Connect with us

Video Stories

കേന്ദ്രം കണ്ണുവച്ച കള്ളപ്പണമെവിടെ

Published

on

കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരം സര്‍വത്ര കണക്കുപിഴച്ചുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വെളിപ്പെടുത്തലുകളില്‍ നിന്നു വ്യക്തമാവുന്നത്. ആസൂത്രണമേതുമില്ലാതെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഇനിയും കാത്തിരക്കണമെന്ന ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ വാക്കുകള്‍ പ്രതീക്ഷകളല്ല, മറിച്ച് ആശങ്കകളാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല, നോട്ട് നിരോധത്തിലൂടെ കള്ളപ്പണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ വാദം പൊള്ളയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരത്തിയ കണക്കുകള്‍ തെളിയിക്കുന്നുണ്ട്. തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരം റിസര്‍വ് ബാങ്കിനെയും വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്ന് മാറ്റം വരുത്താതെയുള്ള വായ്പാ നയത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. നാള്‍ക്കുനാള്‍ സങ്കീര്‍ണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത വിദൂരത്താണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തം.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പൂര്‍ണമായി പഠിച്ച ശേഷമേ നിരക്കുകളില്‍ ഇളവു വരുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഇനി ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറുമൊത്ത് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ പ്രയാണം ഏതു ദിശയിലെന്ന് റിസര്‍വ് ബാങ്കിന് ഇതുവരെ മനസിലാക്കാനായില്ല എന്നത് നിസാരമായി കണ്ടുകൂടാ. രാജ്യത്ത് ആകെ വിനിമയത്തിലുണ്ടായിരുന്നവയില്‍ 86 ശതമാനം നോട്ടുകള്‍ പിറകോട്ടു വലിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ പൗരന്‍മാര്‍ അനുഭവിച്ചതിനു ശേഷമാണ് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നത്. നോട്ടു നിരോധിച്ചതിനു ശേഷമുള്ള രണ്ടാം ദിനം ഒരു ജനത മുഴുവന്‍ വരിനിന്ന് തളരുന്നതു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി കണ്ണു തുറന്നതും കുറ്റം സമ്മതിച്ചതും. പക്ഷേ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മൗനം ഭത്സിക്കാനും കാര്യങ്ങളുടെ യഥാസ്ഥിതി പറയാനും ഒരു മാസം വേണ്ടിവന്നുവെന്നു മാത്രം.

കഴിഞ്ഞ മാസം എട്ടിനു രാത്രിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കള്ളനോട്ട് നിര്‍ത്തലാക്കാനും കള്ളപ്പണം തടയാനും ഇത്തരം നടപടി കൊണ്ട് സാധ്യമാവുമെന്ന് പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ ആകെ മൂല്യം, പതിനഞ്ചര ലക്ഷം കോടി രൂപയില്‍ പതിമൂന്ന് ലക്ഷം കോടി രൂപയിലധികം രാജ്യത്തെ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതാണ് കണക്കുകള്‍. ഇനി രണ്ടുലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചെത്താനുള്ളത്. ഈ പച്ചയായ സത്യം തുറന്നു പറഞ്ഞതിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന്‍ റിപ്പോര്‍ട്ടര്‍ സ്റ്റാന്‍ലി പിഗ്‌നാളിനെ വിലക്കിയത്. ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തിലെയും ട്രഷറികളിലെയും നോട്ടുകള്‍ പരിഗണിച്ചാണ് രാജ്യത്തെ ജനങ്ങള്‍ കൈവശം വച്ചിരുന്ന ഏറെക്കുറെ പഴയ നോട്ടുകളും ബാങ്കുകളിലെത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് സമ്മതിക്കാനുള്ള പ്രയാസമാണ് ആര്‍.ബി.ഐയെ അസ്വസ്ഥമാക്കിയത്.

കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) മാറ്റം വരുത്താതെ നാലു ശതമാനമായി തുടരാനുള്ള റിസര്‍വ് ബാങ്ക് നയം ഇനിയുള്ള കാലങ്ങളിലെ പ്രതിസന്ധികളെ മറികടക്കാനുള്ള കരുതലായി വേണം മനസിലാക്കാന്‍. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക്് 5.75 ശതമാനമായും തുടരാനുള്ള തീരുമാനം ഇതിനു ശക്തി പകരാനാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മതിപ്പ് ജി.ഡി.പി വളര്‍ച്ചാ നിരക്ക് അര ശതമാനമാണ് കുറച്ചിട്ടുള്ളത്. 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ആര്‍.ബി.ഐക്കുണ്ടായിരുന്നത്. നോട്ട് നിരോധം ഓഹരി വിപണികളിലുണ്ടാക്കിയ ഇടിവ് മുഴുവന്‍ മേഖലകളിലും പ്രതിഫലിക്കുന്നതായി കാണാം. നിരക്കു കുറക്കില്ലെന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെ തന്നെ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്‌സ് 379ഉം നിഫ്റ്റി 113ഉം പോയിന്റായാണ് ഇടിഞ്ഞത്. നിരക്കില്‍ കാല്‍ ശതമാനമെങ്കിലും ഇളവും കാത്തിരിക്കെയാണ് ആര്‍.ബി.ഐ നയം ഓഹരി വിപണിക്ക് വലിയ തോതില്‍ പ്രഹരമേല്‍പ്പിച്ചത്. നോട്ട് നിരോധം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമികമായി ഉദ്ദേശിച്ച കാര്യങ്ങളല്ല രാജ്യത്ത് സംഭവിക്കുന്നത് എന്ന് വ്യക്തം.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ അധികം തിരികെ കൊണ്ടുവരാനാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് ഇത് സാധ്യമല്ല എന്ന് ബോധ്യമായപ്പോഴാണ് പ്രധാനമന്ത്രി പുതിയ വാദം അവതരിപ്പിക്കുന്നത്. കള്ളപ്പണം കണ്ടെത്തുക മാത്രമല്ല, കറന്‍സി രഹിത പദ്ധതികൂടി സര്‍ക്കാറിന് ലക്ഷ്യമുണ്ടെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തു പെട്ടെന്നു നടപ്പാക്കാന്‍ കഴിയാത്ത കാഷ്‌ലെസ് ഇക്കോണമിക്കു വേണ്ടി ധൃതിപിടിച്ചു നോട്ടു നിരോധം നടപ്പാക്കിയത് ശുദ്ധ അസംബന്ധമല്ലേ? ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മനസിലാക്കാന്‍ അധികം സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ട. നോട്ട് നിരോധം നിലവില്‍ വന്നതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും നോട്ട് മാറ്റുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഇടക്കിടെ മാറ്റം വരുത്തിയവരാണ് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും. ഇനിയുള്ള 20 ദിവസങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാനാവില്ല. ഒരു കാര്യം തീര്‍ച്ചയാണ്; ഇനിയുള്ള പ്രഖ്യാപനങ്ങളും കാലോചിതമാവില്ല. അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. സുരക്ഷിത സാമ്പത്തിക സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒറ്റ രാത്രി കൊണ്ട് തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും തന്നെയാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം പ്രധാന ഉത്തരവാദി. നരേന്ദ്ര മോദിക്ക് കഴിയാത്തത് ഊര്‍ജിത് പട്ടേലിനോ ഊര്‍ജിതിന് കഴിയാത്തത് മോദിക്കോ ചെയ്യാനാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൊണ്ടുവന്നു കൊടുത്താലും ഈ സാമ്പത്തിക അടിയന്തരാവസ്ഥക്ക് അത്രവേഗം പരിഹാരം കാണാനാവില്ലെന്ന് ഉറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending