ഗോഹട്ടി: അവസാനം നോര്‍ത്ത് ഈസ്റ്റുകാര്‍ വിജയവഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്വാസവും നേടി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്്‌റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിയുടെ പോരാട്ടത്തില്‍ ഒരു ഗോളിനവര്‍ പൂനെയെ പരാജയപ്പെടുത്തി. ജയിച്ചതിലുടെ പോയന്‍ര് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ് ആറാമത് വന്നു-കേരളാ ബ്ലാസ്റ്റേഴ്‌സിനെ താഴെ. ഐവറി കോസ്റ്റില്‍ നിന്നുളള മിഡ്ഫീല്‍ഡര്‍ റൊമാരിക്കാണ് തകര്‍പ്പന്‍ ഫ്രീകിക്കില്‍ പൂനെയെ ഞെട്ടിച്ചത്. രണ്ട് ടീമുകളും നിലനില്‍പ്പിന്റെ പോരാട്ടം നടത്തിയപ്പോള്‍ പലവുരു കളി കാടനായി. തമ്മിലടിയും ഉന്തും തളളുമായി റഫറിക്ക് പലവട്ടം കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു.
അതേ സമയം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എഫ്.സി മൂന്നാം സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീം എന്ന പദവിയ്ക്ക് തൊട്ടുമുന്നിലാണ് മുംബൈ സിറ്റി . ഇന്ന് മുംബൈ അരിനയിലെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തിയാല്‍ മുുംബൈ സെമിയില്‍ എത്തുന്ന ആദ്യ ടീം ആയി മാറും.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളിനു തകര്‍ത്തതോടെ 12 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന മുംബൈ സിറ്റി ഇന്ന് ജയിച്ചാല്‍ 22 പോയിന്റ് എന്ന ലക്ഷ്യം കൈവരിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു ഇത്തവണ മുംബൈ സിറ്റിയുടേത്. ഇതുവരെ ഐഎസ്എല്ലിന്റെ സെമിഫൈനലില്‍ എത്താത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു. രണ്ടാം സീസണില്‍ ആറാമതും. അതിനപ്പുറത്തേക്ുക ഇതുവരെ മുന്നേറാന്‍ മുംബൈക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ജയിച്ചത് ആകെ നാല് മത്സരങ്ങള്‍ മാത്രമാണ്. ആറെണ്ണം സമനില. നാല് തോല്‍വി. എന്നാല്‍ ഇത്തവണ 12 മത്സരങ്ങളില്‍ അഞ്ച് ജയം നാല് സമനില മൂന്നു തോല്‍വി എന്ന നിലയിലേക്കു മുന്നേറി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സെമിഫൈനലിലേക്കു പാതയിലാണ് മുംബൈ, എന്നാലും ആദ്യ നേട്ടം സെമിഫൈനലില്‍ എത്തുക എന്നതാണ് പ്രധാനം . കാരണം മറ്റു ടീമുകളും അധികം ദൂരെ അല്ല. അതേപോലെ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ള നിലയില്‍ ഇത് മതിയായ പോയിന്റാണെന്നു കരുതുന്നില്ല. ് നല്ല പ്രകടനം പുറത്തെടുത്താല്‍ മാത്രമെ അതിനു കഴിയുകയുളുവെന്ന് മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമെറസ് പറഞ്ഞു. ഇത്തവണത്തെ ഐഎസ്എല്‍ സീസസണിലെ ആദ്യ ഹാട്രിക് ഉടമ ഡീഗോ ഫോര്‍ലാന്റെ ഗോള്‍ ദാഹത്തിനു ശമനം ഉണ്ടായിട്ടില്ല. ആദ്യസീസണില്‍ ആന്ദ്രെ മോര്‍ട്ടിസും കഴിഞ്ഞ സീസണില്‍ സുനില്‍ ഛെത്രിയും ആയിരുന്നു മുംബൈയുടെ ഗോള്‍ മെഷീനുകള്‍ . എന്നാല്‍ ഇനിയും ഏറെ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഏതെങ്കിലും ഒരു കളിക്കാരനില്‍ അമിത വിശ്വാസം അര്‍പ്പിക്കാന്‍ കോച്ച് ഗുയിമെറസിനു താല്‍പ്പര്യമില്ല.
കഴിഞ്ഞ മത്സരത്തില്‍ എന്നപോലെ ചെന്നൈയിന്‍ എഫ്.സിക്കേതിരെയും നല്ല കളി പുറത്തെടുത്തു മികച്ച നിലയില്‍ എത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെന്നൈയിന്‍ എഫ്.സിയുടെ കഴിഞ്ഞ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം എടുത്താല്‍ മതി അവരുടെ ശക്തി മനസിലാക്കാനെന്നും ഗുയിമെറസ് പറഞ്ഞു. . നിലവിലുള്ള ചാമ്പ്യന്മാരാണ് ചെന്നൈയിന്‍. അവസാനം വരെ പോരാടുന്ന ടീം കൂടിയാണ് ചെന്നൈയിന്‍ എന്നും ഗുയിമെറസ് ചൂണ്ടിക്കാട്ടി. 11 മത്സരങ്ങളില്‍ നിന്നും 14 പോയിന്റോടെ ചെന്നൈയിന്‍ എഫ്.സി ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനും പിറകെ ഏഴാം സ്ഥാനത്താണ്.നിലവിലുള്ള ചാമ്പ്യന്മാര്‍ എന്ന നിലയില്‍ അവസാന നാല് ടീമുകളുടെ പട്ടികയില്‍ ചെന്നൈയിന്‍ എഫ്.സിയ്ക്കു ഇടംപിടിച്ചേ തീരൂ.ടീമിന് അല്‍പ്പംകൂടി ഭാഗ്യം വേണമെന്ന് ചെന്നൈയിന്‍ എഫ്.സിയുടെ ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി പറഞ്ഞു. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് സെമിയില്‍ തോറ്റെങ്കിലും രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ചെന്നൈയിന്‍ എഫ്.സിക്കു കഴിഞ്ഞു.
ഇത്തവണയുംപ്ലേ ഓഫീല്‍ എത്തുമെന്ന ഉറച്ച വിശ്വാസമാണ് കോച്ച് മാര്‍ക്കോ മറ്റെരാസിക്കുള്ളത്. ഡല്‍ഹിക്കെതിരായ മത്സരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരങ്ങളിലും വീറും വാശിയും കാണിച്ച് ടീമാണ് ചെന്നൈയിന്‍ എഫ്.സിയെന്ന് മറ്റെരാസി ചൂണ്ടിക്കാട്ടി. എന്നാല്‍ എവേ മാച്ചുകളില്‍ ചെന്നായിന്‍ എഫ്.സിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ ഈ സീസണില്‍ കഴിഞ്ഞട്ടില്ല. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡി സൂചി, ഡുഡു എന്നിവരിലാണ് ചെന്നൈയിന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജെജെ പരുക്കിന്റെ പിടിയിലായത് തിരിച്ചടിയായി.
ഫുട്‌ബോള്‍ എന്നത് ശാസ്ത്രമോ കണക്കോ അല്ല പോയിന്റ് കഴിയുന്നത്ര നേടുകയാണ് പ്രധാന കാര്യമെന്നും മറ്റെരാസി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇരുടീമകളും തമ്മില്‍ മത്സരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ചെന്നൈയിനാണ് ഇതില്‍ 90 ശതമാനം വിജയ ശതമാനം എന്നാണ്. അഞ്ച് തവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടി ഇതില്‍ നാല് തവണയും ചെന്നൈയിന്‍ എഫ്.സി ജയിച്ചു. ഈ സീസസില്‍ ചെന്നൈയില്‍ നടന്ന ആദ്യ പാദം 1-1നു സമനിലയിലും പിരിഞ്ഞു. ഇന്ന് മുംബൈ ജയിച്ചാല്‍ ഐഎസ്എല്ലില്‍ ചെന്നൈയ്‌ക്കെതിരായ ആദ്യ ജയം ആയി അത് രേഖപ്പെടുത്തും.