ബാസിത് മലയമ്മ
ഭൗതിക വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിക്കുന്ന സമീപനമാണ് മുസ്‌ലിം ന്യൂനപക്ഷത്തെ കഴിഞ്ഞ രണ്ട് മൂന്ന് നൂറ്റാണ്ടുകളിലെ വിദ്യാഭ്യാസതകര്‍ച്ചയുടെ പ്രഥമകാരണമെന്ന് സര്‍വത്രികമായി നിരീക്ഷിക്കപ്പെടുന്നു. ഉന്നത വിദ്യഭ്യാസത്തിലൂടെ മാത്രമെ ഉത്തമ രാഷ്ട്രീയത്തെയും അതിലൂടെ വിദ്യാസമ്പന്നരായ പുതിയ തലമുറയെ കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന ആശയത്തിലൂന്നി ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിന്‌വേണ്ടി പോരാടുകയും ചെയ്യുന്നതില്‍ മുസ്‌ലിം ലീഗിന്റെ പങ്ക് ചെറുതല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി എല്ലാവര്‍ക്കും ജാതിമതഭേതമന്യേ വിദ്യാഭ്യാസം നല്‍കണം എന്ന് മുഴങ്ങി കേട്ടത് ഇസ്‌ലാമിന്റെ ശബ്ദമാണ്.
ഒരു കാലത്ത് കേരളത്തില്‍ ബ്രാഹ്മണ സമുദായത്തിനല്ലാതെ മറ്റ് ജാതികാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ട ഒന്നായിരുന്നു വിദ്യാഭ്യാസം. കേരളത്തിലെ പ്രശസ്ത പരിഷ്‌കര്‍ത്താക്കളില്‍പെട്ട അയ്യങ്കാളി തന്റെ സമൂഹത്തെ വിദ്യാഭ്യാസം നല്‍കണം എന്ന ആഗ്രത്തോടെ തിരുവിതാംകൂര്‍ മഹാരാജിന് ഒരു നിവേദനം നല്‍കി. എല്ലാവരും നികുതി നല്‍കി പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്റെ സമുദായത്തിലെ താഴ്ന്ന ജാതിയായി കണക്കാക്കുന്ന കുട്ടികളെ ചേര്‍ക്കാനുള്ള അനുവാദം നല്‍കണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം. അയ്യങ്കാളിയുടെ ആവശ്യം അംഗീകരിച്ചു രാജാവ്. അങ്ങനെ തന്റെ സമുദായത്തിലെ കുട്ടികളുടെ കയ്യും പിടിപ്പ് ഗവണ്‍മെന്റ് സ്‌കൂളിലേക്ക് കയറി ചെന്നു. ആദ്യം പ്രധാന അധ്യാപകന്‍ നിരസിച്ചെങ്കിലും രാജാവിനോട് പാരാതി പറയുമെന്ന അയ്യങ്കാളിയുടെ ഭീഷണിയോടെ മാനസ്സില്ലാ മനസ്സോടെ പ്രധാന അധ്യാപകന്‍ സമ്മതിച്ചു. പിറ്റെ ദിവസം സവര്‍ണ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍നിന്ന് പിന്‍വലിച്ചു. ഇവരോടൊപ്പം ഞങ്ങളുടെ കുട്ടികള്‍ പഠിക്കേണ്ട എന്ന നിലപാടായിരുന്നു അവര്‍ക്ക്. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും പിറ്റേ ദിവസം സ്‌കൂളില്‍ വന്നില്ല. ഇവരെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ എന്നാ ഗുരുനാഥന്മാര്‍ പറഞ്ഞത്. തന്റെ സമുദായത്തില്‍ നിന്നും രണ്ട് ബി.എ ക്കാരെ കണ്ട് മരിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു അയ്യങ്കാളിയുടെ മരണസമയത്തെ ആഗ്രഹം.
മുസ്‌ലിം വിദ്യാഭ്യാസ നവീകരണത്തെ ലക്ഷ്യമാക്കി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് ചില പ്രാദേശിക സംഘടനകള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉദയം ചെയ്തിരുന്നു. കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭ (1889) മഞ്ചേരിയിലെ ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ (1895) ആലപ്പുഴ ലജന്നത്തുല്‍ മുഹദിയ്യ, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ (1900) തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദാഹരണങ്ങളില്‍ ചിലതാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഉപരിപഠനത്തിന് ഉപകരിക്കുന്ന കോളജ് സംവിധാനം അന്നുണ്ടായിരുന്നില്ല. 1948 ല്‍ ആ സ്വപ്‌നം പൂവണിഞ്ഞ് ദക്ഷിണ ഇന്ത്യയുടെ അലിഗഢ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ഥാപനമാണ് ഫറൂഖ് കോളജ്. അത് വെറുമൊരു സ്ഥാപനമല്ല. മുസ്‌ലിം സമുദായം അഹോരാത്രം പരിശ്രമിച്ചു പണിപൂര്‍ത്തിയാക്കിയ സമുച്ചയമാണിത്.
ആയിരത്തി തൊള്ളായിരത്തി നാല്‍പതുകളില്‍ മലബാര്‍ മേഖലയിലുടനീളം പടര്‍ന്നുപിടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ തീജ്വാല വാഹകരിലൊരാളായിരുന്നു ദീര്‍ഘവീക്ഷണമുള്ള നേതാവും പ്രശസ്ത പണ്ഡിതനുമായ മൗലവി അബുസ്സബാഹ് അഹമ്മദ് അലി. റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ സ്ഥാപക പിതാവും അക്കാലത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ അതുല്യമായ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തിലെ ചാവക്കാട് ഗ്രാമമായ വേമ്പനാട്ടില്‍ ഇടത്തരം കുടുംബത്തിലാണ് അബുസ്സബാഹ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാഹി, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കാന്‍ പോയി. മദ്രാസിലെ ജമാലിയ കോളജില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. കെയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരിക്കെ, അസാധാരണമായ ബൗദ്ധിക ആവേശവും സമഗ്രതയും അദ്ദേഹം പ്രകടിപ്പിച്ചു. അല്‍ അസ്ഹറിലെ കാലഘട്ടം അദ്ദേഹത്തിന്റെ അക്കാദമിക് വ്യായാമങ്ങളുടെയും തത്ത്വചിന്താപരമായ പര്യവേക്ഷണങ്ങളുടെയും വേഗത വര്‍ധിപ്പിച്ചു. മൗലാന മുഹമ്മദ് അലി, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായും ദര്‍ശനക്കാരുമായും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ആധുനിക കാഴ്ചപ്പാടുകളെ സമ്പന്നമാക്കി. ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറാന്‍, ഫലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു, ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങി. മൗലാന മുഹമ്മദലിയുടെയും മഹാത്മാഗാന്ധിയുടെയും കൂട്ടായ്മയിലും അദ്ദേഹം നിരവധി ദിവസങ്ങള്‍ ചെലവഴിച്ചു. ലാഹോര്‍, ബിഹാര്‍, മദ്രാസ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സാമൂഹിക പിന്നാക്കാവസ്ഥയെ വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങിയ റൗളത്തുല്‍ ഉലൂം എന്ന സ്ഥാപനം നിലവില്‍ വന്നു. 1948 ല്‍ ഫറൂഖ് കോളജായി സ്ഥാപനം മാറുകയും മുസ്‌ലിം ന്യൂനപക്ഷത്തെ വിദ്യാഭ്യാസ പുരോഗതിയിലെക്കെത്തിച്ച മഹത്തായ സ്ഥാപനമാവാനും ഫറൂഖ് കോളജിന് സാധിച്ചു.