Connect with us

Video Stories

വേണ്ടത് ‘ഇന്ത്യത്വ’മാണ്

Published

on

കെ.എന്‍.എ ഖാദര്‍

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നവരെ മാറ്റി നിര്‍ത്താനും വലതുപക്ഷ സവര്‍ണ ശക്തികള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ചെന്നു കൊത്തണ മെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്‍ വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്‍ കോലിട്ടിളക്കിയാല്‍ വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷികത്തകര്‍ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്‍ എന്നിവയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും വര്‍ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാവുകയില്ല.

പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുടെ അജണ്ടയില്‍ തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്‍ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്‍ ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്‍ പെരുമാറുന്നത്. വാസ്തവത്തില്‍ ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.
ഇന്ത്യയിലിപ്പോള്‍ തൊഴില്‍ സമരങ്ങളോ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്‍ത്ഥ പോരാട്ടങ്ങളിലേര്‍പ്പെടലാണ്. വര്‍ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്‍ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര – വിദേശ നയങ്ങളിലും കാര്‍ഷിക – വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്‍ ലയിപ്പിച്ച് വന്‍ കിടക്കാര്‍ക്ക് വായ്പനല്‍കാന്‍ ഉതകും വിധം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്‍ക്ക് മേലില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്‍ ഡോളര്‍ കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്‍ഷിക മേഖല കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നു.

അമേരിക്കയും ഇസ്രാഈലുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. മേലില്‍ തങ്ങള്‍ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്‍ അമേരിക്കക്കും സഖ്യശക്തികള്‍ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്‍ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്‍ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ ‘സംരക്ഷി’ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്‍പ്പെടെയുള്ള ഇടത്തരം സമ്പന്നര്‍ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്‍ വാതില്‍ തുറന്നുവെക്കുക വഴി യഥാര്‍ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്‍ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്‍പ്പം വളരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്‍ മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്‍ കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഴങ്കഥകളാക്കി മാറ്റാന്‍ ഭരണ കക്ഷികള്‍തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്‍ ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്‍ രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ന്യൂനപക്ഷ-ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്‍ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ മെനക്കെടേണ്ടത്. ആ പണി ചെയ്യാന്‍ മത പണ്ഡിതരും അര്‍ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്‍ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.

india

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം

ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം.

Published

on

വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.

ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.

Continue Reading

Video Stories

ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍

ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.

Published

on

ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അങ്കണവാടി കുട്ടികൾക്ക് നൽകിവരുന്ന പാലും മുട്ടയും സർക്കാർ നിർത്തലാക്കി. ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.

കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിച്ചത് വളരെ വൈകിയാണ്. ഓരോ മാസവും അങ്കണവാടി ജീവനക്കാർ സാധനങ്ങൾക്ക് പണം നൽകാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇപ്പോൾ പദ്ധതി പൂർണമായും നിർത്തലാക്കിയത് അംഗണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

Continue Reading

india

ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു

7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്

Published

on

ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

Continue Reading

Trending