ആയിരം നാവുള്ള മൗനം യൂസുഫലി കേച്ചേരിയുടെ കവിതയാണ്. മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എം.ടി ഏറെയും മൗനത്തിന്റെ വാല്മീകത്തില്‍. കടലാസിലും അഭ്രപാളികളിലുമാണ് അദ്ദേഹം വാചാലനായത്. വാഗ്മിതയുടെ പരകോടിയായതുകൊണ്ടുകൂടിയാവാം അദ്ദേഹം വാ തുറന്നപ്പോഴൊക്കെ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്, അറിയേണ്ടവര്‍ അറിഞ്ഞിട്ടുണ്ട്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പുണ്ടായപ്പോള്‍ അദ്ദേഹം പ്രതികരിച്ചു, ഇഷ്ടപ്പെടാത്തവരുണ്ടാകാം. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ പിന്നെ കല്‍ബുര്‍ഗി. സ്വതന്ത്ര ചിന്തയുടെ വായ് മൂടിക്കെട്ടാന്‍ ഭരണകൂടാനുവാദത്തോടെ നടക്കുന്ന കൊലകളുടെ ഒരു ഘട്ടത്തിലും എം.ടി പ്രതികരിച്ചു. ഈര്‍ഷ്യ വന്നവരുണ്ടാകാം. പക്ഷെ അവഗണിക്കാനാവില്ല. മഞ്ഞ് പോലെ വിശുദ്ധമായ, കാലം ആവശ്യപ്പെടുന്ന ഈ സുകൃതത്തെ.
നൂറ്റിരുപത്തഞ്ച് കോടി മനുഷ്യരെയും ഏറെക്കുറെ നിസ്സഹായരാക്കി ഇടിത്തീപോലെ പ്രധാനമന്ത്രിയുടെ നോട്ട് പ്രഖ്യാപനം വന്നിട്ട് അമ്പത് ദിവസം പൂര്‍ത്തിയാക്കുമ്പോഴാണ്, അമ്പത് ദിവസം കാത്തുനില്‍ക്കൂ ഇതിനകം എല്ലാം ശരിയായില്ലെങ്കില്‍ ജനത്തിന് എന്നെ ശിക്ഷിക്കാമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ അവധി തീരുന്ന ദിവസമാണ്, സന്ദര്‍ഭവും സമയവും ആവശ്യപ്പെടുന്ന ആറ്റിക്കുറുക്കിയ ഏതാനും വാക്കുകള്‍ എം.ടി.യില്‍ നിന്നുണ്ടായത്. അതും ബന്ധപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുമ്പോള്‍. ബി.ജെ.പി.ക്കാര്‍ ചോദിക്കുകയാ, നോട്ട് കാര്യം സംസാരിക്കത്തക്ക വിഷയാവഗാഹം എം.ടിക്കുണ്ടോയെന്ന്.
സ്വാഭാവികമായും കള്ളപ്പണം കൈവശമുണ്ടായേക്കാവുന്ന വന്‍കിട കച്ചവടക്കാരോ സിനിമാ താരങ്ങളോ ആരും നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിനെ എതിര്‍ത്തിട്ടില്ലെന്ന് മാത്രമല്ല, മോഹന്‍ലാല്‍ മുതല്‍ ആമിര്‍ഖാന്‍ വരെ സിനിമാക്കാരെല്ലാം മത്സരിച്ച് മോദിയെ പുകഴ്ത്തുകയാണുണ്ടായത്. അവരോട് ഒരാളും ചോദിച്ചിട്ടില്ല, സാമ്പത്തിക ശാസ്ത്രത്തിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന്. പ്രധാനമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ട അവധികളൊക്കെ തീര്‍ന്നിട്ടും സാധാരണ മനുഷ്യര്‍ക്കുമേലുള്ള ഈ ദുരിതപ്പേമഴ തോരാത്തതുകൊണ്ട്, ഏതൊരാളും ചോദ്യം ചെയ്‌തേക്കാവുന്ന ഘട്ടത്തിലാണ്, ഭീമന്റെയും അര്‍ജുനന്റേയും ഗാന്ധാരിയുടെയും മനസ്സ് കണ്ട എം.ടി സംസാരിച്ചത്. ഉള്ളുറപ്പിന്റെ എല്ലുറപ്പ് ആ വാക്കുകളിലുണ്ട്. എതിര്‍വാക്കുകളെ ഭയക്കുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിച്ചത് ചുമ്മാതല്ല. മോദിയെ എം.ടി മുഖം കാണിച്ചിട്ടില്ലായിരിക്കാം. വരാണസിയെഴുതിയ അദ്ദേഹത്തിന് ‘വിശുദ്ധ’ ഗംഗയെ ആരും പരിചയപ്പെടുത്തണ്ട.
സാഹിത്യ പുരസ്‌കാരത്തില്‍ എം.ടി.ക്ക് മുമ്പില്‍ ഇനിയുള്ളത് നോബേല്‍ സമ്മാനം മാത്രമാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കെ കഥാപുസ്തകം പ്രസിദ്ധം ചെയ്ത ഈ ഗദ്യസാഹിത്യ ചക്രവര്‍ത്തി രണ്ടു പതിറ്റാണ്ടു മുമ്പെ ജ്ഞാനപീഠത്തിലേറിയതാണ്. 2005ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യവും ആദരിച്ചു. മലയാള സാഹിത്യത്തിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ ആരും മലയാള സിനിമയുടെ സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയിട്ടില്ല. കണ്ണാന്തളിപ്പൂക്കള്‍ പോലെ അന്യം നിന്ന നന്മത്തറവാട്ടിലെ ഈ നിളാവരദാനമല്ലാതെ. അതുകൊണ്ടുതന്നെ ആരെയും പ്രീണിപ്പിച്ച്, സുഖിപ്പിച്ച് ഒന്നും നേടാനില്ല എം.ടിക്ക്. ഒരിക്കല്‍ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട്, മാര്‍ക്‌സിസത്തിന്റെ മാനവികപക്ഷം ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും സാഹിത്യത്തോടുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് സ്വീകാര്യമായിട്ടില്ലെന്ന്.
ഏതെങ്കിലും കള്ളിയില്‍ ഒതുക്കാനാവില്ല എം.ടിയെ. മനുഷ്യ മനസ്സിന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് എന്നും എം.ടിയുടെ ഇഷ്ട വിഷയം. നാലുകെട്ടില്‍ ഒതുങ്ങി നില്‍ക്കാതെ വരാണസിയിലേക്കും അതിനപ്പുറത്തേക്കും ഒഴുക്കിപ്പരത്തിയ ആ സാഹിത്യ ജീവിതത്തിന് പകരം വെക്കാന്‍ കേരളക്കരയില്‍ ആരുമില്ല. ഇമ്മ്ണി ബല്യ ഒന്ന് എന്ന സമസ്യ പൂരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന് ഇദ്ദേഹം നൂലന്‍ വാസുവായിരുന്നു. പ്രായഭേദമെന്യേ എല്ലാര്‍ക്കും എം.ടി രണ്ടക്ഷരത്തിലെ ഒരു പ്രപഞ്ചം.
ഒറ്റപ്പെട്ട ഒരു കുട്ടിയായിരുന്നു താനെന്ന് എം.ടി. കുട്ടിക്കാലത്തെ അനുസ്മരിച്ചിട്ടുണ്ട്. കൂടല്ലൂരില്‍ നിന്ന് കോഴിക്കോട്ടോളമുള്ള ദൂരം ബഷീറിയന്‍ യാത്രക്കൊപ്പം കാതത്തില്‍ എത്തില്ലായിരിക്കാമെങ്കിലും അത് മനുഷ്യമനസ്സുകളെ കുഴിച്ച് കുഴിച്ച് ആഴങ്ങളിലേക്കാണ് പോയത്. ചെറുപുഞ്ചിരിയില്‍, 20 മിനുട്ടിലധികം നീളാത്ത പ്രസംഗത്തില്‍ എം.ടിയുടെ പ്രതികരണങ്ങള്‍ തീരും. കാലത്തോട് ഇത്രമാത്രം സംവദിക്കുന്ന വലിയ എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പുസ്തകങ്ങളെയും ഏറ്റവും പുതിയ സിനിമകളെയും പരിചയപ്പെടുന്ന എം.ടി പ്രായത്തില്‍ എണ്‍പതുകളെയും ധന്യമാക്കിയാണ് മുന്നോട്ട് പോകുന്നത്.
1958ല്‍ നാലുകെട്ടിലൂടെ മലയാള നോവല്‍ സാഹിത്യത്തിന് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ തൂലിക ഇന്നും സജീവമാണ്. അതുകൊണ്ട്, സംഘ് പരിവാര്‍ പ്രസംഗകര്‍ക്ക്, എം.ടി.ക്ക് മറുപടി പറയാന്‍ ശ്രമിക്കാം, പക്ഷെ അദ്ദേഹത്തിന്റെ വിയോജിക്കാനുള്ള അര്‍ഹതയെ ചോദ്യം ചെയ്യരുത്. എടുത്തു കാട്ടാന്‍ ദുഷ്‌കൃത്യങ്ങളുടെ ഒരു പട്ടികയല്ലാതെ ഒരു അക്കാദമിക് സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത നരേന്ദ്രമോദിയെ ന്യായീകരിക്കാന്‍ പഞ്ചാഗ്നി മധ്യേ തപസ്സ് ചെയ്ത് നേടിയ എം.ടിയുടെ പ്രതിഭക്ക് നേരെ കൊഞ്ഞനം കുത്തരുത്. കേന്ദ്രാധികാരത്തിന്റെ പളപളപ്പില്‍ ആരെയും വീഴ്ത്താമെന്ന് പഠിച്ച സംഘികള്‍ കേരളത്തില്‍ ഒരാളുടെ മുമ്പിലേ മുട്ടു മടക്കേണ്ടിവന്നിട്ടുള്ളൂ, അത് എം.ടിയുടെ മുമ്പിലാണെന്നത് തപസ്യക്കാര്‍ക്ക് അറിയാം. അറബിപ്പൊന്നും ദാര്‍ ഇ സലാമും എഴുതുകയും നിര്‍മാല്യം സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹത്തില്‍ നിന്ന് ഇതില്‍ പരം എന്തു പ്രതീക്ഷിക്കാന്‍ എന്ന് ആത്മഗതം ചെയ്യുകയാവും പരിവാറിന് സംഗതി.