സ്വന്തംലേഖകന്‍/ തിരുവനന്തപുരം
വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സഹകരണബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, അക്ഷയ പോലെയുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വാണിജ്യബാങ്കുകളല്ല സഹകരണബാങ്കുകള്‍ മാത്രമാണ് വായ്പകള്‍ നല്‍കുന്നത്. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഐ.ടി സൗകര്യങ്ങള്‍ സാര്‍വത്രികമാക്കാന്‍ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വാണിജ്യബാങ്കുകളൊന്നും മുന്നോട്ടു വന്നില്ല. സഹകരണബാങ്കുകളാണ് അതിന് തയാറായത്.
ഇന്നു കേരളം ഐ.ടി സാക്ഷരരാകാന്‍ പ്രധാനകാരണമായ അക്ഷയകേന്ദ്രങ്ങള്‍ക്ക് പിന്നില്‍ സഹകരണബാങ്കുകളുമുണ്ട്. സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡം നടപ്പാക്കണമെന്ന് ബി.ജെ.പി പറയുന്നത്. സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ബി.ജെപി മുന്നോട്ടു വെച്ച ഒരു ന്യായം മാത്രമാണത്. സംസ്ഥാനത്തെ മികച്ച സാമ്പത്തിക ബദലാണ് സഹകരണമേഖല. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. നോട്ടു അസാധുവാക്കിയതിലൂടെ രാജ്യത്ത് അനിതരസാധാരണമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ഏല്ലാവരും ഒറ്റക്കെട്ടാണ്.രാജ്യം യുദ്ധത്തെ നേരിടുന്ന ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ കക്ഷികളും ഒന്നിക്കാറുണ്ട്. അതുപോലെ രാജ്യം നേരിടുന്ന ഈ അനിതരസാധാരണമായ സാഹചര്യത്തിലാണ് കക്ഷികള്‍ ഒന്നിക്കുന്നത്. സഹകരണമേഖലയിലെ ഈ പ്രതിസന്ധി മൂലം കേരളം തകര്‍ച്ചയുടെ മുനമ്പിലാണ്. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുന്നതു വരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാരതീയ മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍. സഹകരണമേഖലക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രത്യേക പരിഗണന നല്‍കിയിരുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരെ പോലും പരിഗണിക്കാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാലും മനസിലാക്കണം. എം.പിമാരെ കാണാനോ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനോ മോദി കൂട്ടാക്കുന്നില്ല. സ്വന്തം മന്ത്രിസഭയെ പോലും തോക്കിന്‍മുനയില്‍ നിര്‍ത്തുകയാണ് മോദി. ഇത് ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തിന് തന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കൊണ്ടും ശരീരഭാഷ കൊണ്ടും ശ്രദ്ധ നേടിയവരാണ് ഏകാധിപതികള്‍. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികളുടെ ചരിത്രവും വ്യക്തമാക്കുന്നത് ഇതാണ്. അധികാരത്തിലെത്തിയ ശേഷം അവര്‍ തങ്ങളുടെ തനിനിറം പുറത്തുകാട്ടും. ഇത് ഇന്ത്യയിലും ആവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി നോട്ടു പിന്‍വലിക്കുകയാണെന്ന് മോദി പ്രഖ്യാപിക്കുകയായിരുന്നു ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഇത് ഏകാധിപത്യത്തിലേക്കുള്ള പോക്കാണ്. ഇത്തരം നടപടികളുടെ പ്രത്യാഘാതം കാണാന്‍ കഴിയാത്ത ആള്‍ക്കാരോടാണ് മോദി ഉപദേശം തേടുന്നത്. 50 ദിവസം കൂടി തന്നാല്‍ എല്ലാം ശരിയാക്കിതരാമെന്നാണ് അദ്ദേഹം പറയുന്നത്. 50 ദിവസം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും കഴിയണമെന്നാണോ പ്രധാനമന്ത്രി പറയുന്നത്?
ഗോമാതാവെന്ന് പറയുന്ന പശു പോലും 50 ദിവസം വെള്ളം കുടിക്കാതെ ജീവിക്കുമോ? പണമില്ലാത്തതിനാല്‍ വിത്തു വാങ്ങാനാകാതെയും വെള്ളവും വളവും കിട്ടാതെയും കൃഷിക്കാര്‍ കുഴങ്ങുകയാണ്. നോട്ടു നിരോധം സംബന്ധിച്ച് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വലിയ നടപടി വരാന്‍ പോകുന്നുവെന്ന് അവരെ ആദായ നികുതി വകുപ്പ് തന്നെ ബോധ്യപ്പെടുത്തിയിരുന്നു. നോട്ട് പ്രതിസന്ധി ഒരു വന്‍കിടക്കാരേയും ബാധിച്ചില്ല. അവര്‍ ആരും പരാതി പറഞ്ഞിട്ടില്ല. സാധാരണക്കാരാണ് ഇതില്‍ നെട്ടോട്ടമോടുന്നത്. വന്‍കിടക്കാര്‍ക്ക് കള്ളപ്പണം മാറാന്‍ സഹകരണബാങ്കുകളുടെ സഹായം വേണ്ട. അവര്‍ മറ്റു പല രീതിയിലും പണം മാറ്റും. പക്ഷേ രാജ്യത്തെ തകര്‍ന്ന സാമ്പത്തികസ്ഥിതി പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ? അതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.