Connect with us

Video Stories

സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ല

Published

on

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നിലവില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും യാഥാര്‍ഥ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. നോട്ടു നിരോധവും ജി.എസ്.ടി പരിഷ്‌കാരവും രാജ്യത്തെ പിറകോട്ടു വലിച്ചു എന്നതിന്റെ പച്ചയായ സത്യമാണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. രാജ്യം സാമ്പത്തികമായി മൂക്കുകുത്തി വീണതിന്റെ പാപഭാരം പേറുന്ന കേന്ദ്ര സര്‍ക്കാര്‍ പക്ഷേ, കൊടുങ്കാറ്റിനെ മുറം കൊണ്ടു തടുത്തുനിര്‍ത്താമെന്ന വ്യാമോഹം വെച്ചുപുലര്‍ത്തുകയാണ്. ജി.എസ്.ടിയിലൂടെ മനക്കോട്ട കെട്ടിയ നരേന്ദ്ര മോദിയുടെ നയവൈകല്യത്തിന് വൈകാതെ തന്നെ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. തുടര്‍ച്ചയായി നാലു പാദങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലംപൊത്തി എന്നത് ഗുരുതരമായ അരക്ഷിതാവസ്ഥയുടെ അടയാളമാണ്. കര പറ്റാനാവാത്തവിധം ആഴിയിലേക്ക് മൂക്കുകുത്തുന്ന രാജ്യത്തെ പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കല്ലാതെ അഭയമില്ലെന്നര്‍ഥം.
2007-08 വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സാഹചര്യത്തില്‍ പോലും നട്ടെല്ലു നിവര്‍ത്തിനിന്ന രാജ്യമാണ് നമ്മുടേത്. അമേരിക്ക ഉള്‍പ്പെടെയുള്ള വലിയ ശക്തികള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച പ്രാപിക്കാനും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും നമ്മുടെ രാജ്യത്തിനായി. എന്നാല്‍ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് ഇന്ന് രാജ്യം എത്തിനില്‍ക്കുന്നത്. രാജ്യം ഉയര്‍ച്ചയിലേക്ക് എന്നാണ് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രിയും ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ധനകാര്യ മന്ത്രിയും അവകാശപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ വ്യക്തമായി. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച 5.7 ശതമാനത്തിലേക്കാണ് താഴ്ന്നിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ ആദ്യ സാമ്പത്തിക പാദത്തില്‍ തന്നെ ആഭ്യന്തര ഉത്പാദനം 5.7 ശതമാനമായി കുറഞ്ഞിരുന്നു. അടിസ്ഥാന മേഖലകളിലെല്ലാം വലിയ തിരിച്ചടി നേരിടുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ഇത്. ഇക്കാര്യം രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധന്മാര്‍ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഇതു ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. നോട്ടു നിരോധത്തിന്റെ ബഹിര്‍സ്ഫുരണമായി ഇതു കണക്കാക്കുകയും ജി.എസ്.ടി എന്ന ചെപ്പടിവിദ്യയിലൂടെ ഇതു മറികടക്കാമെന്ന് സ്വപ്‌നം കാണുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പക്ഷേ, ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നതാണ് സമീപകാലത്തെ സാമ്പത്തിക ഇടിവ് ബോധ്യപ്പെടുത്തുന്നത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് രണ്ടു മാസം മുമ്പു തന്നെ ഉത്പാദന മേഖലയില്‍ നിന്നു പ്രകടമായിരുന്നു. തൊട്ടു മുമ്പത്തെ ആദ്യ സാമ്പത്തിക പാദത്തിലെ 5.3 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായും കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമായും കുറഞ്ഞത് ഇതിന്റെ സൂചകങ്ങളായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ പ്രായോഗിക നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അനിവാര്യമായ പതനത്തില്‍ നിന്ന് സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വീക്ഷണക്കുറവും നയവ്യതിയാനങ്ങളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചത്. ഈ സമയത്തും സാമ്പത്തിക മാന്ദ്യത്തെ അംഗീകരിക്കാന്‍ ബി.ജെ.പിയോ നരേന്ദ്ര മോദി സര്‍ക്കാറോ തയാറായില്ല എന്നതാണ് വാസ്തവം. സാമ്പത്തിക മാന്ദ്യം എന്നത് കേവലം സാങ്കേതികം മാത്രമാണെന്ന് പറഞ്ഞാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഈ ദുരന്തത്തെ ന്യായീകരിച്ചത്. തുടര്‍ച്ചയായ ആറാം പാദത്തിലും ജി.ഡി.പി വളര്‍ച്ച കുറയുന്നത് സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണെന്നും ചുറ്റുപാടുകള്‍ നോക്കിയാണ് വികസനത്തെ മനസിലാക്കേണ്ടതെന്നുമായിരുന്നു അമിത് ഷായുടെ വാദം. ഈ വാദത്തെ കണക്കിന് കളിയാക്കിക്കൊണ്ടാണ് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. രാജ്യത്തെ നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയെ ക്ഷണികമെന്ന് വിശേഷിപ്പിച്ചാല്‍ അത് അനീതിയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധനക്കമ്മിയെയും കട ബാധ്യതയെയും മറന്ന് സര്‍ക്കാര്‍ ക്രിയാത്മകമായ വിപണി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ അപകടകരമാം വിധം ആപതിക്കുമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുണ്ട്. മാത്രമല്ല, മാന്ദ്യം എന്നത് യാഥാര്‍ഥ്യമാണെന്നും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക നയം രൂപീകരിക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനകാര്യത്തിലെ ആസൂത്രണമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന മോദി സര്‍ക്കാറിന് പുതിയ റിപ്പോര്‍ട്ട് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇക്കാലമത്രയും സാമ്പത്തിക മാന്ദ്യം സമ്മതിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലയില്ലാക്കയത്തില്‍ നിന്ന് രക്ഷനേടാനുള്ള പരക്കം പാച്ചിലിലാണ്. ധനകാര്യ വൈദഗ്ധ്യമില്ലാത്ത വകുപ്പ് മന്ത്രിയും സാമ്പത്തിക മേഖലയിലെ നൈമിഷ മാറ്റങ്ങളെ കുറിച്ച് നിശ്ചയമില്ലാത്ത നരേന്ദ്ര മോദിയും ഒരുമിച്ചു തുഴഞ്ഞാലും ഈ ആഴക്കയത്തില്‍ നിന്നു കരകയറാനാവുമെന്ന് കരുതുന്നില്ല. ധനക്കമ്മി കൂടുമെന്ന ഭയത്തില്‍ പണം ചെലവഴിക്കാതിരുന്ന സര്‍ക്കാര്‍ പൊതുവിപണിയെ തകര്‍ത്തുവെന്നു മാത്രമല്ല, രാജ്യത്തെ മുച്ചൂടും മുടിച്ചുവെന്നു വേണം പറയാന്‍. ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിച്ച ഉയരത്തില്‍ എത്തില്ലെന്നും ആറു ശതമാനത്തില്‍ താഴെയായി വളര്‍ച്ച നില്‍ക്കുമെന്നുമുള്ള ആര്‍.ബി.ഐ റിപ്പോര്‍ട്ട് അവഗണിച്ചതിനുള്ള അടിയാണിത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നും ഇക്കാര്യം തുറന്നുപറഞ്ഞത് ചെവികൊള്ളാതിരുന്നതിന്റെ ശിക്ഷയും. ഇനിയും ചെപ്പടിവിദ്യകള്‍ കാണിച്ച് കഴിവുകേടുകളില്‍ കടിച്ചുതൂങ്ങാനും നയവൈകല്യത്തെ ന്യായീകരിക്കാനും സമയം കളയാതെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ബുദ്ധി പ്രയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന് കരണീയം.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending