കേരളത്തില്‍ ഭീതിവിതച്ച് വിളയാട്ടം തുടരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന പ്രതിപക്ഷ പ്രമേയത്തിന്മേല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാതിരുന്നത് ഉത്കണ്ഠാജനകമാണ്. സംസ്ഥാനം കൂലിത്തല്ലുകാരുടെ കൈകളിലമരുന്ന വാര്‍ത്തകള്‍ ആശങ്ക വിതക്കുന്ന സാഹചര്യത്തില്‍ ഭരണകൂട ഇടപെടലുകള്‍ ശക്തമാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നത് ക്ഷന്തവ്യമല്ല. തല്ലാനും കൊല്ലാനും ജീവിതം ഉഴിഞ്ഞിട്ടവര്‍ക്ക് പണം മാത്രമല്ല, അധികാരികളുടെ ഇത്തരം മനോഭാവങ്ങളും അത്യധികം പ്രചോദനമാകുമെന്ന കാര്യം സര്‍ക്കാര്‍ കാണാതെ പോകരുത്. ക്വട്ടേഷന്‍ മുതലാളിമാരുടെ മടിശ്ശീലക്കു മുമ്പില്‍ രാഷ്ട്രീയ പണിയായുധം പണയംവെച്ചവരില്‍ ഗുണ്ടാവിളയാട്ടം അസ്വസ്ഥത പടര്‍ത്തില്ലെങ്കിലും, അനേകായിരങ്ങള്‍ക്ക് മന:സമാധാനത്തോടെ അന്തിയുറങ്ങാന്‍ കൂലിത്തല്ലുകാരെ അമര്‍ച്ച ചെയ്യാതെ നിവൃത്തിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതിരിക്കരുത്. ഗുണ്ടാ സംഘങ്ങളെ പിടിച്ചുകെട്ടാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്ന പ്രഖ്യാപനം മാത്രം പോര. ക്രിമിനല്‍ മാഫിയകളെ അടിച്ചൊതുക്കാന്‍ പ്രായോഗിക തലത്തില്‍ ആര്‍ജവമുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ആഭ്യന്തര വകുപ്പിനും ക്രമസമാധാന പാലകര്‍ക്കും ബാധ്യതയുണ്ട്. കാക്കിച്ചിറകുകളുടെ സംരക്ഷണത്തില്‍ തടിച്ചുകൊഴുക്കുന്ന ക്രിമിനലുകളെ വേഗം പിടിച്ചുകെട്ടാമെന്നത് അതിസാഹസികമാണ്. ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുള്ളവര്‍ക്കെ ഈ അതിസാഹസികതയെ അതിജയിക്കാനാവുകയുള്ളൂ.
സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ചെറുതും വലുതുമായ ക്രിമിനല്‍ മാഫിയകള്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലേക്കു വേരൂന്നിയിട്ടുണ്ട്. വന്‍ നഗരങ്ങളെ വിറപ്പിച്ചിരുന്ന ഇത്തരം സംഘങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി നാട്ടിന്‍ പുറങ്ങള്‍ മാറി. ഗുണ്ടാ വിളയാട്ടങ്ങളെയും അധോലക മാഫിയകളെയും കണികണ്ടുണരുന്ന സംസ്ഥാനമായി കേരളം വിശേഷണം ചാര്‍ത്തപ്പെട്ടു. മുമ്പ് കണിച്ചികുളങ്ങര കൂട്ടക്കൊലപാതകത്തെ മാത്രം ഉദാഹരണപ്പെടുത്തി കേരളത്തിന്റെ ക്രിമിനല്‍വത്കരണത്തെ വ്യാഖ്യാനിച്ചിരുന്ന സ്ഥിതി മാറി. മുമ്പ് ബിസിനസ് വളര്‍ച്ചക്കായി അബ്കാരികള്‍ തമ്മില്‍ രൂപപ്പെട്ട കുടിപ്പകകളാണ് കൂലിത്തല്ലിലേക്ക് വഴിമാറിയതെങ്കില്‍ ഇന്ന് രാഷ്ട്രീയത്തിന്റെ കൊടിയും നിറവും നോക്കി വെട്ടും കുത്തും പതിവായി. ഇതിനിടെ സ്വത്ത് തര്‍ക്കത്തിലും ഭാര്യാ ഭര്‍തൃ പിണക്കത്തിലും ജോലിത്തര്‍ക്കങ്ങളിലും ക്വട്ടേഷന്‍ ടീമുകള്‍ ഇടപെടാന്‍ തുടങ്ങി.
കൊലയും കൊള്ളയും പതിവാക്കിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇവരെ പാലൂട്ടി വളര്‍ത്തിയത്്. പ്രലോഭനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും അടിപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് പിന്തുണ നല്‍കി. ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയില്‍ അകത്താവുന്നവരല്ലാതെ പൊലീസിന്റെ മിടുക്കു കൊണ്ടു വലയിലാവുന്നവര്‍ വിരളമായി. വല്ലാതെ പൊറുതിമുട്ടുമ്പോള്‍ ഇടക്ക് കോടതികള്‍ സര്‍ക്കാറിനെ ഉണര്‍ത്തി. കേരളം ക്രിമിനല്‍ സംഘങ്ങളുടെ താവളമാവുന്നുവെന്ന കോടതികളുടെ നിരീക്ഷണങ്ങള്‍ പക്ഷേ, വാര്‍ത്തക്കപ്പുറമുള്ള വര്‍ത്തമാനങ്ങളിലേക്കു വഴിവെച്ചില്ല. ഗുണ്ടാവിളയാട്ടം പെരുകുകയാണെന്നും ചെറുപ്പക്കാര്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നുവെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ പല തവണ പറഞ്ഞു. അക്രമം നടത്താന്‍ ആര്‍ക്കും കൂലിത്തല്ലുകാരെ സമീപിക്കാവുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ക്രമസമാധാനനില കൂപ്പുകുത്തിയത് കണ്ട് കോടതികളുടെ കണ്ണുതള്ളിയെങ്കിലും പൊലീസുകാരില്‍ പുനര്‍വിചിന്തനമുണ്ടാക്കിയില്ല.
കാശിന്റെ തൂക്കത്തിനൊത്ത് കൊല്ലാനും കയ്യുംകാലും വെട്ടിമാറ്റി കണക്കുതീര്‍ക്കാനും കച്ചകെട്ടിയിറങ്ങിയ രക്തരക്ഷസുകളെ ഉന്മൂലനം ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈ വിറക്കുമെന്ന കാര്യത്തില്‍ കൗതുകമില്ല. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സ്വന്തം പ്രത്യയ ശാസ്ത്രത്തോട് പിണങ്ങി നിന്നവരെപ്പോലും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ‘ചൂണ്ടിക്കാണിച്ചുകൊടുത്തവരാണവര്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ രീതിയും ശൈലിയും കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളിലേക്കുമുണ്ടെന്ന കണ്ടെത്തല്‍ ഇതിന്റെ പ്രകടമായ തെളിവാണ്. എതിരാളികളെ വകവരുത്തിയാലെ രാഷ്ട്രീയ വളര്‍ച്ച പ്രാപ്യമാവുകയുള്ളുവെന്ന മൂഢവിശ്വാസത്തില്‍ നിന്ന് ഇവര്‍ ഇപ്പോഴും മുക്തമല്ല. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഇക്കൂട്ടര്‍ ഇതിന്റെ സാധ്യതകളെ കുറിച്ച് ആകുലപ്പെടാറില്ല.
ഈയടുത്ത് സംസ്ഥാനത്ത് തലപൊക്കിയ ക്രിമിനല്‍ സംഘങ്ങളുടെ പിന്നിലെ കരുത്ത് ഇതാണെന്ന് വ്യക്തം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച ഡിഫി നേതാവിന്റെ ചെയ്തി ഒറ്റപ്പെട്ടതായി കരുതാനാവില്ലെന്നര്‍ത്ഥം.
‘വാളെടുത്തവന്‍ വാളാല്‍’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കാനൊരുമ്പെടുന്ന രാഷ്ട്രീയ, രാഷ്ട്രീയേതര ക്രിമിനലുകളെ കൂട്ടിലടക്കാന്‍ മനസുവച്ചാല്‍ സര്‍ക്കാറിനു കഴിയും. പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനലുകളെ പാര്‍ട്ടി ഗുണ്ടകള്‍ പിടിച്ചിറക്കികൊണ്ടുപോരുന്ന പ്രവണത കാണരുത്. സര്‍ക്കാര്‍ മാത്രമല്ല, കാക്കിയുടെ നിലയും വിലയുമറിയുന്ന പൊലീസുകാര്‍കൂടി ഇച്ഛാശക്തിയുള്ളവരാകണം. ഗുണ്ടാസംഘങ്ങളെ കാണുന്നമുറക്ക് കാല്‍മുട്ടു വിറക്കുന്നവര്‍ ലോക്‌നാഥ് ബെഹ്‌റയുടെ പ്രത്യേക സേനക്ക് എങ്ങനെ പിന്തുണ നല്‍കുമെന്ന് കണ്ടറിയണം. മാത്രമല്ല, കൂലിത്തല്ലുകാര്‍ക്ക് കഞ്ഞിവച്ച പാരമ്പര്യമുണ്ടെന്ന് സി.പി.ഐ പോലും പരിതപിക്കുന്ന സി.പി.എമ്മിന് ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടിയോട് പ്രായോഗികമായി എങ്ങനെ പൊരുത്തപ്പെടാനാകുമെന്ന് കാത്തിരുന്ന് കാണണം.