യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ അമരത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു ഫലത്തിന് ലോകം ഉറ്റു നോക്കുകയാണ്. ലോകത്തിന് ഏറെ കൗതുകവും അതോടൊപ്പം ആശങ്കയും സമ്മാനിച്ചിരിക്കുന്നതാണിത്. നിലവിലെ ബറാക് ഹുസൈന്‍ ഒബാമയുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് പ്രതിനിധിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപുമാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ക്രീസിലുള്ളത്. അമ്പതു സംസ്ഥാനങ്ങളില്‍ വോട്ടു ചെയ്യപ്പെടുന്ന 538 അംഗ ഇലക്ടറല്‍ കോളജില്‍ നിന്ന് 270 വോട്ടുകള്‍ ലഭിക്കുന്നയാള്‍ക്കാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാന്‍ കഴിയുക. ഇതില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിന് അല്‍പം മുന്‍തