ചെന്നൈ: മരീന അരീനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. 44 ാം മിനിറ്റില്‍ ജെജെ ലാല്‍പെക്യുല നേടിയ ഗോളില്‍ ചെന്നൈ എഫ്.സി മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. ഹെഡ്ഡറിലൂടെയാണ് രണ്ട് ഗോളും വലയിലെത്തിയത്.
പൂനെക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ചെന്നൈയിന്‍ എഫ്.സി കാത്തുസൂക്ഷിച്ചു. ചെന്നൈയുടെ ആക്രമണങ്ങളുടെ സൂത്രധാരന്‍ റാഫേല്‍ അഗസ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച് .ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി 10 മത്സരങ്ങളില്‍ നിന്നും 13 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 12 പോയിന്റോടെ പൂനെ സിറ്റിയാണ് ആറാമത്. അവസാന സ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റും എഫ്.സി ഗോവയും. ചെന്നൈയിന്‍ എഫ്.സി യുടെ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി ഇന്നലെയും ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. അഞ്ച് മാറ്റങ്ങള്‍ മറ്റെരാസി വരുത്തി.
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പകരക്കാരനായി ഇറങ്ങിയ സൂചിയും ഹാന്‍സ് മോള്‍ഡറും ഇന്നലെ ആദ്യ ഇലവനില്‍ എത്തി .ഗോള്‍ കീപ്പര്‍ സ്ഥാനം കെറിനു പകരം കരണ്‍ജിതിനാണ് ഇന്നലെ ലഭിച്ചത്. മറുവശത്ത് ആന്റോണിയോ ലോപ്പസ് ഹബാസ് പൂനെ സിറ്റിയുടെ ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം വരുത്തി. രാഹൂല്‍ ബെക്കെയ്ക്കു പകരം രാജു യുംനാം ഇറങ്ങി. 39 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്ക് അനുകൂലമായി ആദ്യ കോര്‍ണര്‍. മലയാളി താരം സക്കീര്‍ എടുത്ത കോര്‍ണരില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിയുടെ ശ്രമം റീബൗണ്ടില്‍ വീണ്ടും സക്കിറിന്റെ പക്കല്‍ . സക്കീറിന്റെ ഷോട്ട് എഡെല്‍ ബെറ്റെ കുത്തിയകറ്റി.
ആദ്യപകുതി ഗോള്‍ രഹിതമായി സമാപിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു ചെന്നൈയുടെ ഗോള്‍. റാഫേല്‍ അഗസ്റ്റോയില്‍ നിന്നും ഹാന്‍സ് മോള്‍ഡറിലേക്ക്. മോള്‍ഡറില്‍ നിന്നും ഡേവിഡ് സൂചിയിലേക്ക് സൂചിയുടെ ഹാഫ് വോളി ലക്ഷ്യമാക്കി പറന്നുയര്‍ന്ന ജെജെ ലാല്‍പെക്യുല ഹെഡ്ഡറിലൂടെ നെറ്റിലേക്ക് പന്ത് തിരിച്ചുവിട്ടു (1-0). ഗുരുമാങി സിംഗിന്റെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്നതും ജെജെയ്ക്ക് ഗോള്‍ നേടുന്നതിനു സഹായമായി. ഐഎസ്എല്ലില്‍ ജെജെ നേടുന്ന 13 ാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ കോച്ച് ആന്റോണിയോ ഹബാസ് മിഡ്ഫീല്‍ഡില്‍ ലെനി റോഡ്രിഗസിനു പകരം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്നു വിജയഗോള്‍ നേടിയ യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്റെ 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡുയര്‍ത്തി. റാഫേല്‍ അഗസ്റ്റോയില്‍ നിന്നും ജെജെയിലേക്കും തുടര്‍ന്നു ജെജെ തിരിച്ചു അഗസ്‌റ്റോയിലേക്കും. അളന്നു കുറിച്ച അഗസ്‌റ്റോയുടെ സുചിയുടെ തലയ്ക്കു പാകമായ വിധത്തിലുള്ള പാസ് .
സമയോചിതമായി ഉയര്‍ന്നു ചാടിയ സുചി ആംഗുലര്‍ ഹെഡ്ഡറിലൂടെ പുനെയുടെ ഗോളി എഡെല്‍ ബെറ്റെയ്ക്കു രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം പോസ്റ്റിന്റെ ഇടത്തെ മൂലയില്‍ നിക്ഷേപിച്ചു (2-0). പുനെ 68 ാം മിനിറ്റില്‍ എഡ്വേര്‍ഡോ ഫെരേരയ്ക്കു പകരം ജീസസ് ടാറ്റോയെയും തുടര്‍ന്നു അനിബാലിനു പകരം മോമാര്‍ എന്‍ഡോയെയും ഇറക്കി.ചെന്നൈ കോച്ച് മറ്റെരാസി പ്രതിരോധം ശക്തമാക്കിക്കൊണ്ട് ബ്ലാസിക്കു പകരം ബല്‍ജിത് സാഹ്്‌നിയെയും റാഫേല്‍ അഗസ്റ്റോയ്ക്കു പകരം ജോണ്‍ ആര്‍ണെ റീസയേ ഇറക്കി. ഇന്ന് മുംബൈ എഫ്.സി ഗോവയെ നേരിടും