പി ടി ഫിറോസ്
പാദരക്ഷകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്തയും ധാരണയും തിരുത്തേണ്ടുന്ന വിധത്തിലാണ് പുതുകാലത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എത്തിനില്‍ക്കുന്നത്. നിറവും ആകൃതിയും ഗുണവും മാത്രമല്ല, ധരിക്കുന്നവരുടെ വ്യക്തിത്വം പോലും അടയാളപ്പെടുത്തുന്ന രീതിയിലാണ് പാദരക്ഷകള്‍ മാറിക്കൊണ്ടിരിക്കുന്നത്. പാദരക്ഷകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട രൂപകല്‍പ്പനയും നിര്‍മ്മാണവും ഇന്ത്യക്കകത്തും പുറത്തും വലിയ തൊഴില്‍ സാധ്യതതായി വളരുന്നതായാണ് കാണുന്നത്. പാദരക്ഷാ നിര്‍മാണത്തിലും അനുബന്ധ വസ്തുക്കളുടെ കയറ്റുമതിയിലും ലോകത്തിലെ പ്രബല ശക്തിയായി നമുക്ക് മാറാന്‍ സാധിച്ചത് പുതിയ സാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖലയില്‍ രണ്ട് ദശലക്ഷത്തോളം പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. 2024 ഓടു കൂടി 15.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കമ്പോള മൂല്യത്തിലേക്കുയരുമെന്നാണ് കണക്കാക്കപ്പെട്ടത്.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ഡി.ഡി.ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ പാദരക്ഷാ ലെതര്‍ മേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകളാണര്‍പ്പിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തിലെണ്ണുന്ന എഫ്.ഡി.ഡി.ഐ മൂന്ന് ദശാബ്ദത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ കോഴ്‌സുകള്‍ സവിശേഷ പ്രാധാന്യമുള്ളവയാണ്. പാദരക്ഷകളുടെ രൂപകല്‍പന, നിര്‍മ്മാണം, ഫാഷന്‍ ഡിസൈന്‍, റീറ്റെയ്ല്‍, ഫാഷന്‍ മെര്‍ച്ചന്‍ഡൈസ്, ലെതര്‍ അനുബന്ധ ഘടകങ്ങളുടെ ഡിസൈന്‍, നിര്‍മാണം എന്നീ മേഖലകളില്‍ പഠന പരിശീലനങ്ങള്‍ നല്‍കുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ള എഫ്.ഡി.ഡി.ഐ ഈ മേഖലയിലെ ലോകത്തിലെത്തന്നെ മികച്ച മൂന്ന് സ്ഥാപനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ട്
ഫൂട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ഫാഷന്‍ ഡിസൈന്‍, റീടൈല്‍ ആന്‍ഡ് ഫാഷന്‍ മെര്‍ച്ചന്‍ഡൈസ്, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് ആക്‌സസറി എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രധാന കോഴ്‌സുകള്‍ ഉള്ളത്. ചെന്നൈ അടക്കം ഇന്ത്യയിലൊട്ടാകെയായി 12 ക്യാമ്പസുകളാണുള്ളത്. വ്യാവസായിക മേഖലകളിലെ പ്രമുഖര്‍ അക്കാദമിക, ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടിയുള്ളത് കൊണ്ട് നൂതന വിഷയങ്ങള്‍ സിലബസിന്റെ ഭാഗമായി വരുന്നുണ്ട്. പരിശീലനത്തിനും കണ്‍സള്‍ട്ടന്‍സിക്കുമായി വിദേശ രാജ്യങ്ങളുമായടക്കം പങ്കാളിത്തമുണ്ട്. മികവുറ്റ രീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്ല പ്ലേസ്‌മെന്റ് സാധ്യതയുമുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പഠനം കഴിഞ്ഞവര്‍ക്കും ഇത്തവണ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകള്‍
ബി.ഡിസ് (ബാച്ചിലര്‍ ഇന്‍ ഡിസൈന്‍) 4 വര്‍ഷം ദൈര്‍ഘ്യം
A) ഫുട്‌വെയര്‍ ഡിസൈന്‍ & പ്രൊഡക്ഷന്‍
B) ലെതര്‍ ഗുഡ്‌സ് & അക്‌സെസ്സറി ഡിസൈന്‍
C) ഫാഷന്‍ ഡിസൈന്‍
ബിബിഎ (റീട്ടെയില്‍ & ഫാഷന്‍ മെര്‍ച്ചന്‍ഡൈസ്) 3 വര്‍ഷം ദൈര്‍ഘ്യം കൂടാതെ ബിരുദാനന്തര ബിരുദ തലത്തില്‍ എം.ഡിസ്, എംബിഎ കോഴ്‌സുകളുമുണ്ട്. എട്ട് സെമസ്റ്ററുകളിലായുള്ള ബി.ഡിസ് കോഴ്‌സുകളില്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മാണം, ആസൂത്രണം, ഗുണനിലവാര പരിശോധന, മെര്‍ച്ചന്‍ഡൈസിങ്, മാര്‍ക്കറ്റിംഗ്, കോസ്റ്റ്യൂം ഡിസൈന്‍, ടെക്‌നിക്കല്‍ ഡിസൈന്‍, ഫാഷന്‍ ജേര്‍ണലിസം, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ തൊഴില്‍ തേടാന്‍ ശ്രമിക്കുകയോ സ്വയം തൊഴില്‍ കണ്ടെത്തുകയോ ആവാം. ബിബിഎ പഠനത്തിന് ശേഷം വിശ്വല്‍ മെര്‍ച്ചന്‍ഡൈസിങ്, റീറ്റെയ്ല്‍ മെര്‍ച്ചന്‍ഡൈസിങ്, റീറ്റെയ്ല്‍ മാനേജ്‌മെന്റ്, ഫ്‌ലോര്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലി കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണ്. ബി.ഡിസ്/ബിബിഎ പഠനത്തിന് ശേഷം എംഡിസ്/ എംബിഎ എന്നിങ്ങനെ തുടര്‍പഠന സാധ്യതകളുമുണ്ട്.
https://fddiindia.com/ എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 28 നകം അപേക്ഷിക്കണം. ജൂണ്‍ 19 ന് നടക്കുന്ന ദേശീയ തല പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍ നടക്കുന്നത്. നാലു സെക്ഷനുകളിലായി ക്വാണ്ടിറ്റേറ്റീവ് അഭിരുചി, വെര്‍ബല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ബിസിനസ് അഭിരുചി, ഡിസൈന്‍ അഭിരുചി എന്നീ മേഖലകളിലുള്ള ചോദ്യങ്ങളുണ്ടാവും. കൊച്ചി, ചെന്നൈ, ബംഗളുരു അടക്കം 31 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ ക്യാമ്പസിലും ലഭ്യമായ കോഴ്‌സുകള്‍, ഫീസ്, മറ്റു വിശദ വിവരങ്ങള്‍ എന്നിവ അറിയുന്നതിനായി വെബ്‌സൈറ്റ് പരിശോധിക്കാം.