ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സികള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് 2100 കോടിയായിരുന്നു. ഇത്രയും നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിവരുന്ന കറന്‍സി പ്രസ്സുകളില്‍ എല്ലാം കൂടി ഒരുമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ചുരുങ്ങിയത് ഏഴു മാസക്കാലം കൊണ്ടുമാത്രമേ 2100 കോടി എണ്ണം കറന്‍സികള്‍ അടിച്ചു കിട്ടുകയുള്ളൂ. തുല്യമായ മൂല്യമനുസരിച്ച് 100 രൂപ, 50 രൂപ നോട്ടുകളാണെങ്കില്‍ സമയദൈര്‍ഘ്യം വര്‍ഷങ്ങളാകും. 2000 രൂപയുടെ നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ ഒരു കാരണം സമയ ലാഭമായിരുന്നു. എങ്കില്‍ പോലും ഉടനെയൊന്നും പഴയ തോതില്‍ കറന്‍സികള്‍ സര്‍ക്കുലേഷനില്‍ കൊണ്ടുവരികഎളുപ്പമല്ല.
ചെറിയ നോട്ടുകള്‍ സമൂഹത്തില്‍ നിര്‍വഹിച്ചു പോന്നിരുന്ന ക്രിയവിക്രയ ദൗത്യം അതുപോലെ നിര്‍വഹിക്കാന്‍ 2000 രൂപയുടെ കറന്‍സിക്ക് അസാധ്യമാണ്. വളരെ വേഗം സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് കറങ്ങി നടക്കാന്‍ രണ്ടായിരവും അതിനു മുകളിലും മൂല്യമുള്ള കറന്‍സിക്കാവുകയില്ലല്ലോ. പുതുതായി അച്ചടിച്ച ഈ നോട്ടുകള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള ട്രേകള്‍ എ.ടി.എമ്മു കളില്‍ ഇല്ലെന്ന കാര്യം പോലും ഓര്‍ക്കാതെയാണ് നോട്ടിന്റെ വലിപ്പം നിര്‍ണ്ണയിച്ചത്. ഒന്നുകില്‍ പുതിയ ട്രേകള്‍ ഒരുക്കണം. അല്ലെങ്കില്‍ നിലവിലുള്ള ട്രേയിലേക്ക് അനുയോജ്യമായ നോട്ടുകള്‍ മാത്രമായിരിക്കണം അടിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്ന ഒരു കാര്യമായിരുന്നു അത്. അതുണ്ടായില്ല. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും കള്ളപ്പണം കണ്ടുകെട്ടുന്നതിനെ അനുകൂലിക്കുന്നവര്‍ തന്നെയാണ്.
കരിഞ്ചന്തയും അഴിമതിയും പൂഴ്ത്തിവെപ്പും നികുതി വെട്ടിപ്പും നടത്തി സമ്പത്തു കുന്നു കൂട്ടിവെച്ച ആരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പുകാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതായോ അത്തരക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതായോ ഇതുവരെ കാണാന്‍ കഴിയാഞ്ഞത് ജനങ്ങളെ നിരാശരാക്കി. സര്‍ക്കാരിനേയും രാജ്യത്തെയും ഒന്നടങ്കം കബളിപ്പിച്ച മല്യയുള്‍പ്പെടെയുള്ളവര്‍ക്ക് 7000 കോടിയിലേറെ രൂപ എഴുതിതള്ളി വലിയ ആശ്വാസം നല്‍കുന്നതും ഭരണകക്ഷിയുടെ ഒരു പ്രമുഖ നേതാവും ഖനി രാജാവുമായ കര്‍ണ്ണാടകക്കാരന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം 500 കോടി ചെലവാക്കി നടത്തുന്ന മാസ്മരിക കാഴ്ചയും നാട്ടുകാര്‍ കണ്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തടവിലാക്കപ്പെട്ട ഒരാളിന്റെ മകളുടെ ഈ വിവാഹ ചടങ്ങില്‍ നേതാക്കളും ആദായ നികുതിവകുപ്പുകാരുമൊക്കെ സന്തോഷത്തോടെ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍ ഇവിടെ സാധാരണക്കാരന്‍ പച്ചരി വാങ്ങാന്‍ പിച്ചച്ചട്ടിയുമായി പൊരി വെയിലത്ത് ക്യൂ നില്‍ക്കുകയാണ്.
വിത്തും വളവും വാങ്ങുന്നതിനും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും ചെറുകിട തൊഴില്‍ ചെയ്തു ജീവിക്കുന്നവനും ആശ്രയിക്കുന്ന സാധാരണക്കാര്‍ തന്നെ അവരുടെ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ സഹകരണ ബാങ്കുകള്‍ കേരളത്തില്‍ സ്തംഭിക്കുകയും അടഞ്ഞുകിടക്കുകയും ചെയ്യുമ്പോള്‍ കോര്‍പറേറ്റ് മുതലാളിമാരുടെ ബാങ്കുകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. സമാന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും പൂഴ്ത്തിവെച്ച കള്ളപ്പണം ഇന്ത്യക്കകത്തും പുറത്തുമുള്ളത് പിടിച്ചെടുക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും ജന പിന്തുണയുണ്ടാവും. അതു ചെയ്യാനുള്ള പരിശ്രമമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നടപടികളൊന്നും ഇതുവരെ കാണപ്പെട്ടില്ല. ഒട്ടും ആരെയും ബുദ്ധിമുട്ടിക്കാതെ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക വയ്യെന്ന സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. സാധാരണക്കാരെന്ന ഇനത്തില്‍ ഉള്‍പ്പെടുന്ന സുമാര്‍ 86 ശതമാനം വരുന്ന ഇന്ത്യക്കാരുടെ നിത്യ ജീവിതം ഇത്ര ദുരിതപൂര്‍ണ്ണമാക്കാതെയുംയഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്ന വമ്പന്‍ സ്രാവുകളെ കെണിവെച്ചു പിടിച്ചും മുഖം നോക്കാതെ നീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ പോയി. ഈ നടപടികളെക്കുറിച്ച് വാര്‍ത്തകള്‍ ചോര്‍ന്നു കിട്ടിയ ഭരണ കക്ഷിയോട് കൂറുപുലര്‍ത്തുന്ന കുത്തക മുതലാളിമാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതു കിട്ടിയതാണ് ജനരോഷത്തിനു പ്രധാന കാരണം. ഇന്നും സാമ്പത്തിക കുറ്റവാളികള്‍ക്ക്ഒരു പ്രയാസവും കൂടാതെ ഇന്ത്യയില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഇവിടെ വേണ്ടത്രയുണ്ട്.
കൃഷിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ ചെറുകിട കച്ചവടക്കാര്‍, താഴെക്കിടയിലെജീവനക്കാര്‍ തുടങ്ങി ലക്ഷോപലക്ഷം പേര്‍ ശരിക്കും തീ തിന്നുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു, ക്രയവിക്രയങ്ങള്‍ നിലച്ചു. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയെ ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനതയെആശ്വസിപ്പിക്കാനെങ്കിലും അഴിമതിയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കള്ളപ്പണവും അനധികൃത സ്വത്തു സമ്പാദനവും മൂലം ജയിലിലായ ആയിരം മുതലാളിമാരുടെ പേരു വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കുമെങ്കില്‍ ഈ നടപടിയെ ജനം സര്‍വാത്മനാ പിന്‍താങ്ങുമെന്ന് ഉറപ്പാണ്. 2000 രൂപ മാറ്റിവാങ്ങുന്നവന്റെവിരലില്‍ അടയാളം വെച്ചാല്‍ എന്തു നേടാനാവും. ശരീരവും മനസും കരിമഷി പുരണ്ട ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയാത്തതുകൊണ്ടോസര്‍ക്കാര്‍ നോക്കി നില്‍ക്കുന്നത്. ജീവിതം കൊണ്ടുതന്നെ മേലാകെ മഷി പുരണ്ടവര്‍ സ്വന്തം തട്ടകത്തിലും പാളയത്തിലും കൂടെയുണ്ടെന്ന കാര്യം മോദി മറക്കാതിരിക്കട്ടെ.
പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോഅല്ലാത്ത സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചതിനു യാതൊരുന്യായീകരണവുമില്ല. സുമാര്‍ 15000 സഹകരണസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. 11000 സംഘങ്ങളെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 1946 മുതല്‍ ഈ മേഖല സജീവമാണ്. 1669 സംഘങ്ങളും 32 ലക്ഷം രൂപയുടെ ഷെയര്‍ കാപ്പിറ്റലുമാണ് അന്നുണ്ടായിരുന്നത്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 അര്‍ബ്ബന്‍ ബാങ്കുകളും 50 പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും 1600 ലേറെ പ്രാഥമിക വായ്പാ സംഘങ്ങളും ഇതില്‍ പെടുന്നു. സുമാര്‍ ഒരു ലക്ഷം കോടിയിലേറെ ആകെ നിക്ഷേപം ഈ മേഖലയിലുണ്ട്. ഇതില്‍ 80 ശതമാനവും വായ്പയായി നല്‍കിയിട്ടുള്ളതാണ്. ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ കൂടുതല്‍സാധാരണ പൗരന്മാരാണ്. സംസ്ഥാന നിയമ സഭ പാസ്സാക്കിയ സഹകരണ നിയമത്തിനു വിധേയമായി മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. റിസര്‍വ്വ് ബാങ്കിന് തൃപ്തികരമായ ചില വ്യവസ്ഥകള്‍ ഈ സഹകരണ സ്ഥാപനങ്ങള്‍ അനുസരിക്കണമെന്ന നിബന്ധനയോടെ ഇവയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിയുമായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന പ്രചാരണം നടത്തി ഈ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയതു പ്രതിഷേധാര്‍ഹമാണ്.
കോര്‍പറേറ്റ്, സ്വകാര്യമേഖല ബേങ്കുകള്‍ എന്നും സഹകരണ സ്ഥാപനങ്ങളെ ശത്രു പക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ പലവിധ നിയമ ഭേദഗതികളിലൂടെയും നേരത്തെ മുതല്‍ അത്തരക്കാര്‍ നടത്തിവരുന്ന ശ്രമം പുതിയ പരിഷ്‌കാരത്തിന്റെ ചൂടില്‍ ചുട്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പൊതു മേഖലയില്‍ തന്നെ കേരളത്തിന്റെ ജനകീയ ബേങ്കായഎസ്.ബി.ടിയെയും മൈസൂര്‍, ഹൈദരബാദ്, പാട്യാല, ബിക്കാനിര്‍, ജയ്പൂര്‍ എന്നീ സംസ്ഥാന ബേങ്കുകളേയും എസ്.ബി.ഐയില്‍ ഈയ്യിടെ ലയിപ്പിച്ചു. കുറച്ചാളുകള്‍ക്ക് കൂടുതല്‍ ഭീമമായ സംഖ്യ വായ്പ നല്‍കാനാണതു ചെയ്തത്. കുറഞ്ഞ സംഖ്യ വീതം കൂടുതല്‍ പേര്‍ക്കെന്ന നയംഅതോടെ മാറി. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പോലും വായ്പ നല്‍കാന്‍ ശേഷിയും വന്‍ മൂലധമുള്ള ബാങ്കുകളെ സൃഷ്ടിക്കലുമായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. അമേരിക്കയില്‍ പോലും കൂറ്റന്‍ ബാങ്കുകള്‍ പൊളിഞ്ഞ കാര്യമോര്‍ക്കണം. ഉപഭോക്തൃ പ്രത്യാഘാതം അളക്കാതെയാണ് ഈ നടപടി. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കാരവും ജനങ്ങളുടെ നന്മക്കു വേണ്ടിയല്ലെന്ന സംശയത്തിന് ഇതൊക്കെ കാരണമാണ്. കോര്‍പറേറ്റുകളുടെ വായ്പാ കുടിശ്ശിക ആകാശം മുട്ടെ വളരുമ്പോള്‍ എഴുതിതള്ളുകയും ചെയ്യുന്നു. ചെറിയ തുകകള്‍ സാധാരണക്കാരുടെ ഉപജീവന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിപ്പോന്ന എസ്.ബി.ടിയുടെയും മറ്റും ശാഖകള്‍ കുറച്ചും ചെറുകിട വായ്പകള്‍ നിര്‍ത്തിയും സാധാരണക്കാരുടെ സഹായ ഹസ്തം വെട്ടിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. എങ്ങിനെയാണ് അത്തരം ഒരു സര്‍ക്കാരിനെ ജനം വിശ്വസിക്കുക. കള്ളപ്പണക്കാരുടെ കൈകളിലാണ് ചങ്ങല വീഴേണ്ടത്. സാധാരണക്കാരുടെയല്ല.