദലിതനെയും ആദിവാസിയെയും അയിത്തം കല്‍പ്പിച്ചു തീണ്ടാപാടകലെ നിര്‍ത്തിയ, ബംഗാളിലും ത്രിപുരയിലും കേരളത്തിലും മുഖ്യമന്ത്രിപാര്‍ട്ടി സെക്രട്ടറി പദങ്ങളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെ പരിഗണിക്കുന്ന ചര്‍ച്ചക്കുപോലും പഴുതില്ലാതെ കൊട്ടിയടിച്ച പാര്‍ട്ടിയാണ് സി.പി.എം എന്ന് നന്നായറിയുന്നത് അവര്‍ക്ക് തന്നെയാണ്. എന്നിട്ടും പ്രധാനമന്ത്രിയും രാഷ്ട്രപതിയും നിരവധി മുഖ്യമന്ത്രിരും പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റുമാരും ന്യൂനപക്ഷങ്ങളില്‍നിന്ന് ഉയര്‍ന്ന് വന്ന കോണ്‍ഗ്രസിനു നേരെ തോക്ക് ചൂണ്ടുമ്പോള്‍ അതാണ് വെന്റിലേറ്ററിലായ രോഗിക്ക് നല്‍കുന്ന അറ്റകൈ ഡോസ്; മരുന്നാണോ വിഷമാണോ എന്നത് കാലം തീരുമാനിക്കും.
മഹാത്മാഗാന്ധിയുടെ ഹിന്ദുവിനെ ഗോള്‍വാക്കറുടെ ഹിന്ദുത്വ ഹൈജാക്ക് ചെയ്യുന്നുവെന്ന് രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കുമ്പോള്‍ ബി.ജെ.പിയേക്കാളധികം സി.പി.എം അതില്‍ വേപഥുപൂണ്ട് അലറിക്കരയുന്നു. കോണ്‍ഗ്രസ് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും സിക്കുകാരെയുമെല്ലാം ഭരണത്തിലും പാര്‍ട്ടിയിലും ഉന്നത സ്ഥാനം നല്‍കിയവരാണെന്നും എഴുപതാണ്ടിനിടെ ഒരിക്കല്‍ പോലും ‘ഹിന്ദുത്വ’ കൈവിടാത്ത പാര്‍ട്ടിയാണ് കമ്യൂണിസ്റ്റുകള്‍ എന്നും ചര്‍ച്ചയാക്കുകയാണ് സി.പി.എം ലക്ഷ്യം. ഹൈന്ദവ വിശ്വാസത്തിന്റെ മര്‍മ്മ കേന്ദ്രവും മതേതരത്വത്തിന്റെ അടയാളവുമായ ശബരിമലയെ തകര്‍ക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെ കേരളം ഉണര്‍ന്നപ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 ലോക്‌സഭാ മണ്ഡലങ്ങളും സി.പി.എമ്മിനെ കൈവിട്ടിരുന്നു. അന്ന് എല്‍.ഡി.എഫിന് ഭൂരിപക്ഷം 18 അസംബ്ലി മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങി. ഹൈന്ദവ വിശ്വാസികള്‍ കയ്യൊഴിഞ്ഞതിനെതുടര്‍ന്ന് മുസ്‌ലിം വിരുദ്ധത വാക്കിലും പ്രവൃത്തിയിലും കുത്തിനിറച്ചും ഭൂരിപക്ഷ വിഭാഗത്തെ ചില നിയമ നിര്‍മ്മാണങ്ങളിലൂടെ കബളിപ്പിച്ചും ബി.ജെ.പിക്ക് ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ കൈമാറിയുമാണ് പിണറായി വിജയന് തുടര്‍ഭരണം സൃഷ്ടിച്ചത്.
മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നുവെന്നും ഇതിനായി പ്രതിവര്‍ഷം 12,000 കോടി നീക്കിവെക്കുന്നുവെന്നുമുള്ള എ.കെ.ജി സെന്ററിലെ വിഷ ക്യാപ്‌സ്യൂള്‍ പ്രയോഗിച്ച് ക്രൈസ്തവ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്താന്‍ ശ്രമിച്ചതും മറ്റാരുമല്ല. അമീര്‍ഹസ്സന്‍കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ചും പ്രീണിപ്പിച്ചും ഇസ്‌ലാമോഫോബിയ വിളവെടുത്ത സി.പി.എം എന്‍.ആര്‍.സി ഉള്‍പ്പെടെ പേടിപ്പിച്ച് മുസ്‌ലിം വോട്ടുകളില്‍ ഒരു പങ്കും സ്വന്തമാക്കി.
ഫറോവ മുതല്‍ ബ്രിട്ടന്‍ വരെയും ഹിറ്റ്‌ലര്‍ മുതല്‍ മോദി വരെയും പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രമാണ് കേരളത്തില്‍ സി.പി.എമ്മും പരീക്ഷിച്ചത്. മതങ്ങള്‍ തമ്മിലും അതിലെ വിവിധ കക്ഷികള്‍ തമ്മിലും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ച് ചെന്നായയുടെ രക്തക്കൊതിയോടെ പതുങ്ങുന്ന നയം. ‘നാര്‍ക്കോട്ടിക് ജിഹാദിനെതിരെ’ എന്ന പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ പാലാബിഷപ്പ് മെത്രാപൊലീത്തമാര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തത് വിളിച്ചു പറയുമ്പോള്‍ മന്ത്രി വാസവന്‍ അരമനയില്‍ നേരിട്ടു ചെന്ന് ‘മഹാപണ്ഡിത’ പട്ടം നല്‍കി ആദരിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന് സുന്നിയായി വേഷം കെട്ടി സലഫികളെ പ്രതിക്കൂട്ടിലാക്കുന്ന ജലീലും ഇതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ തുടക്കമിട്ട് എസ്.എഫ്.ഐയിലൂടെ പ്രാവര്‍ത്തികമാക്കുന്ന മതമില്ലാത്ത വിവാദങ്ങളെ സാധൂകരിച്ച് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഫത്‌വ കൊടുക്കുമ്പോള്‍ തന്നെ എക്‌സ് മുസ്്‌ലിം കേരള അസോസിയേഷന്‍ രൂപീകരിച്ചും എ.കെ.ജി സെന്റര്‍ മുസ്‌ലിം സ്വത്വത്തിലേക്ക് കടന്നുകയറി സ്‌ഫോടനം സൃഷ്ടിക്കുന്നു. ‘മാര്‍ക്‌സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹിക വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റ ഉദ്ദേശ്യം’ എന്ന് തുറന്നു പറഞ്ഞ ഇ.എം.എസ് ഇസ്‌ലാമിക ശരീഅത്തിനെതിരെ എണ്‍പതുകളില്‍ ഉറഞ്ഞുതുള്ളി തീവ്രഹിന്ദുത്വ വോട്ടുകള്‍ സമാഹരിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയ ചരിത്രമാണ് സി.പി. എം വീണ്ടു പയറ്റുന്നത്. ‘മാര്‍ക്‌സിസത്തിന്റെ താത്ത്വികാടിസ്ഥാനം ഭൗതികവാദപരവും സര്‍വമതങ്ങള്‍ക്കെതിരുമാണ്’ (മാര്‍ക്‌സിസം മാര്‍ക്‌സ് ഏംഗല്‍സ്, പേജ് 276) എന്നു താത്വിക അടിത്തറയുള്ള സി.പി.എം ഓരോ പാര്‍ട്ടിയിലെയും നേതാക്കളുടെ മതവും ജാതിയും ഉപജാതിയും രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്കിട്ട് വിഴുപ്പലക്കുന്നത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു തന്നെയാണ്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയിച്ചാല്‍ ബി.ജെ.പിയെ തടയാനാവുമെന്ന് ഈ കോലാഹലത്തിന് അനുപല്ലവിയായി കോടിയേരി പാടുന്നതും ശ്രദ്ധിക്കണം.
സി.പി.എം ഗുണ്ടാപൊലീസും ജാപ് കോടതികളും പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്‌ലിം പള്ളികള്‍ക്കും ഖബര്‍സ്ഥാനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല, എസ്.എന്‍.ഡി.പിഎന്‍.എസ്.എസ് തുടങ്ങിയ സാമുദായിക സംഘടനകള്‍ക്കും വിലക്കുണ്ട്. ആ പരിസരത്തു പോലും സി.പി.എം പോഷകഘടകം എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ രാഷ്ട്രീയം ചിട്ടപ്പെടുത്തിയ എസ്.എസ്.എഫിന്റെ കൊടിമരം നാട്ടാന്‍ പോലും സമ്മതിക്കാത്ത വാര്‍ത്തകളിലും അല്‍ഭുതമില്ല. നോട്ടീസു പോലും നല്‍കാതെ വികസനത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ നാലാള് കൂടിയതില്‍ ഒരു മുസ്്‌ലിം ഉണ്ടെങ്കില്‍ അതിനെ ആറാം നൂറ്റാണ്ടിലെ പ്രാകൃതവും വര്‍ഗീയ മനസുമാക്കുന്ന മിടുക്ക് നാക്കുപിഴയല്ല.
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ നാഗ്പൂരും എ.കെ.ജി സെന്ററും തമ്മിലുള്ള ഇടനാഴിയിലെ ദല്ലാളായി ശ്രീ എം വന്നതോടെ പൊളിറ്റ്ബ്യൂറോ അംഗത്തെക്കാള്‍ സി.പി. എമ്മിന്റെ നയ രൂപീകരണത്തില്‍ പി.ബി അംഗത്തെക്കാള്‍ വല്‍സന്‍ തില്ലങ്കേരിക്ക് റോളുണ്ടാവുക സ്വാഭാവികം. മോദിയിലേക്കുള്ള ദൂതനായി കൈരളി മുന്‍ എം.ഡിയെ ഇന്ദ്രപ്രസ്ഥത്തിലേക്ക് പിണറായി നിയമിക്കുന്നത് പോലും അമിത്ഷായുടെ അമ്പാസിഡറായി ഗുജറാത്ത് ഫെയിം ഐ.പി.എസുകാരന്‍ കേരള ഡി.ജി.പിയായി വന്നതിന്റെ തുടര്‍ച്ച മാത്രമാണ്.