വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.
ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.