Connect with us

kerala

മനസ്സിലെന്നും മലപ്പുറം; നന്ദി പറഞ്ഞു പടിയിറങ്ങി മലപ്പുറം ജില്ലാ കളക്ടർ

ഇനി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിയാണ് നിയമനം.പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.

Published

on

മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നാളെ വൈകിട്ടോടെ മലപ്പുറം ജില്ലാ കലക്ടർ സ്ഥാനമൊഴിയും.ഇനി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിയാണ് നിയമനം.പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.

മലപ്പുറത്തിന് നന്ദി പറഞ്ഞു കലക്ടർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം

 

പ്രിയപ്പെട്ടവരെ,

സര്‍ക്കാര്‍ ഏല്പിച്ച പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി നാളെ ( വെള്ളി) ഞാന്‍ മലപ്പുറം ജില്ല കലക്ടര്‍ സ്ഥാനം ഒഴിയുകയാണ്. സിവില്‍ സര്‍വീസിലെ സംഭവബഹുലമായ ഒരു ഘട്ടത്തിലൂടെയാണ് ഒരു വര്‍ഷവും മൂന്ന് മാസവുമായി ഞാന്‍ കടന്നുപോയതെന്ന കാര്യം ഒന്നുകൂടി ഓര്‍ക്കുന്നു. കോവിഡ് മഹാമാരി, മഴക്കെടുതികള്‍, പ്രളയപുനരധിവാസം, വിമാനാപകടം തുടങ്ങി പല പരീക്ഷണങ്ങള്‍.

ഞാന്‍ കലക്ടറായി ചുമതലയേറ്റ ദിവസങ്ങളിലാണ് മലപ്പുറം ജില്ല അകാരണമായി ഒരു തെറ്റിദ്ധാരണയിലേക്ക് ബോധപൂര്‍വം വലിച്ചെറിയപ്പെട്ടത്. പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കടിച്ച ഗര്‍ഭിണിയായ ആന വേദന കടിച്ചമര്‍ത്തി ദാരുണാന്ത്യം വരിച്ച സംഭവം. ദേശീയതലത്തില്‍ തന്നെ നമുക്കെതിരായ പ്രചാരണം ശക്തമായി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ പടര്‍ത്തിവിട്ടു. പിന്നീട് തെറ്റിദ്ധാരണ നീങ്ങിയെങ്കിലും എക്കാലവും നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്നതെന്തുകൊണ്ടാണെന്ന വേദന എന്റെ മനസ്സില്‍ വിങ്ങുന്നുണ്ടായിരുന്നു. ഒട്ടും സന്തോഷകരമായ അനുഭവമല്ലെങ്കിലും ആ തെറ്റിദ്ധാരണ നമ്മള്‍ രണ്ട് മാസത്തിനകം തന്നെ തിരുത്തി. കാലിക്കറ്റ് എയര്‍പോര്‍ട്ടിലുണ്ടായ വിമാന ദുരന്തവും രക്ഷാപ്രവര്‍ത്തനവും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറത്തിന്റെ നന്മ പ്രകീര്‍ത്തിക്കപ്പെട്ടു. ആളിക്കത്താനിടയുള്ള അഗ്നിയേയും കോവിഡിനെയും അവഗണിച്ച് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് അന്ന് എയര്‍പോര്‍ട്ടില്‍ മലപ്പുറത്തെ മനുഷ്യര്‍ കാഴ്ചവച്ചത്. ആ ദുരന്തത്തിന് സാക്ഷിയാവേണ്ടിവന്നതിന്റെ വേദനയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഒരു പുണ്യമായിത്തന്നെ കരുതുന്നു.

എയര്‍പോര്‍ട്ട് അപകടത്തിനുശേഷം ഞാനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കോവിഡ് ബാധിതരായി. കോട്ടയ്ക്കലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജില്ലയുടെ ഭരണം നിയന്ത്രിക്കേണ്ടിവന്നു. ഇക്കാര്യത്തിൽ സഹപ്രവർത്തകരും പൊതുജനങ്ങളും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. ഇതെല്ലാം എന്നും എന്നോടൊപ്പമുണ്ടാകുന്ന വൈകാരികാനുഭവങ്ങളായിരിക്കും.

ചുമതലയേറ്റ ദിവസം മുതൽ ജില്ലയിലെ വിവിധ പ്രശ്നങ്ങളിലും വികസന പ്രവർത്തനങ്ങളിലും പൊതുജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ക്രിയാത്മക ഇടപെടൽ നടത്തിയിട്ടുണ്ട് . ഏറ്റവുമൊടുവില്‍ കണ്ടംകുഴി കോളനി നിവാസികള്‍ക്ക് വേണ്ടി പണിത വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് ചാരിതാര്‍ഥ്യത്തോടെയാണ് മലപ്പുറത്തോട് വിട പറയുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ്, നിയമസഭാതെരഞ്ഞെടുപ്പ്, ലോകസഭ ഉപതെരത്തെടുപ്പ് തുടങ്ങിയ ഭാരിച്ച ചുമതലകളും ഈ ദുരിത കാലത്തുതന്നെ പരാതികളില്ലാതെ പൂര്‍ത്തിയാക്കാനായി .

