കയ്യൂക്കുകൊണ്ട് എന്തും കവരാമെന്നുധരിച്ച് ആത്മാഹുതിയില്‍ അഭയമര്‍പ്പിച്ച നാസിസത്തിന്റെ പ്രയോക്താവ് ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്‌ലര്‍. പച്ചക്കള്ളം ആയിരംതവണ ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവര്‍ക്കത് ശരിയെന്നുതോന്നുമെന്ന തിയറിയുടെ വക്താവ് ജോസഫ് ഗീബല്‍സാണ് മറ്റൊരു പുള്ളി. പരിഷ്‌കരണങ്ങളെന്ന പേരില്‍ തലസ്ഥാനംവരെ മാറ്റി ജനങ്ങളെ പാപ്പരാക്കിയ മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന മറ്റൊരു വിദ്വാന്‍. വണ്‍, ടു, ത്രീ എന്നപോലെ കാലത്തിന്റെ ചവറ്റുകുട്ടയില്‍ കാണാം ഈ മൂന്നുമാന്യന്മാരുടെയും ശിരസ്സുകള്‍. എന്നിട്ടും പുതിയകാലം ചിലരെ ഈ ചരിത്രമൊന്നും ഒന്നും പഠിപ്പിക്കുന്നില്ലെന്ന് തോന്നുന്നു. സഹിഷ്ണുതയുടെയും സാകല്യത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെ പാടത്താണ് ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ചേര്‍ത്തുവെച്ച ഒരു ഭരണഘടന ഇന്ത്യ എഴുതിത്തയ്യാറാക്കിയത്. ഇവക്ക് പുല്ലുവില കല്‍പിക്കാത്ത ആശങ്കാജഢിലമായ ഭാവിയുടെ വര്‍ത്തമാനമാണ് നാം ഇന്ത്യക്കാര്‍, ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
2016 വിടചൊല്ലുമ്പോള്‍ ലോകത്തെ മഹത്തായ ഒരു സാംസ്‌കാരികഭൂമികക്കുമേല്‍ പിന്തിരിപ്പന്‍ ആഭിജാത്യത്തിന്റെ കറുത്തപടലം നിറഞ്ഞിരിക്കുന്നു. സാമൂഹികരംഗത്ത് പ്രതീക്ഷയുടെ കിരണങ്ങള്‍ കാണാനാകാത്തവണ്ണം ചക്രവാളത്തില്‍ ഇരുള്‍പരന്നിരിക്കുന്നു. ധിഷണയുടെയും ദീര്‍ഘദര്‍ശിത്വത്തിന്റെയും സ്ഥാനം കയ്യേറിയിരിക്കുന്നത് വിതണ്ഡവാദങ്ങളുടെ രാംദേവന്മാരും അര്‍ത്ഥക്രാന്തി പ്രതിഷ്ഠാനങ്ങളും അനില്‍ബോകില്‍മാരുമായിരിക്കുന്നു. ആസൂത്രണകമ്മീഷന്റെയും ദേശീയോദ്ഗ്രഥന സൂക്ഷിപ്പിന്റെയും പദവികളില്‍ നാഗ്പൂരിലെയും പൂനെയിലെയും കാവിവിദ്വാന്മാര്‍.
‘അച്ഛാദിന്‍’ എന്ന വാക്‌പെരുമകൊണ്ട് രണ്ടരകൊല്ലം മുമ്പ് ഇന്ദ്രപ്രസ്ഥത്തിലെ അധികാരം പിടിച്ചെടുത്ത കാവിപ്രഭൃതികള്‍ സ്വാര്‍ഥ-അര്‍ഥമോഹ സാക്ഷാല്‍കാരത്തിനായി 130 കോടി ജനതയെ ഉള്ളംകയ്യിലിട്ട് അമ്മാനമാടുന്നു. ഗീബല്‍സിന്റെയും തുഗ്ലക്കിന്റെയും പ്രേതം ഒരുമിച്ചാവഹിച്ചാവഹിച്ച പോലെ ഒരു രാഷ്ട്രനേതാവ് പ്രധാനമന്ത്രിക്കസേരയിലിരിക്കുമ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ക്കും സാംസ്‌കാരികനേതാക്കള്‍ക്കും വിയര്‍പ്പിന്റെ കലപ്പയേന്തുന്ന പാവങ്ങള്‍ക്കുമെതിരെ നടക്കുന്ന ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‘ ഒരുപക്ഷേ അല്‍ഭുതപ്പെടുത്തുന്നതാവില്ല. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ദലിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്കും കുടിക്കേണ്ടിവരുന്ന കയ്പുനീരിന് ഇന്ന് കണക്കില്ല. നല്ല നാളേക്കായി അതെല്ലാം സഹിക്കണമെന്ന് പറയുമ്പോള്‍ ഓര്‍മ വരുന്നത് അന്യത്ര പരാമര്‍ശിതര്‍ തന്നെ.
ഗാന്ധിഘാതകരുടെ സ്വയംസേവക ചാവേര്‍പടയാണ് ഇപ്പോള്‍ ജ്ഞാനപീഠജേതാവും രാജ്യത്തിന്റെ സാംസ്‌കാരികതേജസ്സുമായ എം.ടി വാസുദേവന്‍നായര്‍ക്കെതിരെയും സ്വാഭിപ്രായം പറഞ്ഞതിന് ഭരണിപ്പാട്ടുമായി ഇറങ്ങിയിരിക്കുന്നത്. ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗിമാരെ കൊന്നവരാണ് രാജ്യഭക്തിയുടെ പേരുപറഞ്ഞ് സംവിധായകന്‍ കമലിനെ ഭീഷണിപ്പെടുത്തിയതും എഴുത്തുകാരന്‍ കമല്‍സിയെയും പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചതും. മോദിയുടെ വിമര്‍ശകരെ കൂട്ടിലടക്കാന്‍ ഭീകരനിയമങ്ങളും അന്വേഷണ ഏജന്‍സികള്‍ വേറെയും. ഈ കാപാലികസംഘം തന്നെയാണ് ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാഖിനെ കല്ലിടിച്ചുകൊന്നതും ജെ.എന്‍.യുവിലെ നജീബ്അഹമ്മദിനെ അപ്രത്യക്ഷമാക്കിയതും ഉനയിലെ ദലിത്‌യുവാക്കളെ കുലത്തൊഴിലെടുത്തതിന് പൊതിരെതല്ലി സെല്‍ഫോണില്‍ പകര്‍ത്തി അഭിമാനിച്ചതും. ഇതേ പരിവാറുകാര്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ചത് അഖ്‌ലാഖിന്റെ ഘാതകന്റെ മൃതദേഹത്തിനുമേല്‍ ദേശീയപതാക പുതപ്പിച്ചുകൊണ്ടായിരുന്നുവെന്നോര്‍ക്കുക. രാഹുലിനെയും ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിനെയും പ്രകടനത്തിന് നേതൃത്വം നല്‍കിയതിന് രണ്ടുദിവസം സ്റ്റേഷനില്‍ പിടിച്ചുവെച്ച മോദിയുടെ പൊലീസ് തരുന്ന സന്ദേശം ഏകാധിപത്യമല്ലാതെ മറ്റെന്താണ് .
നോട്ടുനിരോധനമാണ് ഈ അധികാരതാണ്ഡവത്തിലെ ഒടുവിലത്തെ ഏട്. അമ്പതുദിവസം സഹിക്കൂ, പിന്നെയെല്ലാം ശുഭം എന്നുപറഞ്ഞവരുടെ നാവ് കുറച്ചുകൂടി കാത്തിരിക്കൂ എന്ന് ഇഴയുന്നത് നാം കാണുന്നു. മൂന്നുലക്ഷം കോടി കള്ളപ്പണം പിടിക്കുമെന്നുപറഞ്ഞ് തുടങ്ങിയ ‘നോട്ടുബന്ധനം’ ഇപ്പോള്‍ 3500 കോടി രൂപയില്‍ മാത്രമെത്തിയിരിക്കുന്നു. ബാങ്കില്‍ ആറക്ക ശമ്പളം വാങ്ങുന്നവരോട് പൗരന്‍ തന്റെ സ്വന്തം പണത്തിന് വിശദീകരണം നല്‍കണമെന്ന് കല്‍പിച്ച അധികാരികള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ പരിഹാസ്യമാക്കി വിമാനങ്ങളില്‍ കോടികള്‍ ചെലവിട്ട് പറന്നുനടക്കുന്നു. അഞ്ഞൂറ് കോടിയുടെ കല്യാണമാമാങ്കം നടത്തിയവര്‍ക്കും രണ്ടായിരത്തിന്റെ പിങ്ക് നോട്ടുകള്‍ കെട്ടുകണക്കിന് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ചവര്‍ക്കും രായ്ക്കുരാമാനം മുങ്ങാന്‍ അവസരം കൊടുത്തപ്പോള്‍ ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും എന്തിന് പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ കോണാട്ട് പ്ലെയ്‌സിലെ ബാങ്കിന് മുന്നില്‍ നിത്യവൃത്തിക്കുപോലും പോകാനാവാതെ ഇന്നലെപോലും അച്ചടക്കത്തോടെ വരിനിന്നു ജനം, അധ്വാനിച്ചുണ്ടാക്കിയ കാശ് ചോദിക്കാന്‍ വേണ്ടിമാത്രം. പ്രധാനമന്ത്രിയല്ലാതെ ഇത്രയും വലിയ പദ്ധതിയുടെ രഹസ്യം മറ്റാരും അറിഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വ്യാഖ്യാനമെങ്കില്‍ അംബാനിയും അദാനിയും നവംബര്‍ എട്ടിലെ ദൂരദര്‍ശന്‍ പ്രക്ഷേപണത്തിനുമുമ്പേ ദൂരദര്‍ശനം നടത്തിയിരുന്നുവെന്നതിന് തെളിവുകളേറെ തരാം.
കുടുംബവും കുട്ടികളുമില്ലാതെ താന്‍ രാഷ്ട്രത്തിനുവേണ്ടി പണിയെടുക്കുന്നുവെന്നുപറഞ്ഞ പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്ക് രണ്ടായിരവും കള്ളപ്പണക്കാര്‍ക്ക് ലക്ഷങ്ങളുടെ പുതിയ നോട്ടും കൊടുത്തതിനു മറുപടി പറയണം. അമ്പത് ദിവസം കഴിയുന്ന മണിക്കൂറിലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുത്ത വാക്കുപാലിക്കാന്‍ എന്തുകൊണ്ട് മോദി വീണ്ടും സമയം ചോദിക്കുന്നു. അന്തിപ്പട്ടിണി മാറ്റാന്‍ അരികിട്ടാതെ വലയുന്ന ദരിദ്രലക്ഷങ്ങളോടാണ് മൊബൈല്‍ വോലറ്റിലൂടെ പണമയക്കാന്‍ ഉപദേശിക്കുന്നത്. പഞ്ചപുച്ഛമടക്കുന്ന ചന്ദ്രബാബുനായിഡുവും നിതീഷും പാസ്വാനും അടങ്ങിയിരിക്കുന്നത് എത്രനാളെന്നേ ഇനി അറിയേണ്ടതുള്ളൂ. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. സഹാറ, ബിര്‍ള കുത്തകകളില്‍ നിന്ന് മുഖ്യമന്ത്രിയായിരിക്കെ 65 കോടി രൂപ കൈപ്പറ്റിയതിന്റെ തെളിവുകള്‍ ഹാജരാക്കിയിട്ടും ജനങ്ങളുടെ സംശയം അകറ്റാനുള്ള കേവലബാധ്യതയെങ്കിലും മോദി നിര്‍വഹിക്കേണ്ടിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം പത്താന്‍കോട്ടിലും ഉറിയിലും നഗ്രോട്ടയിലും മറ്റും സൈനികര്‍ കൊടുത്തതിലധികം ജീവന്‍ ബാങ്കിനുമുന്നില്‍ നിന്ന് ജനം മോദിയുടെ ജീവചരിത്രത്തിന് ‘സമ്മാനിച്ചു’കഴിഞ്ഞു.ജനാധിപത്യമുള്ളിടത്തോളം കയ്യില്‍ ബാലറ്റ് എന്ന വജ്രായുധമുള്ളപ്പോള്‍ സമരത്തിന്റെ പേരില്‍ മോദിയുടെ തോക്കിനുമുന്നില്‍ തങ്ങളുടെ ജീവന്‍ എന്തിന് എറിഞ്ഞുകൊടുക്കണമെന്നായിരിക്കാം ജനമിപ്പോള്‍ ചിന്തിക്കുന്നത്. മോദിയുടെ നാട്ടിലെ ഇന്നലത്തെ തദ്ദേശഫലം ആ ജനമനസ്സിന്റെ പ്രതിഫലനമായി കാണാം, കാണണം.