Connect with us

Video Stories

ആശങ്കകള്‍ ബാക്കിനില്‍ക്കുന്ന നര്‍മ്മദ

Published

on

അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി നാടിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ ഇതുവരെ നിലനിന്ന ആശങ്കകള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. വികസന സങ്കല്‍പങ്ങളെക്കുറിച്ചുള്ള പെരുമ്പറ ശബ്ദങ്ങള്‍ക്കിടയില്‍ കുടിയിറക്കപ്പെടുന്നവരുടെയും ആവാസം നഷ്ടപ്പെടുന്നവരുടേയും നിലവിളികള്‍ എങ്ങുമെത്താതെ പോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് വേണമെങ്കില്‍ നര്‍മ്മദാ സമരത്തെ വിശേഷിപ്പിക്കാം. 1961 ഏപ്രില്‍ അഞ്ചിനാണ് പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്‌റു ഈ ജലസംഭരണിക്ക് തറക്കല്ല് പാകിയത്. പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്‌നത്തിന് നെഹ്‌റു ശിലയിടുമ്പോള്‍ ഒരു സ്വപ്‌നത്തിനൊത്തുള്ള ചുവടുവെപ്പ് എന്നതില്‍ കവിഞ്ഞ് കാര്യമായ പഠനങ്ങളുടേയോ പരിശോധനകളുടേയോ പിന്തുണയില്ലായിരുന്നു. തറക്കല്ല് പാകിയ ശേഷമാണ് പദ്ധതിയെക്കുറിച്ചുള്ള പഠനങ്ങള്‍ പോലും നടന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ ഘട്ടത്തിലും തടസ്സങ്ങളുടെ വന്‍മലകള്‍ പദ്ധതിക്കു മുന്നില്‍ രൂപപ്പെട്ടത്. നര്‍മ്മദയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് അണക്കെട്ട് പണിയുമ്പോള്‍, നീരൊഴുക്കിനെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ 1969ല്‍ നര്‍മ്മദ ജലതര്‍ക്ക ട്രൈബ്യൂണലിന് രൂപം നല്‍കി. മധ്യപ്രദേശിന് 65 ശതമാനം ജലവും ഗുജറാത്തിന് 32ഉം ശേഷിക്കുന്ന മൂന്നു ശതമാനം വെള്ളം മഹാരാഷ്ട്രക്കും രാജസ്ഥാനും തുല്യമായി പങ്കിട്ടുനല്‍കാമെന്നുമുള്ള വ്യവസ്ഥകളിലാണ് ജലതര്‍ക്ക കമ്മീഷന്‍ പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ ആസൂത്രണ കമ്മീഷന്‍ പദ്ധതിക്ക് അനുമതി നല്‍കി. നര്‍മ്മദ അപ്പോഴേക്കും വലിയൊരു പരിസ്ഥിതി സമരത്തിന്റെ വേദിയായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1985ലെ മേധാപട്കറുടെ നര്‍മ്മദാ സന്ദര്‍ശനവും തുടര്‍ന്ന് നടന്ന ജലസത്യഗ്രഹവും നര്‍മ്മദാ ആന്ദോളന്‍ ബച്ചാവോ എന്ന പേരില്‍ രൂപം നല്‍കിയ സമരമുന്നേറ്റവുമെല്ലാം പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള സമരങ്ങളെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തി. ബാബാ ആംതെ, അരുന്ധതി റോയി തുടങ്ങിയവരുടെ രംഗപ്രവേശം സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിക്കാതെയും കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കാതെയും അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുതിയ നിയമ പോരാട്ടത്തിനും വഴിതുറന്നു. ഒടുവില്‍ ഉപാധികളോടെയാണ് സുപ്രീംകോടതി അണക്കെട്ട് നിര്‍മാണം തുടരാന്‍ അനുമതി നല്‍കിയത്. അണക്കെട്ട് നിര്‍മാണത്തെതുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പുനരധിവസിപ്പിക്കണമെന്നതായിരുന്നു ഉപാധികളില്‍ പ്രധാനം. ഇതുപോലും പാലിക്കപ്പെടാതെയാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. 4,00000 കുടുംബങ്ങളെ അണക്കെട്ട് പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുമെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 18,356 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. 80 മീറ്റര്‍ ഉയരത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിടത്തുനിന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 163 മീറ്റര്‍വരെ ആവാമെന്നതിലേക്ക് എത്തിയത്.
1.2 കിലോമീറ്റര്‍ നീളം വരുന്ന അണക്കെട്ടിന്റെ നിലവിലെ സംഭരണ അളവ് 138.68 മീറ്റര്‍ ആണ്. ദരിദ്ര കര്‍ഷകരെ സമ്പന്നരാക്കാനുള്ള മോദിയുടെ സ്വപ്‌നം പൂവണിയുന്നു എന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളം, 22000 ഹെക്ടറില്‍ കൃഷിക്ക് ജലസേചനം, മൂന്നു സംസ്ഥാനങ്ങളിലായി 9000 ഗ്രാമങ്ങളില്‍ വൈദ്യുതി തുടങ്ങി ഈ അണക്കെട്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ ഏറെ വലുതാണ്. ഈ കണക്കുകളത്രയും അതിശയോക്തി നിറഞ്ഞതാണെന്ന് ബദല്‍ പഠനങ്ങള്‍ തെളിയിച്ചതാണ്. വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വികസനം എന്നത് പരിസ്ഥിതിയുടെ നിലനില്‍പ്പും അതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണവുംകൂടി മുന്നില്‍ കണ്ടുകൊണ്ടാകണം. അത്തരമൊരു സമഗ്ര കാഴ്ചപ്പാട് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇപ്പോഴും കൈവന്നിട്ടില്ലെന്ന് വേണം പറയാന്‍. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരമുള്ള പുനരധിവാസംപോലും സാധ്യമായിട്ടില്ല എന്നതു തന്നെ ഇതിനു തെളിവാണ്. 56 വര്‍ഷമായി പദ്ധതിക്കു വേണ്ടിയും നിയമ പോരാട്ടത്തിനു വേണ്ടിയും ചെലവഴിച്ച തുക, കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിനു വേണ്ടി വരുന്ന ചെലവ്, ഹെക്ടര്‍ കണക്കിന് വനഭൂമി വെള്ളക്കെട്ടില്‍ അമരുമ്പോള്‍ ജൈവ വ്യവസ്ഥക്ക് നേരിടുന്ന കോട്ടം, എല്ലാറ്റിനുമുപരി അണക്കെട്ട് സമ്മാനിക്കുന്ന ജീവഭയം.., ഇവക്കെല്ലാം പകരം വെക്കാനുള്ള നേട്ടങ്ങള്‍ ഈ പദ്ധതിക്ക് സമ്മാനിക്കാനാവുമോ എന്ന ചോദ്യമാണ് പ്രസക്തം. ഒരു പദ്ധതിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായതെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. അണക്കെട്ട് ബാക്കിവെക്കുന്ന ദുരന്ത ഭീതിക്കും പ്രധാനമന്ത്രി പറഞ്ഞ അത്രതന്നെ ആഴമുണ്ടെന്ന കാര്യം പക്ഷേ അദ്ദേഹം വിസ്മരിക്കുന്നു.
നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ എന്നത് കേവലം ഒരു പ്രതിഷേധ സമരമായിരുന്നില്ല. നാടിന്റെ, ജനതയുടെ, പരിസ്ഥിതിയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അണക്കെട്ട് വരുന്നതിലല്ല, അത് മുന്നോട്ടുവെക്കുന്ന ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിലും ഭരണകൂടങ്ങള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ വീഴ്ചകളാണ് ഭാവിയുടെ വെല്ലുവിളി. 140 അടി മാത്രം ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ തലക്കുമീതെ സൃഷ്ടിക്കുന്ന ഭീതിയുടെ ഉയരം എത്രത്തോളമെന്നത് മലയാളിയെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അപ്പോള്‍ 500ലധികം അടി ഉയരവും 1200 മീറ്റര്‍ നീളവും വരുന്ന, 3500 കോടി ഘനയടി ജലം ഉള്‍കൊള്ളുന്ന ഒരു ജലബോംബ് സൃഷ്ടിക്കുന്ന ഭീതിയുടെ ആഴവും പരപ്പും നമുക്ക് അളക്കാനാവും. ആ ഭീഷണിയെ അഭിമുഖീകരിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്നിടത്താണ് വികസനം തോറ്റുപോകുന്നത്. മനുഷ്യനും.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending