Connect with us

Video Stories

ഗവര്‍ണറുടെ നടപടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസമായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്‌മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്നു. സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവുസംഭവമാണെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഇതിന് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നചോദ്യം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് നല്‍കിയ ഉറപ്പനുസരിച്ച് മുഖ്യമന്ത്രി ഇന്നലെ ബി.ജെ.പി, സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്ആറിന് സര്‍വകക്ഷി പ്രതിനിധികളുമായും ചര്‍ച്ച നടത്താനിരിക്കയാണ്. കണ്ണൂരിലും കോട്ടയത്തും ചര്‍ച്ച നടക്കും.
മൂന്നു കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയത്. ജനപ്രതിനിധികളുടെയും സാധാരണക്കാരുടെയും വീടുകള്‍ ആക്രമിക്കുകയും ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് മന്ദിരത്തിന് നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനുനേരെയും അക്രമികള്‍ കല്ലേറു നടത്തി. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ദൃശ്യങ്ങള്‍ പ്രകാരം സി.പി.എം നഗരസഭാ കൗണ്‍സിലര്‍ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാസെക്രട്ടറി പ്രതിന്‍ എന്നിവരെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. സംഭവം നോക്കിനിന്നതിന് രണ്ട് പൊലീസുകാരും സസ്‌പെന്‍ഷന് വിധേയനായി. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് എന്ന യുവാവ് കൊലചെയ്യപ്പെട്ടത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുകയാണുണ്ടായത്. ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കുകയുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി. ജെ.പി ഞായറാഴ്ച സംസ്ഥാനതല ഹര്‍ത്താല്‍ നടത്തിയെങ്കിലും അതിനിടയിലും വ്യാപകമായ അക്രമമാണ് ഉണ്ടായത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഭരണമുന്നണിയിലെ സി.പി.എമ്മും സി.പി.ഐയും ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിഷയത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നാണ് ലഭിക്കുന്ന സൂചന. എങ്കിലും ഗവര്‍ണര്‍ വിളിക്കുമ്പോള്‍ ചെന്നു കാണേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റി എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസ്സാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
യു.ഡി.എഫ് ഭരിക്കുമ്പോള്‍ ശാന്തമാകാറുള്ള കണ്ണൂരില്‍ അക്രമം തിരിച്ചുവന്നത് ഇടതുമുന്നണി ഭരണത്തോടെയാണ്. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അറുപതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ പത്തും കണ്ണൂരിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ തിരുവനന്തപുരവും പിന്നിലല്ല. കേരളത്തില്‍ തങ്ങളുടെ അണികളെ കമ്യൂണിസ്റ്റുകാര്‍ കൂട്ടത്തോടെ വകവരുത്തുകയാണെന്നാണ് ബി.ജെ.പി നേതൃത്വം രാജ്യത്താകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് പിരിച്ചുവിടണമെന്ന് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയുമാണ്. എന്നാല്‍ ഇത്തരമൊരു ശിപാര്‍ശ നല്‍കാന്‍മാത്രം മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസായ പി.സദാശിവം തയ്യാറാകുമെന്ന് തോന്നുന്നില്ല. ആര്‍. എസ്.എസ്സും ബി.ജെ.പിയും ഒരുഭാഗത്തും സി.പി.എം മറുഭാഗത്തുമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരുവര്‍ക്കും തുല്യ പങ്കാണെന്ന് ഗവര്‍ണര്‍ സദാശിവം ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. കണക്കുകള്‍ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേരളത്തിലെത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ബീഹാറിലും ഗോവയിലും മണിപ്പൂരിലുമൊക്കെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി അധികാരം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ക്രമസമാധാനത്തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെങ്കില്‍ അതേറ്റവും കൂടുതല്‍ ബാധകമാകുന്നത് ബി.ജെ.പി തന്നെ ഭരിക്കുന്ന വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. ബി.ജെ.പിക്ക് ഭരണപങ്കാളിത്തമുള്ള ജമ്മുകശ്മീരിലും സമാനസ്ഥിതിതന്നെ. ശുദ്ധഇരട്ടത്താപ്പെന്നല്ലാതെ ഇതെന്താണ്.
ഒരുവിധ ഭരണ സംവിധാനവും നിലവിലില്ലാത്ത രാജ്യങ്ങളില്‍ പോലും നടക്കാത്തവിധമുള്ള കൊടുംക്രൂരതകളാണ് ജനാധിപത്യ രാജ്യത്ത് മൃഗത്തിന്റെ പേരില്‍ മനുഷ്യര്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ ഗോമാതാവിന്റെ സംരക്ഷണം പറഞ്ഞ് എത്രയെത്ര നിരപരാധികളെയാണ് ബി.ജെ.പി ഉള്‍പ്പെടുന്ന സംഘ്പരിവാറുകാര്‍ പരസ്യമായി അടിച്ചുകൊന്നത്. പ്രധാനമന്ത്രിയുടെ രണ്ടോ മൂന്നോ പ്രസ്താവനക്കപ്പുറം അവിടെയെവിടെയും ഒരു മുഖ്യമന്ത്രിയെയും ഗവര്‍ണര്‍മാര്‍ വിളിച്ചുവരുത്തിയതായി അറിവില്ല.എന്നിട്ടുമെന്തേ കേരളത്തിന്റെ കാര്യത്തില്‍ മാത്രം ഈ അസക്യത. കാരണം ലളിതം. പതിനെട്ടു സംസ്ഥാനങ്ങളില്‍ ഭരിക്കാനായിട്ടും കേരളം ഇതുവരെയും ബി.ജെ.പിക്ക് ബാലികേറാമലയായി നിലകൊള്ളുന്നുവെന്നതുതന്നെ. ഗവര്‍ണറുടെ നടപടിക്കു പിന്നില്‍ അദ്ദേഹത്തിനുമേല്‍ കേന്ദ്ര ഭരണത്തിനുള്ള സ്വാധീനമാണെന്ന് സംശയിക്കാന്‍ ന്യായം വേറെ വേണ്ടതില്ല. അതേസമയം, ഇതിനൊക്കെ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍വീഴുന്ന ദീര്‍ഘദൃഷ്ടിയില്ലാത്തതും അവിവേകവുമായ അനവധാനതയാണ് മറുവശത്ത് സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും കാണിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നത്. അണികളെ അക്രമത്തില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ദേശിക്കാമെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പറയാനിടവന്നതുതന്നെ അവര്‍ക്കും കേരളത്തിനും നാണക്കേടാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഇരുപാര്‍ട്ടികളുടെയും നയമാണ് ഇതിനൊക്കെ കാരണം. വടികൊടുത്ത് അടി വാങ്ങണോ എന്നു ചിന്തിക്കേണ്ടത് രണ്ടു സംസ്ഥാനത്ത് മാത്രം വേരുകളുള്ള മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വമാണ്.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending