സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ ഇപ്പോള്‍ കുമ്പസരിച്ചിട്ട് എന്തുകാര്യം. ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം തെറ്റായിപ്പോയെന്ന് അമേരിക്കയിലെയും ബ്രിട്ടണിലെയും നിരവധി പ്രമുഖര്‍ വിലയിരുത്തിയതാണ്. ഏറ്റവും അവസാനത്തെ കുമ്പസാരമാണ് സി.ഐ.എ മേധാവിയുടെത്.
അല്‍ഖാഇദാ ബന്ധവും കൂട്ടസംഹാരായുധവും ആരോപിച്ചായിരുന്നുവല്ലോ ഇറാഖിനെ ആക്രമിച്ചത്. അവ രണ്ടും തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖ് അരിച്ചുപെറുക്കിയ സി.ഐ.എ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൂട്ടസംഹാരായുധങ്ങളുടെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സദ്ദാം കടുത്ത അല്‍ഖാഇദ വിരുദ്ധനാണെന്ന് ജോര്‍ജ് ബുഷ് ജൂനിയറിനും ടോണിബ്ലെയറിനും ബോധ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷം മധ്യത്തില്‍ ടോണിബ്ലെയര്‍ നേരിട്ടു തന്നെ കുറ്റസമ്മതം നടത്തി. അമേരിക്കയുടെ പ്രധാന സഖ്യ രാഷ്ട്രമായ ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണിബ്ലെയര്‍ ആയിരുന്നു യുദ്ധ പ്രചാരകന്റെ വേഷത്തില്‍ അക്കാലം നിറഞ്ഞാടിയത്. ഇറാഖ് തകര്‍ന്നടിഞ്ഞു. പത്തു ലക്ഷത്തോളമായിരുന്നു മരണസഖ്യ. സദ്ദാമിനെ പിടികൂടി തൂക്കിലേറ്റുകയും ചെയ്തു. അതിനു ശേഷം സുസ്ഥിര സര്‍ക്കാറിനെ കൊണ്ടുവരാന്‍ ഇപ്പോഴും സാധിക്കുന്നില്ല. സദ്ദാം വിരുദ്ധനായ ഇയാദ് അലാവിയുടെ ‘ഉപദേശം’ കേട്ട് 2003ല്‍ ഇറാഖിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അടുത്തൊന്നും അവസാനിക്കുമെന്നും പ്രതീക്ഷയില്ല. വടക്കന്‍ മേഖല കുര്‍ദു സ്വയം ഭരണ പ്രദേശമാണ്. ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശവും ഇറാഖി സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. സുന്നി- ഷിയ ഭിന്നതയില്‍ ഇറാഖീ സര്‍ക്കാറിന്റെ ദൗര്‍ബല്യം ലോക സമൂഹം തിരിച്ചറിയുന്നു. സുന്നി, ഷിയ, കുര്‍ദു ജന വിഭാഗങ്ങളെ കോര്‍ത്തിണക്കിയും ആവശ്യമാകുമ്പോള്‍ അടിച്ചമര്‍ത്തിയും ഇറാഖി ഭരണകൂടം സദ്ദാം നിയന്ത്രിച്ചുവന്നതാണ് അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നത്. ഏകീകൃത സര്‍ക്കാര്‍ ഉണ്ടെങ്കിലും വംശീയ ഭിന്നതക്ക് യാതൊരു ശമനവുമില്ല.
‘നിങ്ങള്‍ പരാജയപ്പെടാന്‍ പോകുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും…എല്ലാ കാര്യത്തിലുമുപരി നിങ്ങള്‍ക്ക് അറബികളുടെ മനസ് വായിക്കാനാവില്ല’. എന്ന് ചോദ്യംചെയ്തപ്പോള്‍ സദ്ദാം ഹുസൈന്‍ പറഞ്ഞതായി സി.ഐ.എ മേധാവി ജോണ്‍ നിക്‌സണ്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്നു. സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ പ്രമുഖരില്‍ ഒരാളായ നിക്‌സണിന്റെ പുസ്തകം പുറത്തിറങ്ങാനിരിക്കുകയാണ്. ഇറാഖ് നേരിടുന്ന ആഭ്യന്തര കലാപവും ഭീകരവാദ പ്രവര്‍ത്തനവും സദ്ദാം ഉണ്ടായിരുന്നുവെങ്കില്‍ സംഭവിക്കില്ലെന്ന് കുമ്പസരിക്കുന്ന നിക്‌സണിന്റെ വിലയിരുത്തല്‍ ഭാവി അമേരിക്കന്‍ നേതൃത്വത്തിന് പാഠമായിരിക്കണം.
2001 സെപ്തബര്‍ 11 ലെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷും സഖ്യരാഷ്ട്രങ്ങളും യഥാര്‍ത്ഥത്തില്‍ നടത്തിയത് നിഴല്‍ യുദ്ധമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ഭീകരരെ തകര്‍ക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയി. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്തുവെങ്കിലും താലിബാന്‍ പോരാളികള്‍ വര്‍ധിത വീര്യത്തോടെ ഇപ്പോഴും വിലസുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഭരണകൂടങ്ങള്‍ നിരവധി വന്നുവെങ്കിലും അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നില്ല. നിരവധി പ്രവിശ്യകള്‍ താലിബാന്‍ ആധിപത്യത്തിലാണ്. പത്തു വര്‍ഷത്തെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ പോരാടിയ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ ചെമ്പട പിന്‍മാറിയതിനെതുടര്‍ന്ന് തമ്മിലടി തുടങ്ങിയപ്പോഴായിരുന്നുവല്ലോ താലിബാന്റെ രംഗപ്രവേശം. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരണം താലിബാന്‍ നിയന്ത്രിച്ചു.
സോവിയറ്റ് പാവ സര്‍ക്കാറിന്റെ അവസാനത്തെ തലവന്‍ നജീബുല്ലയെ കാബൂളില്‍ തൂക്കിലേറ്റിയായിരുന്നു തുടക്കം. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ സാന്നിധ്യവും അവരുടെ ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ നേതൃത്വവുമാണ് താലിബാന് വിനയായത്. ബിന്‍ ലാദന്‍ താലിബാന്റെ അതിഥിയായല്ല അഫ്ഗാനില്‍ എത്തിയത്. സോവിയറ്റ് അധിനിവേശത്തിന് എതിരായ പോരാട്ടം നയിക്കാന്‍ ബിന്‍ ലാദനും അല്‍ഖാഇദക്കും പരിശീലനം നല്‍കിയതും ആയുധമണിയിച്ചതും അമേരിക്കയും പാശ്ചാത്യ നാടുകളുമായിരുന്നുവെന്നതാണ് ചരിത്രം. സഊദി അറേബ്യയിലെ സൈനിക സാന്നിധ്യമാണ് ബിന്‍ലാദനും അമേരിക്കയും തമ്മില്‍ ശത്രുക്കളാകാന്‍ പ്രധാന കാരണം. ‘പിശാചിന്റെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ച് ഇറാഖിനും ഇറാനും അഫ്ഗാനും എതിരെ തിരിഞ്ഞ ജോര്‍ജ് ബുഷിനും ബ്ലെയറിനും ഇറാനെതിരെ നീങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ സാമ്പത്തിക, സൈനിക ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിച്ചു. ഇറാന്‍ ജനതയുടെയും നേതൃത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പാശ്ചാത്യ ശക്തികള്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു. ഇറാന്‍ ആണവ പദ്ധതിയുടെ പ്രശ്‌നത്തില്‍ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ധാരണയില്‍ ഏര്‍പ്പെട്ടത് ഒരു വര്‍ഷം മുമ്പാണ്.
ആ ധാരണ പ്രകാരം ഉപരോധം പിന്‍വലിക്കാന്‍ സമയമായി. അവയില്‍ നിന്ന് പിറകോട്ട് പോകാനുള്ളനിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇന്റലിജന്റ്‌സ് വകുപ്പു തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ തകര്‍ത്തതില്‍ കുമ്പസാരം നടത്തുന്ന അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വൈകാതെ ലിബിയയുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. മുഅമ്മര്‍ ഖദ്ദാഫി, സദ്ദാമിനെ പോലെ സ്വേച്ഛാധിപതിയായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. അതേസമയം, ലിബിയന്‍ ഭരണകൂടത്തെ ശക്തമായി മുന്നോട്ടുനയിക്കാനും അഖണ്ഡത കാത്തുസൂക്ഷിക്കാനും ഖദ്ദാഫിക്കു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ട്രിപ്പോളി, ബെന്‍ഗാസി എന്നീ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച രണ്ടു സര്‍ക്കാറുകളാണ് ലിബിയയിലുള്ളത്; അവര്‍ തമ്മിലുള്ള പോരാട്ടവും. എണ്ണ സമ്പന്നമായ ഒരു രാജ്യത്തിന്റെ പതനമാണ് ലിബിയയില്‍ സംഭവിച്ചത്. മാറിവരുന്ന അമേരിക്കന്‍ ഭരണകൂടം ലോക പ്രശ്‌നങ്ങളില്‍ ശരിയായ ദിശ കാണിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ വികല ചിന്തകള്‍ ആശങ്കയാണ് ജനിപ്പിക്കുന്നത്.