കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം. കൊല്ലം സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 4.45 ലക്ഷം രൂപ പിഴയായും ഈടാക്കും. മണിയന്‍പിള്ളയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാനും ഉത്തരവായി.
മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജോയിയെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് വിധി. കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് വധശിക്ഷ നല്‍കേണ്ടെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ മതിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മണിയന്‍ പിള്ളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കോടതി വളപ്പില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴികവാക്കുന്നതിന് വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതെന്നാണ് പൊലീസ് നിലപാട്.