ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒട്ടനവധി അധ്യായങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നാടാണ് ഏറനാട്. ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യത്തിന്റെയും നടത്തിയ പോരാട്ടങ്ങളുടെയും കഥകള്‍ പിറന്ന നാട്.. ഭാഷാ സമര പോരാട്ടത്തിന് ജീവന്‍ നല്‍കിയ കുഞ്ഞിപ്പ പിറന്ന നാട്….
സ്വാതന്ത്ര്യ സമര രണഭൂമിയില്‍ വീരേതിഹാസം തീര്‍ത്തവരുടെ പിന്മുറക്കാര്‍ ഇവിടെ ചരിത്രം പുനരാവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ്. രാഷ്ട്ര രക്ഷക്കും സാമൂഹിക നവോത്ഥാനത്തിനും വേണ്ടി സച്ചരിതരായ നമ്മുടെ പൂര്‍വ്വികര്‍ ആയുഷ്‌കാലം മുഴുവനും വിനിയോഗിച്ചത് അറിവിന്റെ ഉജ്ജ്വല ശോഭ പരത്തുന്ന വിളക്കുമാടങ്ങളെ സൃഷ്ടിക്കാനായിരുന്നു…
വിദ്യക്ക് ഊടും പാവും നല്‍കിയ നമ്മുടെ പൂര്‍വ്വികരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഒരുങ്ങുകയാണ് കിഴക്കനേറനാട്ടില്‍ വാഫി ക്യാമ്പസ്. അറിവ് കൊണ്ട് ചക്രവാളങ്ങള്‍ കീഴടക്കാനും വിനയം കൊണ്ട് പുതുമകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ സഫലാമാകുന്നത്…ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ നമുക്ക് അഭിമാനിക്കാന്‍ ഒട്ടനവധി ചരിത്ര സ്മൃതികളുണ്ട്. സ്‌പെയിന്‍, ബാഗ്ദാദ്, അലക്‌സാണ്ട്രിയ, ഡമസ്‌കസ് തുടങ്ങിയവയെല്ലാം ഒരു കാലത്ത് ലോകം ഉറ്റു നോക്കിയിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു…. അനേകം തലമുറകള്‍ക്കു ദിശാബോധം നല്‍കിയ ധിഷണാശാലികളായ വ്യക്തിത്വങ്ങള്‍ക്കു ജന്മം നല്‍കിയ ഈ നാടുകള്‍ ഇന്ന് നഷ്ട പ്രതാപത്തിന്റെ ഓര്‍മകളായി മാറിയിരിക്കുന്നു. ഇബ്‌നു ഹൈസം, ഇബ്‌നുസീന, ഇമാം റാസി, അബാസ് ബിന്‍ ഫര്‍ണാസ…തുടങ്ങിയ മഹാരഥന്മാര്‍ക്കു തത്തുല്യരായ പിന്‍ഗാമിഗകളെ സൃഷ്ടിക്കാന്‍ കാലം കാത്തിരിക്കുകയാണ്. അനിവാര്യമായ ഈ മാറ്റത്തിന് വേണ്ടി മുസ്‌ലിം കേരളത്തിന്റെ സാദാത്തുക്കള്‍, കേരള മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയുടെ നേതാക്കള്‍, നല്ല സംരഭങ്ങള്‍ക്ക് എന്നും തണലായി മാറിയ ഉമറാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ഒരു വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തുകയാണ്.
മത ഭൗതിക വിദ്യാഭ്യാസം സമന്വയിച്ച് നടപ്പാക്കുന്ന അക്കാദമിക് കൂട്ടായ്മയായ സി.ഐ.സി.യുടെ കീഴില്‍ നിലവില്‍ ആറു വഫിയ്യാ (പെണ്‍കുട്ടികള്‍ക്ക്) സ്ഥാപനങ്ങളടക്കം 50 അഫ്‌ലിയേറ്റഡ് കോളജുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എസ്.എസ്.എല്‍.സിക്ക് ശേഷം പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കൂടെ യുജിസി അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റി ഡിഗ്രിയും നല്കുന്നു. ഭൗതിക മേഖലയില്‍ പ്ലസ്ടു തലത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ 3 ധാരകളും ബിരുദ ഘട്ടത്തില്‍ ബി.എ, ബി.കോം, ബി.എസ.്‌സി,എന്നിവയും പഠിപ്പിക്കപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയം കണ്ടെത്തിയ ഇസ്ലാമിക് ബാങ്കിംഗ്, മദ്യാസക്തിയും ലഹരി ഭ്രമവും ബാധിച്ചവരെ പിന്തിരിപ്പിക്കാനുള്ള പരിശീലനം (ബിഹേവിയറല്‍ സൈക്കോളജി) വിവാഹത്തിലേക്കു പ്രവേശിക്കുന്നവരെയും അവിവാഹിതരെയും ബോധവല്‍ക്കരിക്കാനുള്ള പരിശീലനം (പ്രീമാരിറ്റല്‍ കൗണ്‍സലേഴ്‌സ് ട്രൈനിംഗ്) തുടങ്ങിയവ പഠനത്തിന്റെ ഭാഗമാണ്. തംഹീദിയ്യ, ആലിയ, മുത്വവ്വല്‍ ( പ്രിപ്പറേറ്ററി, ഡിഗ്രി, പിജി ) എന്നീ അക്കാദമിക ഘട്ടങ്ങളിലായാണ് ഈ കോഴ്‌സ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. പി.ജി തലത്തില്‍ ഉസൂലുദ്ദീന്‍, ശരീഅ, ലാംഗ്വേജ് ആന്റ് കള്‍ച്ചര്‍ എന്നീ മൂന്ന് ഫാക്കല്‍റ്റികള്‍ക്ക് കീഴില്‍ 7 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കിയിട്ടുള്ളത.് വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടവിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കാന്‍ അവസരം നല്‍കുന്ന ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം വാഫിയിലൂടെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. കാലികമായ സിലബസ് പരിഷ്‌കരണത്തിലൂടെയും ചിട്ടയാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളിലൂടെയും സി.ഐ.സി, ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ 11 അക്കാദമിക് സംവിധാനങ്ങളുമായി വിവിധ തരത്തിലുള്ള സഹകരണം സാധ്യമാക്കിയിട്ടുണ്ട്. അതുവഴി വിജ്ഞാന ഗവേഷണത്തിന്റെ ഒരു വലിയ ലോകം നമ്മുടെ കുട്ടികള്‍ക്കു മുമ്പില്‍ തുറക്കപ്പെടുകയാണ്.
സ്ത്രീ വിദ്യാഭ്യാസത്തിന് വ്യവസ്ഥാപിതവും സമഗ്രവുമായ പുതിയ മുഖമാണ് വഫിയ്യ കോഴ്‌സിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വഫിയ്യയിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ഇസ്‌ലാം ഉള്‍കൊണ്ട പണ്ഡിതകളായി മാറുകയാണ്. വിജ്ഞാനം സമ്പാദനം ഓരോ സ്ത്രീയുടെയും പുരുഷന്റെയും ബാധ്യതയാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. സമൂഹ നിര്‍മ്മിതിയിലും തലമുറകളെ ഇസ്‌ലാമികമായി വളര്‍ത്തിയെടുക്കുന്നതിലും സ്ത്രീയുടെ ഉത്തരവാദിത്തവും പങ്കും മുന്നില്‍ കണ്ടാണ് വഫിയ്യ സിലബസ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണിയിലെത്താന്‍ സാമൂഹ്യ ചുറ്റുപാടുകള്‍ പ്രതികൂലമായത് കാരണം സ്ത്രീകള്‍ക്ക് സാധിച്ചിരുന്നില്ല. വഫിയ്യ കോഴ്‌സ് ഇതിന് പരിഹാരവും വിദ്യാഭ്യാസത്തിന്റെ നവീന മാതൃകയുമാണ്. ആഇശ ബീവി (റ), റാബിയത്തുല്‍ അദവിയ്യ, നഫീസത്തുല്‍ മിസ്‌റിയ്യ അടക്കമുള്ള മഹതികള്‍ കാണിച്ച് തന്ന സ്ത്രീ ശാക്തീകരണത്തിന്റെ മഹിതമായ മാതൃകയാണ് വഫിയ്യയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് മത വിഷയങ്ങളില്‍ ബിരുദവും ഹോംസയന്‍സിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളായ ശൈശവ മനശാസ്ത്രം, ശാരീരിക വളര്‍ച്ച, വ്യക്തിത്വ വികസനം, കുടുംബ ജീവിതം, സാമൂഹിക വികസനം, രോഗ പ്രതിരോധം തുടങ്ങിയവയും ഭൗതിക വിഷയങ്ങളില്‍ യുജിസി അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്നു. വാഫി ക്യാമ്പസില്‍ അത്യാധുനിക സൗകര്യത്തോടെ പുതിയ വഫിയ്യ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. സ്ത്രീ പാണ്ഡിത്യത്തിന് അടിത്തറയിടുന്ന ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സമൂഹം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം.
സാമൂഹിക സേവനത്തിന് സി.ഐ.സി നല്‍കുന്ന പരിഗണന പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഡിഗ്രിതല പഠനത്തന്റെ ഭാഗമായി ഇത് ഉള്‍പ്പെടുത്തിയത് കോഴ്‌സിന്റെ മാനവിക മുഖം കൂടുതല്‍ പ്രകടമാക്കുന്നു. നാനാതരം മത വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടായ നമ്മുടെ ഇന്ത്യയില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉയര്‍ന്ന് വരേണ്ടത് അനിവാര്യമാണ്. വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും നിലനല്‍ക്കുന്നതോടൊപ്പം തന്നെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി നിലനില്‍ക്കുന്നത് അവര്‍ക്കിടയിലുള്ള പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഫലമാണ്. മതേതര ഭാരതത്തിന്റെ അഖണ്ഢതയും ലോകസമാധാനവും വിഭാവനം ചെയ്യുന്ന തരത്തിലാണ് വാഫി സിലബസ്സ് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഓരോ മതത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ വാഫി വിദ്യാര്‍ത്ഥികള്‍ വിശകലനം ചെയ്ത് പഠിക്കുന്നു. ഈജിപ്തിലെ കൈറോ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഗവേഷണത്തിനു തെരെഞ്ഞെടുത്ത വിഷയങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിലേക്കും വൈവിധ്യത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു. ശ്രീ ശങ്കരന്റെ അദൈ്വത സിദ്ധാന്തവും ബുദ്ധമതത്തിലെ സന്യാസവും സിഖുമത രൂപീകരണത്തില്‍ ഇസ്‌ലാമിന്റെയും ഹിന്ദുമതത്തിന്റെയും സ്വാധീനം എന്നിവ അവയില്‍ ചിലതാണ്. വാഫി മുന്നോട്ടു വെക്കുന്ന ഈ ബഹുസ്വരതയുടെ പാഠങ്ങള്‍ മനസ്സിലാക്കിയിട്ടാവണം അമുസ്‌ലിംകള്‍ പോലും വാഫി ക്യാമ്പസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
നിറവാര്‍ന്ന ഈ പഠന രീതിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികമാണ് പഠിക്കുന്ന കുട്ടികളുടെ എണ്ണം. ഇതിനുള്ള എളിയ പരിഹാരമാണ് കാളികാവില്‍ അക്കരപ്പീടിക ബാപ്പുഹാജി എന്നന്നേക്കുമായി തന്റേതാക്കി മാറ്റിയ പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന വാഫി ക്യാമ്പസ്. നാല്‍പത് കോടി ചെലവ് കണക്കാക്കപ്പെടുന്ന ക്യാമ്പസിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കി വാഫി പി.ജി വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠനം ആരംഭിക്കുകയാണ്. വരും ദിനങ്ങളില്‍ സഹസ്ഥാപനങ്ങളില്‍ നിന്നായി അറിവിന്റെ ഉറവതേടിയെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട പഠന താമസ സൗകര്യങ്ങള്‍ ഇനിയും തയ്യാറാക്കേണ്ടതുണ്ട്. കിഴക്കനേറനാട്ടില്‍ ഉയര്‍ന്നുവരുന്ന ക്യാമ്പസ് മുസ്‌ലിം ലോകത്തിന് തന്നെ അഭിമാനമാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ നാഴികക്കല്ലായി മാറാനിരിക്കുന്ന ഈ സംവിധാനത്തിന് നമ്മുടെ സര്‍വ്വാത്മനായുള്ള സഹകരണം ആവശ്യമാണ്. ഈ മഹായജ്ഞത്തിന് നമ്മുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും പിന്തുണയും ആവശ്യമുണ്ട്, സഹായിക്കുക സഹായിപ്പിക്കുക, നാഥന്‍ അനുഗ്രഹിക്കട്ടെ.