ഗഫൂര്‍ കോല്‍കളത്തില്‍
2017ല്‍ ആരംഭിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ ഇന്നും വീടിനായി കാത്തിരിപ്പ് തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിവരുന്ന ലൈഫ് ഭവന പദ്ധതിയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിര്‍ധന കുടുംബങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം കുടുംബങ്ങളാണ് അഞ്ചു വര്‍ഷമായി സ്വന്തമായി വീടിനു വേണ്ടി കാത്തിരുന്നത്. അന്തിമ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് നാലര ലക്ഷം കുടുംബങ്ങളാണ്. ലൈഫ് പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വാടക വീടുകളിലും ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡുകളിലും ജീവിതം തള്ളിനീക്കിയ പാവപ്പെട്ടവരുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലൈഫ് അന്തിമ ഗുണഭോക്തൃ ലിസ്റ്റില്‍ സംസ്ഥാനത്ത് 3,11,133 പേരെയാണ് ഭൂമിയുള്ള ഭവന രഹിതരായി കണ്ടെത്തിയിരിക്കുന്നത്. 1,51,478 പേരെ ഭൂമിയില്ലാത്ത ഭവനരഹിതരുമായും നിജപ്പെടുത്തി. 2020 ല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സ്വീകരിച്ചപ്പോള്‍ 9,20,260 പേര്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നു. വിവിധ പരിശോധനകള്‍ക്കും രണ്ടു ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കിയാണ് 4,62,611 പേരുടെ പുതിയ ലിസ്റ്റ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. അപേക്ഷ നല്‍കിയവരില്‍ 50 ശതമാനം പേര്‍ മാത്രമാണ് അര്‍ഹതാ ലിസ്റ്റില്‍ ഇടംപിടിച്ചത്. എന്നാല്‍ ഇവര്‍ക്ക് പോലും വീട് കിട്ടുമോ എന്നതില്‍ ഇനിയും ഉറപ്പില്ല.
2016-17 വാര്‍ഷിക പദ്ധതി വരെ തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്ലാന്‍ ഫണ്ടില്‍ ഓരോ വര്‍ഷവും ഭവന പദ്ധതികള്‍ നടപ്പാക്കിവന്നിരുന്നു. ഓരോ സ്ഥാപനവും ലഭിക്കുന്ന തുകക്ക് അനുസരിച്ചു ഇതിനായി തുക മാറ്റിവെക്കും. കൂടാതെ തനത് ഫണ്ട് ഉപയോഗിച്ചും ഭവന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 2017-18 ഓടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി തുടങ്ങുന്നത്. എല്ലാ ഭവന പദ്ധതികളും സംയോജിപ്പിച്ചുകൊണ്ടാണ് ലൈഫ് പദ്ധതിക്ക് തുടക്കമാവുന്നത്. ഇതോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും നടത്തിവന്നിരുന്ന എല്ലാ ഭവനപദ്ധതികളും നിര്‍ത്തലാക്കുകയും ഓരോ തദ്ദേശ സ്ഥാപനവും പദ്ധതി വിഹിതത്തിന്റെ ഇരുപത് ശതമാനം തുക ലൈഫിനു വേണ്ടി മാറ്റിവെക്കുകയുമായിരുന്നു. 2017 ല്‍ ആരംഭിച്ച ലൈഫിന്റെ ഭാഗമായി 2021ല്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തികരിച്ചു എന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. നാലര വര്‍ഷം കൊണ്ടാണിതെന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഈ കണക്കുകള്‍ സംബന്ധിച്ച് അവ്യക്തതയുള്ളതായി ആക്ഷേപം ഉയര്‍ന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പുറത്തുവന്നില്ല. എണ്ണം പെരുപ്പിച്ചു കാണിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനും മറുപടി ഉണ്ടായില്ല. നാലര വര്‍ഷം കൊണ്ട് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിനെ രാജ്യത്തിനുതന്നെ മാതൃകയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ നാല് വാര്‍ഷികപദ്ധതി കാലം കൊണ്ട് രണ്ടര ലക്ഷം വീടുകള്‍ നല്‍കിയെന്നു പറയുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് ഭവനപദ്ധതിയിലൂടെ വീടുകള്‍ നല്‍കിയിരുന്നുവെന്നകാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു. 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാര്‍ഡുകളും 87 നഗരസഭകളിലെ 3122 ഡിവിഷുകളും ഉള്‍പ്പെടെ 19084 വാര്‍ഡുകളില്‍ പ്രതിവര്‍ഷം അഞ്ചു മുതല്‍ പത്ത് വരെ വീടുകള്‍ നല്‍കിയിരുന്നു. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ ഗുണഭോക്തൃ ലിസ്റ്റ് കൂടി ഉള്‍പ്പെടെ ഇങ്ങനെ കണക്കാക്കുമ്പോള്‍ ഒരു സാമ്പത്തിക വര്‍ഷം ശരാശരി ഒന്നര ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കും. നാല് വര്‍ഷത്തേക്ക് ആറ് ലക്ഷം പേര്‍ക്ക് വീട് വെക്കാന്‍ സഹായം ലഭിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് വീട് എന്ന സ്വപനം മണ്ണായി മാറിയത്. 2017 ലെ കുടുംബശ്രീ സര്‍വേക്ക് ശേഷം ലൈഫിന് വേണ്ടി കാത്തിരുന്നവരാണ് 2020 ല്‍ ഓണ്‍ലൈന്‍ അപേക്ഷ അവസരമായി കരുതിയത്. രണ്ടു ഘട്ടങ്ങളിലായി ഒമ്പത് ലക്ഷത്തി ഇരുപത്തിനായിരത്തില്‍പരം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. വീട് ഇല്ലാത്തവരും ആവശ്യമുള്ളവരുമായ എല്ലാവര്‍ക്കും ഈ സമയത്തും അപേക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതും ആ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം എന്ന നിബന്ധനയും 2020 ജൂലൈക്കു മുമ്പുള്ള റേഷന്‍ കാര്‍ഡ് ആയിരിക്കണമെന്ന വ്യവസ്ഥയും ഇതിന് പ്രധാന കാരണമാണ്. വിവിധ തരത്തിലുള്ള പരിശോധനകള്‍ നടക്കുമ്പോഴൊക്കെ സര്‍ക്കാര്‍ ഓഫീസുകളും ഓണ്‍ലൈന്‍ കേന്ദ്രങ്ങളും കയറിയിറങ്ങിയ കുടുംബങ്ങള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2017ല്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന്‌ശേഷം ഗ്രാമ സഭാ അംഗീകാരം നല്‍കുകയായിരുന്നെങ്കില്‍ ഇക്കുറി രണ്ടാം ഘട്ട അപ്പീലിനും ആക്ഷേപങ്ങള്‍ക്കും ശേഷം ഇറക്കിയ കരട് ലിസ്റ്റ് ഓഗസ്റ്റ് ആദ്യവാരത്തോടെ ഗ്രാമസഭകളില്‍ അംഗീകരിച്ചാണ് 16 ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപ്പീലുകള്‍ നല്‍കിയിട്ടും ലിസ്റ്റില്‍ ഇടം കിട്ടാതെ പോയവരെ ഗ്രാമ സഭകളില്‍ കൂട്ടി ചേര്‍ക്കാം എന്ന് നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഒട്ടു മിക്ക ഗ്രാമസഭാ മിനുട്ട്‌സുകളിലും വിട്ടുപോയവരുടെ ലിസ്റ്റ് ഉള്‍പ്പെടുത്താന്‍ തീരുമാനമായെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടില്ല.
2020 ജൂലൈ 21 ന് മുമ്പുള്ള റേഷന്‍ കാര്‍ഡാണിതിന്ന് അടിസ്ഥാന മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. ലിസ്റ്റ് ഫൈനല്‍ ചെയ്യാന്‍ രണ്ട് വര്‍ഷ കാലതാമസം. ഇത് കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ഇപ്പോഴത്തെ ലിസ്റ്റിലും ഉള്‍പ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ലിസ്റ്റില്‍ വരാന്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടിവരും. വീട് ഇല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം എന്നാണ് ലൈഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു മുഖ്യമാന്ത്രിയും സര്‍ക്കാറും ലൈഫ് മിഷനും പറയുമ്പോഴും ലൈഫിന്റെ മാനദണ്ഡങ്ങള്‍ ഇതിനു വിപരീതമാണ്. ‘ലൈഫ് 2020’ പത്തും അതില്‍ കൂടുതലും വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കു ഇനിയും പ്രതീക്ഷയില്ല. ലിസ്റ്റില്‍ ഒമ്പത് ക്ലേശ ഘടകങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ പ്രയോറിറ്റി ലിസ്റ്റില്‍ പിന്നിലാണ്. ക്ലേശ ഘടകങ്ങള്‍ക്കുശേഷം പ്രായം പരിഗണിച്ചാണ് മുന്‍ഗണന കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ലോഡ് സമയത് വയസ് നല്‍കാത്തവരും തെറ്റായി ചേര്‍ത്തവരും ലിസ്റ്റില്‍ പിന്നിലായി. യഥാര്‍ഥത്തില്‍ അപേക്ഷകരുടെ ജീവിത സാഹചര്യം പരിശോധിച്ചാണ് മുന്‍ഗണന പരിഗണിക്കേണ്ടിയിരുന്നത്. 2020 ല്‍ ആരംഭിച്ച ലിസ്റ്റ് തയാറാക്കല്‍ നടപടി ഇത്രയും വൈകിയ സാഹചര്യത്തില്‍ 2021 ഡിസംബര്‍ വരെയുള്ള റേഷന്‍ കാര്‍ഡ് ഉടമകളെകൂടി ഉള്‍പ്പെടെ വീടില്ലാത്തവരും അപേക്ഷ നല്‍കാന്‍ കഴിയാതെ പോയവര്‍ക്കും ഒരു അവസരം നല്‍കണമായിരുന്നു.
പുതിയ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും ഇതുവരെ വന്നിട്ടില്ല. ഓരോ സാമ്പത്തിക വര്‍ഷം എത്ര പേരെ പരിഗണിക്കുമെന്നോ ലിസ്റ്റിലെ എല്ലാവര്‍ക്കും എന്ന് വീട് കിട്ടുമെന്നോ വ്യക്തമല്ലാത്ത ലൈഫില്‍ ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് ഗുണഭോക്താക്കള്‍ ചോദിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വര്‍ഷാ വര്‍ഷം ചെലവഴിക്കേണ്ടിയിരുന്ന തുക ചെലവഴിക്കപ്പെടാതെ പോവുകയും തദ്ദേശ സ്ഥാപനങ്ങള്‍ ഈ തുക മാറ്റിവെക്കുകയും ചെയ്‌തെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ തുക കണ്ടെത്തുക സര്‍ക്കാരിന് വലിയ ബാധ്യത തന്നെയാണ്. പഞ്ചായത്ത് രാജ് പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്ന ഗ്രാമസഭകളുടെ അധികാരം കവര്‍ന്നെടുത്താണ് ഗുണഭോക്താക്കളെ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കുന്ന രീതി സ്വീകരിച്ചിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തെ കേന്ദ്രീകൃതമാക്കുകയാണ് ലൈഫിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ലൈഫ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയതില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തെ തള്ളിക്കളയാന്‍ ആവില്ല.