മാഡ്രിഡ്: കരീം ബെന്‍സീമ നേടിയ ഇരട്ട ഗോളുകള്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ജയന്റ്‌സിനെ രക്ഷിക്കാനായില്ല. ജര്‍മ്മന്‍ ക്ലബ്ബ് ബറൂഷ്യ ഡോട്മണ്ട് റയലിനെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ 2-2ന് തളച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലീസസ്റ്റര്‍ സിറ്റിയെ എഫ്.സി പോര്‍ട്ടോ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തി വിട്ടു. മറ്റൊരു ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സി.എസ്.കെ.എ മോസ്‌കോയെ 3-1ന് കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ തളച്ചതോടെ ബറൂഷ്യ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 2-1ന് മുന്നിട്ടു നിന്ന റയലിനെ ഞെട്ടിച്ചു കൊണ്ട് പിയറി എമറിക് ഓബയാങിന്റെ പാസില്‍ റിയസ് ആണ് ബറൂഷ്യയുടെ സമനില ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഏറെ സാധ്യതകള്‍ റയലിന് കല്‍പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കു താണത്. ഡോട്മണ്ട് സ്‌ട്രൈക്കര്‍ ഓബമെയാങ് കരീം ബെന്‍സീമയ്ക്കു പകരം റയലിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റയലിനു വേണ്ടി ബെന്‍സീമ ഇരട്ട ഗോളുകള്‍ നേടുന്നതും റയലിന്റെ വിധി നിര്‍ണയിച്ചു കൊണ്ട് ഒബയാങ് പന്ത് വലയിലാക്കുന്നതും.
സമനിലയോടെ തോല്‍വി അറിയാത്ത റയലിന്റെ പ്രയാണം 34 മത്സരങ്ങളായി വര്‍ധിച്ചു. ഇതോടെ റയല്‍ കോച്ച് സിനഡിന്‍ സിദാന്‍ ലിയോ ബീന്‍ഹാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ആദ്യ പകുതി പൂര്‍ണമായും വരുതിയിലാക്കിയത് റയലായിരുന്നു. 28-ാം മിനിറ്റില്‍ ഡാനി കാര്‍വായലിന്റെ ക്രോസില്‍ നിന്നും ബെന്‍സീമ ആദ്യ ഗോള്‍ നേടി. പലപ്പോഴും ഡോര്‍ട്മണ്ടിന്റെ ഗോള്‍മുഖം വരെ റയല്‍ താരങ്ങള്‍ ഇരച്ചു കയറിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം കീഴടക്കാനായില്ല. രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്നും ബെന്‍സീമ റയലിന്റെ രണ്ടാം ഗോള്‍ നേടി. സ്‌കോര്‍ 2-0. ബറൂഷ്യ രണ്ടു ഗോളിന് പിന്നിട്ടതോടെ പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതാണ് കണ്ടത്. 60-ാം മിനിറ്റില്‍ ഓബമെയാങ് ഡോര്‍ട്മണ്ടിനു വേണ്ടി ആദ്യ ഗോള്‍ നേടി. മത്സരം റയല്‍ കൈപിടിയിലൊതുക്കുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി റിയസ് റയലിന്റെ വല ചലിപ്പിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബറൂഷ്യ (21 ഗോളുകള്‍) സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി ആദ്യ അഞ്ച് കളികളില്‍ തോല്‍വിയറിയാതെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
എന്നാല്‍, എഫ് സി പോര്‍ട്ടോക്ക് ലീസസ്റ്ററിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥ. ഹോം ഗ്രൗണ്ടില്‍ 5-0ന് അവര്‍ തകര്‍പ്പന്‍ ജയവുമായി നോക്കൗട്ടിലേക്ക് കുതിച്ചപ്പോള്‍ ലീസസ്റ്ററിന്റെ ആത്മവിശ്വാസത്തിനേറ്റ വലിയ അടിയായി ഇത്.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്‌കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടനം ഹോസ്പര്‍ യൂറോപ ലീഗ് ബെര്‍ത് സ്വന്തമാക്കി. ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനമാണ് ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പില്‍ രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപലീഗയിലേക്കുള്ള ഈ ഡയറക്ട് എന്‍ട്രി. തുടരെ ആറാം സീസണിലാണ് ടോട്ടനം യൂറോപ ലീഗ് കളിക്കുന്നത്.
അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് കളിച്ച ടോട്ടനത്തിന് നോക്കൗട്ട് കാണാതെയുള്ള പുറത്താകല്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി 14,15,21,22 തീയതികളില്‍ ആദ്യപാദവും മാര്‍ച്ച് 7,8,14,15 ന് രണ്ടാം പാദവും നടക്കും.