അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പോക്കറ്റില്‍ നിന്ന് ഒരു ഇന്ത്യന്‍ രൂപയെടുത്ത് നിവര്‍ത്തിപ്പിടിച്ചാല്‍ അത് എത്ര രൂപയാണെന്ന് പതിനേഴ് ഭാഷകളില്‍ രേഖപ്പെടുത്തിക്കാണാം. വലിയ അക്ഷരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയതിനു പുറമെ ബാക്കി 15 ഭാഷകളില്‍ ചെറുതായി എഴുതിയത് തന്നെയാണ് ഇന്ത്യയുടെ പ്രത്യേകത. യു.എസ് ഡോളറില്‍ ഒരു ഭാഷയും അറബ് കറന്‍സിയില്‍ രണ്ടു ഭാഷകളും മാത്രമേ കാണൂ.
ഭാഷ മുതല്‍ മതവിശ്വാസ, ആചാര, അനുഷ്ഠാന, ഭക്ഷണ വസ്ത്ര വൈജാത്യങ്ങള്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. ഇതെല്ലാം തച്ചുടച്ച് ഒന്നാക്കുക എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ അപ്രായോഗികവും അപകടകരവുമാണ്.
ഒരു ഹിന്ദു യുവാവ് മുസ്‌ലിം സ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ മുതിര്‍ന്നതിനെ അയാളുടെ ആദ്യ ഭാര്യ ചെറുത്ത് തോല്‍പ്പിക്കാന്‍ നിശ്ചയിച്ചു. അയാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തു. ആദ്യ ഭാര്യ നിയമ പോരാട്ടത്തിനിറങ്ങി സുപ്രീംകോടതി വരെ എത്തി. ജസ്റ്റിസ് കുല്‍ദീപ് സിങ്, ആര്‍.എം സഹായി എന്നിവര്‍ ഒരു വിധിയിലൂടെ ഹിന്ദു ആചാര പ്രകാരം നടത്തിയ വിവാഹം നിലനില്‍ക്കുന്നുവെന്നും രണ്ടാം വിവാഹം നിയമവിരുദ്ധമായതിനാല്‍ ബഹുഭാര്യത്വത്തിന് കേസ് എടുക്കണമെന്നും ഉത്തരവിട്ടു. ഇതിനു പുറമെ കോടതി നടത്തിയ നിരീക്ഷണമാണ് അപകടകരമായത്. രാജ്യത്ത് ഒരു പൊതു സിവില്‍കോഡ് നിലവില്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നതിനാല്‍ അടിയന്തരമായി പൊതു സിവില്‍കോഡ് കൊണ്ടുവരണമെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന 44ാം വകുപ്പാണ് ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്ന് വിവക്ഷിക്കുന്നത്. രാജ്യം പുരോഗതിപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ഗുണകരമാകുംവിധം നടപ്പാക്കേണ്ട തത്വങ്ങളാണ് 36 മുതല്‍ 51 കൂടിയ വകുപ്പുകള്‍. ഒരു കോടതിക്കും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലാത്ത വകുപ്പുകളാണ് ഇവ എന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കുകയും 37ാം വകുപ്പില്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നവര്‍, സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ഏക സിവില്‍കോഡ് വേണമെന്നു വാദിക്കുന്നവര്‍ 47ാം വകുപ്പില്‍ വ്യക്തമാക്കിയ മദ്യവും, ലഹരി പദാര്‍ത്ഥങ്ങളും നിരോധിക്കണമെന്ന കാര്യം മുഖവിലക്കെടുക്കാത്തത് എന്തുകൊണ്ട്? ഏക സിവില്‍കോഡിനെ സ്‌നേഹിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത് രാജ്യക്ഷേമമല്ല മറിച്ച് ഒരു സമുദായത്തിന്റെ വ്യതിരിക്തമായ സംസ്‌കാരത്തെ നശിപ്പിക്കലാണെന്ന് ഇതില്‍ നിന്നു വ്യക്തം.
ഏതു വ്യക്തിക്കും അവന്റെ മനസ്സാക്ഷിക്കനുസൃതം മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വതന്ത്രമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന 25-ാം വകുപ്പിനെക്കുറിച്ച് അതിന്റെ ആമുഖത്തില്‍ തന്നെ പറയുന്നത് The Article 25 is one of the pillars of fundamental rights guaranteed by th-e constitution എന്നാണ്. ഭരണഘടനയുടെ മൗലികതത്വങ്ങളുടെ തൂണായ 25ാം വകുപ്പും നിര്‍ദ്ദേശം മാത്രമായ 44ാം വകുപ്പ് ഒരിക്കലും തുല്യമല്ല. മതസ്വാതന്ത്ര്യത്തെ ഹനിക്കും വിധം ഏകസിവില്‍കോഡ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സ്വീകാര്യമാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഏക സിവില്‍നിയമം നടപ്പാക്കാനാകൂ എന്ന് അംബേദ്കര്‍ വ്യക്തമാക്കിയത് വിസ്മരിച്ചു കൂടാ.
ഇതൊക്കെ വ്യക്തമായി അറിയാമായിരു
ട്ടും ബുന്ദേല്‍ഖണ്ഡിലെ മഹാപരിവര്‍ത്തന്‍ റാലിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ‘ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ല. അതിനാല്‍ മുത്തലാഖ് നിരോധിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്’.
ഗുജറാത്തില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതും താന്‍ വിവാഹം കഴിച്ച യശോദാബെന്‍ എന്ന സ്ത്രീയെ വഴിയാധാരമാക്കിയതും മോദി മറന്നാലും ഇന്ത്യന്‍ ജനതക്ക് മറക്കാന്‍ കഴിയില്ല. സ്ത്രീകളുടെ കണ്ണീരൊപ്പുന്ന കൈകളില്‍ വര്‍ഗീയ കലാപത്തിന്റെ ചോരപ്പാടുകള്‍ മാഞ്ഞിട്ടില്ലെന്നത് മറക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.
ശരീഅത്ത് നിയമം അനുസരിച്ചു ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് പരിമിതമായ വിഷയങ്ങളില്‍ മതരേഖയനുസരിച്ച് കോടതിയില്‍ നിന്ന് വിധി തീര്‍പ്പു ലഭിക്കുന്ന സംവിധാനം 1937 മുതല്‍ വ്യവസ്ഥാപിതമായി നിലവിലുണ്ട്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിതൃത്വം, വഖഫ്, ദാനം, ട്രസ്റ്റ് തുടങ്ങി മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയത്തില്‍ കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് മുഹമ്മദന്‍ ലോ (Shereath application act) പ്രകാരമാണ്. ഇതാണ് മുസ്‌ലിം വ്യക്തിനിയമം. ഇത്തരം നിയമങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ് തുടങ്ങിയ മതങ്ങള്‍ക്കെല്ലാം ഈ രാജ്യത്ത് നിലവിലുണ്ട്.
ഏക സിവില്‍കോഡ് നിലവില്‍ വന്നാല്‍ ഏത് സമുദായത്തിന്റെ നിയമമാണ് ഈ വിഷയത്തില്‍ നാം പിന്തുടരേണ്ടി വരിക? ഭൂരിപക്ഷത്തിന്റേതായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പള്ളിയിലെ നിക്കാഹ് സര്‍ട്ടിഫിക്കറ്റിനോ ഖാസിയുടെയോ മഹല്ലിന്റേയോ വിവാഹ മോചന രേഖക്കോ യാതൊരു വിലയും കോടതിയില്‍ ഉണ്ടാവില്ല. ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയാല്‍ കോടതി അംഗീകരിച്ചില്ലെങ്കില്‍ അവള്‍ നിയമപരമായി ഭാര്യയായി തുടരും. ഇത് ശരീഅത്ത് അനുസരിക്കേണ്ട മുസ്‌ലിമിന് ജീവിത പ്രയാസം സൃഷ്ടിക്കുമെന്ന് തീര്‍ച്ച.