കോവിഡ് രണ്ടാം തരംഗത്തില്‍ നാട് നേരിട്ടത് ഓക്‌സിജന്‍ ദൗര്‍ലഭ്യമായിരുന്നു. അത് പരിഹരിക്കാന്‍ മലപ്പുറത്തിന്റെ പ്രാണവായു എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടു. മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നുണ്ടായത്. ജൂലൈ ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ടുമാസത്തിനകം 8 കോടി രൂപയുടെ മുകളിൽ മെഡിക്കല്‍ ഉപകരണങ്ങളുമായി ലക്ഷ്യപ്രാപ്തിയിലെത്തി.

മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായിട്ടിരുന്നു സിവില്‍ സര്‍വീസിന്റെ തുടക്കം. ആ അനുഭവം തന്നെയായിരുന്നു കലക്ടറായി ചുമതലയേറ്റുള്ള എന്റെ രണ്ടാം വരവിലും ഊര്‍ജമായത്. ഈ ജില്ലയുടെ സ്‌നേഹവായ്പ്പ് ഒരിക്കലും മറക്കാനാവില്ല. അത് സിവില്‍ സര്‍വീസിന്റെ ഭാഗമായി നിര്‍വഹിച്ച ചുമതലകളുടെ ഓര്‍മകള്‍ മാത്രമല്ല. വ്യക്തിപരവും വൈകാരികവുമായ അനുഭവങ്ങളുടെ സ്‌നേഹസ്പര്‍ശനമാണത്. വികസനത്തിന്റെ ചിറകില്‍ അതിവേഗം കുതിക്കുന്ന ജില്ലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്. നിങ്ങള്‍ക്ക് നന്മ വരട്ടെ… കൂടുതല്‍ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എനിക്കും സാധ്യമാവട്ടെ. അതിനായി നിങ്ങളുടെ പ്രാര്‍ഥന എന്നോടൊപ്പമുണ്ടെന്ന പ്രതീക്ഷയോടെ ഞാന്‍ യാത്ര ചോദിക്കുകയാണ്. കൂടെ നിന്ന ജനപ്രതിനിധികളോട്, പ്രതികൂല ഘട്ടങ്ങളിലും ഒപ്പം നിന്ന സഹപ്രവർത്തകരോട്, വികസനോന്മുഖ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, മലപ്പുറത്തിന്റെ സാഹോദര്യത്തോട്….

സ്നേഹപൂർവ്വം

കെ.ഗോപാലകൃഷ്ണൻ ഐ എ എസ്
ജില്ലാ കളക്ർ മലപ്പുറം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

 

Continue Reading

kerala

ശബരിമല മകരവിളക്ക്: ഗവിയിൽ യാത്രാനിയന്ത്രണം; കാനനപാതയിൽ 14 വരെ പ്രവേശനമില്ല

Published

on

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളേർപ്പെടുത്തി. ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13ന് 50,000, 14 ന് 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.

ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.

ജനുവരി 12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അയിരൂര്‍ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കാനനപാതയിൽ 14വരെ പ്രവേശനമില്ല

കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ മകരവിളക്ക് ദിവസമായ 14 വരെ തീർത്ഥാടകർക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ ഈ ദിവസങ്ങളിൽ അനുമതി. തീർത്ഥാടകരെ മുക്കുഴിയിൽ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കൽ വഴി മാത്രമേ ഈ ദിവസങ്ങളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂ.

പമ്പയിൽ പ്രവർത്തിച്ചുവന്ന സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്കു മാറ്റി. ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് 1000 മാത്രം. 12ന് രാവിലെ 8 മുതൽ 15ന് ഉച്ചയ്ക്ക് 2 വരെ പമ്പ ഹിൽടോപ്പിൽ പാർക്കിങ് അനുവദിക്കില്ല. തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ചാലക്കയത്തു പാർക്കിങ് ഒരുക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് ഒട്ടേറെപ്പേർ കാൽനടയായി എത്തുന്നതിനാൽ വലിയാനവട്ടത്ത് ബാരിക്കേഡ് നിർമിച്ചു.

ഗവിയില്‍ നിയന്ത്രണം

മകരവിളക്കിന്റെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 12 മുതല്‍ 15 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കയറ്റി വിടില്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

തീർത്ഥാടകർക്ക് മടങ്ങാൻ 800 ബസ്

മകരവിളക്ക് ദർശനത്തിനുശേഷം പമ്പയിൽനിന്നു തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനുശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.

മകരവിളക്ക് ദിനത്തിലെ തിരക്ക് പരിഗണിച്ച് നിലയ്ക്കൽ നിന്നും ദീർഘ ദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർത്ഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു.

Continue Reading

kerala

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്

Published

on

മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു.

Continue Reading

Trending