X

ഭൂമിയുടെ രക്ഷക്ക് ഭാവിയുടെ ഊര്‍ജം- എഡിറ്റോറിയല്‍

ജീവിതം സുഖപ്രദവും ആയാസരഹിതവുമാക്കാനുള്ള വ്യഗ്രതയിലാണ് മനുഷ്യരാശി. വികസന സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള കുതിപ്പ് പക്ഷേ, ഊര്‍ജം ചോര്‍ന്ന് കിതച്ചു തുടങ്ങിയത് ആശങ്കയോടെയാണ് ലോകം തിരിച്ചറിയുന്നത്. വറ്റിത്തുടങ്ങിയ പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളില്‍ കടിച്ചു തൂങ്ങിയുള്ള യാത്ര ഇനി എത്ര കാലമെന്ന ചോദ്യം ശക്തമാണ്. പുതുക്കപ്പെടാന്‍ സാധിക്കാത്തതും അവശേഷിക്കുന്നവയുടെ ഉപയോഗം പാരിസ്ഥിതിക ദുരന്തത്തിനിടയാക്കുമെന്ന മുന്നറിയിപ്പും പുതിയ ഊര്‍ജ സ്രോതസ്സുകള്‍ അന്വേഷിക്കാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്നുണ്ട്. ആഗോള താപനത്തിനും തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിനും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടേ പറ്റൂ. ഇവിടെയാണ് ഭാവിയുടെ ഊര്‍ജ രൂപമായി യു.എസ് ശാസ്ത്രജ്ഞര്‍ ആണവ സംയോജനത്തെ മുന്നോട്ടുവെക്കുന്നത്. ആണവോര്‍ജത്തെ ക്രിയാത്മകമായും ഗുണകരമായും പ്രയോജനപ്പെടുത്താമെന്നാണ് അവരുടെ കണ്ടെത്തല്‍. ആണവ വിഭജനത്തിനുപകരം ആണവ സംയോജനത്തിലൂടെ (ന്യൂക്ലിയര്‍ ഫ്യൂഷന്‍) പരിസ്ഥിതി സൗഹൃദ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍ അന്തരീക്ഷത്തിലെത്തിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യഹേതുവാണ്. പെട്രോളിന്റെയും കല്‍ക്കരിയുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുകയാണ് ഭൂമിയെ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ശാസ്ത്രം ഏകകണ്‌ഠ്യേന സമ്മതിക്കുമ്പോഴും പകരം വെക്കാനുള്ള ഊര്‍ജ രൂപം എന്തെന്ന ചോദ്യത്തിന് ഉത്തരമായി ആണവോര്‍ജത്തിലേക്കാണ് വിരല്‍ ചൂണ്ടാറുള്ളത്. പക്ഷേ, പേടിയോടെ മാത്രമേ അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും ലോകത്തിന് സാധിക്കൂ. ഹിരോഷിമ, നാഗസാക്കി നഗരങ്ങളെ ചുട്ടെരിച്ച അണുബോംബും ചെര്‍ണോബില്‍ ദുരന്തവും ഓര്‍ക്കുമ്പോള്‍ ആരും ആ വഴിക്ക് പോകില്ല. ആണവ വിഭജനം (ന്യൂക്ലിയര്‍ ഫിഷന്‍) എന്ന പ്രക്രിയയിലൂടെയാണ് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയടക്കം പ്രമുഖ രാജ്യങ്ങള്‍ക്കെല്ലാം ആണവ നിലയങ്ങളുണ്ട്. അണുവിനെ വിഘടിപ്പിച്ച് ഊര്‍ജം പുറത്തുവിടുന്ന ന്യൂക്ലിയര്‍ ഫിഷന്‍ മഹാദുരന്തത്തില്‍ അവസാനിക്കാന്‍ ചെറിയൊരു കൈപ്പിഴ മതി.

എന്നാല്‍ കുറഞ്ഞ ചെലവില്‍ ആണവ സംയോജനം സാധ്യമാകുമെന്നാണ് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടി പറയുന്നത്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഇല്ലാത്തതിനാല്‍ പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഹാനികരമായ പ്രശ്‌നങ്ങളൊന്നും ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉണ്ടാക്കുന്നില്ല. യുറേനിയവും പ്ലൂട്ടോണിയവും ഉപയോഗിച്ചുള്ള ആണവ വിഭജന പ്രക്രിയയിലൂടെ ഉടലെടുക്കുന്ന അവശിഷ്ടങ്ങള്‍ക്കും വികിരണ ശേഷി കൂടുതലാണ്. ആണവ സംയോജനത്തിന് ഇത്തരം അപകടങ്ങളൊന്നുമില്ലെന്നതുകൊണ്ട് ന്യൂക്ലിയര്‍ ഫ്യൂഷന്‍ വാഗ്ദാനം ചെയ്യുന്നത് ആണവ ശുദ്ധോര്‍ജമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നതും ഇതിനെ കൂടുതല്‍ ആകര്‍ഷമാക്കുന്നുണ്ട്.

പക്ഷേ, ആണവ സംയോജന ഊര്‍ജം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുരുങ്ങിയത് മുപ്പത് വര്‍ഷമെങ്കിലും കാത്തിരിക്കണം ഇത് യാഥാര്‍ത്ഥ്യമാകാനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഉടലെടുക്കുന്ന വലിയ അളവിലുള്ള ചൂടും മര്‍ദ്ദവും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദത്തിന് തടസങ്ങള്‍ സൃഷ്ടിക്കും. ആണവ സംയോജനത്തിനുള്ള സാങ്കേതിക തടസങ്ങള്‍ എങ്ങനെ നേരിടാന്‍ സാധിക്കുമെന്നാണ് ശാസ്ത്രം ഇപ്പോള്‍ ചിന്തിക്കുന്നത്. ചൂടിനെ ഫലപ്രദമായി പുറം തള്ളാന്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ആ വഴിക്ക് പരീക്ഷണങ്ങള്‍ ഇനിയും തുടരേണ്ടിയിരിക്കുന്നു. അത്രയും കാലം ലോകത്തിന് കാത്തിരിക്കേണ്ടിവരുമെങ്കിലും വിദൂരമല്ലാത്ത ഭാവിയില്‍ പുതിയൊരു ഊര്‍ജ രൂപം മനുഷ്യരാശിയുടെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

Test User: