മന്ദ്‌സൗര്‍: ബീഫ് കടത്തി എന്നാരോപിച്ച് മുസ്‌ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ മര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു മുസ്‌ലിം യുവതികളെയാണ് വര്‍ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതികള്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനത്തിന് ഇരയായത്.
വില്‍പനക്കായി ജൗറയില്‍ നിന്നും മന്ദ്‌സൗറിലേക്ക് ഇവര്‍ ബീഫ് കൊണ്ടുപോകുന്നു എന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ഇവരെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. ‘സ്ത്രീകളെ ചുറ്റിപ്പറ്റി വലിയൊരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ഇതില്‍ ചില സ്ത്രീകള്‍ മുസ്‌ലിം യുവതികളെ അടിക്കുകയായിരുന്നു.
രണ്ടു സ്ത്രീകളും തറയില്‍ വീഴും വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന ചില പോലീസുകാര്‍ മര്‍ദ്ദിക്കുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.’ സംഭവത്തിനു സാക്ഷിയായ ഒരാള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. അരമണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് പോലീസുകാര്‍ യുവതികളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
പോത്തിറച്ചി കടത്തിയതിന് പോലീസ് യുവതികള്‍ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. യുവതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.