സ്ത്രീകളുടെ പിന്തുണ കിട്ടുന്നതിനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതബോധമില്ലാത്തവരെ വഴിതെറ്റിക്കുന്നതിനുമാണ് മുത്തലാഖ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. ഇസ്‌ലാമില്‍ വിവാഹ മോചനത്തിന് മൂന്ന് ത്വലാഖ് വേണമെന്നില്ല. ഒരു ത്വലാഖ് ചൊല്ലിയാല്‍ തന്നെ വിവാഹമോചനം നടക്കും. ഇദ്ദ കാലഘട്ടം കഴിയും മുമ്പ് തിരിച്ചെടുക്കാം. ഈ ആനുകൂല്യം രണ്ടു തവണ മാത്രമാണ് നിലനില്‍ക്കുക. മൂന്നാം തവണ ആവര്‍ത്തിച്ചാല്‍ പിന്നീട് അവളെ അതേ ഭര്‍ത്താവിന് സ്വീകരിക്കാനാവില്ല. മറ്റൊരു വിവാഹത്തിന് അവള്‍ക്ക് അവസരം നല്‍കുകയാണ്.
ത്വലാഖ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മോചനം എന്നാണ്. സ്ത്രീകളെ ചിലര്‍ പീഡിപ്പിച്ചിരുന്നത് ത്വലാഖ് ചൊല്ലി ഇദ്ദ കഴിയും മുമ്പായി മടക്കിയെടുത്ത് വീണ്ടും ത്വലാഖ് ചൊല്ലി മടക്കി എടുക്കുന്ന രീതിയിലായിരുന്നു. ഈ കളി പാടില്ലെന്ന് വ്യക്തമാക്കി ത്വലാഖിന്റെ എണ്ണം നിയന്ത്രിച്ച് ഇസ്‌ലാം സ്ത്രീയെ സ്വതന്ത്രയാക്കി.
ത്വലാഖ് നിയന്ത്രിച്ച ഇസ്‌ലാം ഈ സംവിധാനത്തെ തികച്ചും നിരുത്സാഹപ്പെടുത്തുന്നു. ബന്ധം സുദൃഢമായി നിലനില്‍ക്കാന്‍ ഇസ്‌ലാം വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രധാനമാണ്. 1. സ്ത്രീയുടെ സംരക്ഷണ ചുമതല നിര്‍വഹിക്കാന്‍ എല്ലാ അളവിലും കഴിവുള്ളവന്‍ മാത്രമേ വിവാഹം കഴിക്കാവൂ. 2. യോജിച്ചു പോകുന്ന കുടുംബ പശ്ചാത്തലം പരിശോധിച്ച് വിവാഹം നിശ്ചയിക്കണം. 3. ഇരുപേരും പരസ്പരം കണ്ട് തൃപ്തിപ്പെടണം. വിവാഹം നടന്നു കഴിഞ്ഞാല്‍ മനുഷ്യസഹജമായ പിണക്കം വന്നാല്‍ ത്വലാഖല്ല ഒന്നാം പരിഹാരം. 1. ഉപദേശങ്ങള്‍ (മനസു തുറന്ന് സംവദിക്കുക) 2. സഹശയനം വെടിയുക 3. ലളിതമായ ശിക്ഷ നല്‍കുക 4. ഇരു കുടുംബത്തിലെയും നീതിമാന്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക. 5 ഇവ കൊണ്ടൊന്നും പരിഹരിക്കുന്നില്ലെങ്കില്‍ അവരെ ഒന്നിച്ചു കൊണ്ടുപോകാന്‍ സ്രഷ്ടാവ് ഉദ്ദേശിച്ചിട്ടില്ല എന്നു മനസിലാക്കി ഒരു ത്വലാഖ് ചൊല്ലണം. 6. ഇദ്ദകാലത്ത് ഭര്‍ത്താവ് അവള്‍ക്ക് ഭക്ഷണ, വസ്ത്രാദി കാര്യങ്ങള്‍ നല്‍കണം. ഇത്രയും നിബന്ധനകള്‍ പാലിച്ചാലും ത്വലാഖ് അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ നാഥന് ഏറ്റവും കോപമുള്ളതാണെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യുമ്പോള്‍ ദൈവിക സിംഹാസനം വിറകൊള്ളും എന്നാണ് ഹദീസ് ശരീഫ്. ഈ പശ്ചാത്തലവും നിയമവും അറിയുന്നവന്‍ പരമാവധി ത്വലാഖില്‍ നിന്ന് വിട്ടുനിന്ന് യോജിക്കാന്‍ ശ്രമിക്കും. ഒരിക്കലും ഒത്തുപോകാത്തത് കൂട്ടിയിണക്കാന്‍ ആര്‍ക്കാണ് കഴിയുക?
ഇത്രമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചു ചെയ്യേണ്ട ത്വലാഖ് മൂന്നും ഒറ്റ ഇരിപ്പില്‍ ചൊല്ലുന്നത് മതത്തില്‍ അഭിലഷണീയമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീയെ വിവാഹമോചനം നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും അപ്രകാരം ചെയ്യുന്ന അവിവേകികളുണ്ട്. അവരാണ് മതത്തെ വഷളാക്കുന്നത്. മദ്യപിക്കുന്ന മുസ്‌ലിമിനെ സാമാന്യവല്‍ക്കരിക്കരുതെന്ന പോലെ എടുത്ത് ചാടി വിവാഹമോചനം നടത്തല്‍ ഇസ്‌ലാമിക ചര്യയാണെന്ന് പ്രചരിപ്പിക്കരുത്. ഇസ്‌ലാമിക നിയമം സുഭദ്രവും പ്രായോഗികവുമാണ്. തന്റെ ഭാര്യയില്‍ ഗുരുതരമായ പരബന്ധം ബോധ്യമായാല്‍ അവളെ പൂര്‍ണമായി അകറ്റേണ്ടി വരും. അല്ലാത്തവന്‍ മാന്യനായി അറിയപ്പെടില്ല. നിയമം പൊളിച്ചെഴുതേണ്ട ആവശ്യമില്ലാത്തവിധം പ്രായോഗികമാണ്. എന്നാല്‍ അത് പാലിക്കുന്നിടത്താണ് വീഴ്ച. ഇതിനു പുതിയ നിയമം കൊണ്ടുവരല്‍ പരിഹാരമല്ല. നിലവിലുള്ളത് പാലിക്കാനുള്ള ബോധവത്കരണമാണ് അനിവാര്യം.
കേന്ദ്ര നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് ചൗഹാന്‍ പുറത്തിറക്കിയ 16 ഇന ചോദ്യാവലി ഏക സിവില്‍കോഡ് തന്ത്രപരമായി നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇത് തിരിച്ചറിഞ്ഞ്, പ്രതികരിക്കേണ്ടതില്ലെന്നും ഒപ്പുശേഖരിച്ച് നല്‍കണമെന്നുമുള്ള മുസ്‌ലിം കൂട്ടായ്മയുടെ തീരുമാനം ദീര്‍ഘദൃഷ്ടിയുള്ളതാണ്. മുസ്‌ലിം സംഘടനകള്‍ക്ക് ഒന്നിക്കാനും ന്യൂനപക്ഷ ശാക്തീകരണത്തിനും അവസരം നല്‍കുന്ന ഒരു പ്രതിസന്ധിയാണ് സംജാതമായിരിക്കുന്നത്.
എണ്‍പതുകളില്‍ ശരീഅത്തിനെതിരായ ആക്രമണങ്ങളെ നിയമപരമായി നേരിടാന്‍ കഴിഞ്ഞത് മുസ്‌ലിം ഐക്യത്തിന്റെ കരുത്തുകൊണ്ടായിരുന്നു. ഇന്ന് മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശരീഅത്ത് സംരക്ഷണ റാലി ആ ഐക്യ ശക്തിയുടെ വിളംബരമാണ്. സമുദായത്തിന്റെ അസ്തിത്വത്തിന് മുറിവേല്‍ക്കുന്നതിനെ സമാധാന മാര്‍ഗത്തിലൂടെ പ്രതിരോധിക്കണം. മത സൗഹൃദം പൂത്തുലഞ്ഞു നില്‍ക്കുന്ന മലപ്പുറത്തിന്റെ സൗഹൃദം ഒരു ആളില്ലാ ബോംബ് പൊട്ടിയാല്‍ തകരുന്നതല്ല.
(സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)