ലക്‌നോ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത കടുത്ത ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചെങ്കിലും ഇതില്‍ നിന്നും രക്ഷിച്ചത് പാര്‍ട്ടിയുടെ മുസ്്‌ലിം മുഖമായ അസം ഖാന്റെ തന്ത്രങ്ങള്‍.
മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുമായി തുല്യ ബന്ധം പാലിക്കുന്ന അസം ഖാന്‍ നിര്‍ണായ ഘട്ടത്തില്‍ ഇരുവര്‍ക്കുമിടയില്‍ സമാധാന ദൂതനാവുകയായിരുന്നു. വെള്ളിയാഴ്ച അഖിലേഷ് യാദവിനേയും രാം യാദവിനേയും മുലായം പാര്‍ട്ടിയില്‍ നിന്നും ആറു വര്‍ഷത്തേക്കു പുറത്താക്കിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുലായത്തേയും അഖിലേഷിനേയും പിന്തുണക്കുന്നവര്‍ ചേരി തിരിഞ്ഞ് പോര്‍വിളികള്‍ നടത്തിയതോടെ അഖിലേഷ് രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് അസം ഖാന്‍ പാര്‍ട്ടി ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യകത അച്ഛനേയും മകനേയും ഒരു പോലെ മനസ്സിലാക്കിക്കൊടുത്തത്. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാവുമെന്ന് ഇരുവരേയും അസംഖാന്‍ അറിയിക്കുകയും ചെയ്തു.
അസം ഖാന് പുറമെ ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവും എസ്.പിയില്‍ ആസന്നമായിരുന്ന പിളര്‍പ്പ് ഒഴിവാക്കാനായി തന്റേതായ പങ്ക് വഹിച്ചു. വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിനായി സമാജ് വാദി പാര്‍ട്ടി ഐക്യത്തോടെ നിലനില്‍ക്കേണ്ട ആവശ്യം ലാലു അഖിലേഷിനേയും മുലായത്തേയും അറിയിക്കുകയും ചെയ്തു. മുലായത്തിന്റെ പേരമകനുമായി ലാലുവിന്റെ ചെറുമകളുടെ വിവാഹ നിശ്ചയം ഈയിടെ നടന്നിരുന്നു. അതിനാല്‍ തന്നെ ബന്ധു കൂടിയായ ലാലുവിന്റെ വിലപ്പെട്ട നിര്‍ദേശം അസം ഖാന്റെ അഭിപ്രായത്തിനു പിന്നാലെ എത്തിയതോടെ അഖിലേഷിനും മുലായത്തിനുമിടയിലുണ്ടായിരുന്ന മഞ്ഞുരുകുകയായിരുന്നു. രാവിലെ 9.30 ഓടെ മുലായത്തിന്റെ വസതിയായ വിക്രമാദിത്യ മാര്‍ഗിലെത്തിയ അസം ഖാന്‍ അവിടെ ഒരു മണിക്കൂറിലധികം ചെലവിട്ടതോടെ തന്നെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു.
നേതാജിയാണ് (മുലായം) പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം തനിക്ക് അച്ഛനും പാര്‍ട്ടി തലവനുമാണെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടാവില്ല ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും അതോടെ എല്ലാത്തിനും പരിഹാരമാകുമെന്നും കൂടിക്കാഴ്ചക്കു ശേഷം അസം ഖാന്‍ പറഞ്ഞിരുന്നു. മുലായത്തിന്റെ വസതിയില്‍ നിന്നും അഖിലേഷിന്റെ വസതിയിലേക്കാണ് പിന്നീട് അസം ഖാന്‍ പോയത്.
അഖിലേഷുമായി 45 മിനിറ്റോളം ഖാന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വളരെ വൈകാരികമായാണ് അഖിലേഷ് പ്രതികരിച്ചത്. ഇതിനു ശേഷം അഖിലേഷിന്റെ അഭിപ്രായം അറിയിക്കുന്നതിനായി അസം ഖാന്‍ ഉച്ചയോടെ വീണ്ടും മുലായത്തിന്റെ വസതിയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അഖിലേഷ് വിരുദ്ധ ക്യാമ്പിന്റെ നേതാവുമായ ശിവ് പാല്‍ യാദവുമായി മുലായം സംസാരിച്ചു. ഇതോടെ തലേ ദിവസത്തെ സംഭവങ്ങള്‍ ആന്റി ക്ലൈമാക്‌സിലേക്കു മാറി. ഏതാനും സമയത്തിനകം അഖിലേഷ്, മുലായം, ശിവ് പാല്‍ എന്നിവര്‍ അസം ഖാന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തുകയും പിന്നാലെ അഖിലേഷിനേയും രാം യാദവിനേയും തിരിച്ചെടുത്തതായി പ്രഖ്യാപനം വരുകയും ചെയ്തു. മുലായത്തിന്റെ വസതിയില്‍ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ ഖാന്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എല്ലാം ശരിയായ ദിശയിലാണെന്നും പ്രതികരിച്ചു.
വിവാദങ്ങളുടെ തോഴനാണെങ്കിലും പാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അസം ഖാന്റെ ഒരു ദിവസം നീണ്ടു നിന്ന അനുരഞ്ജന നീക്കങ്ങള്‍.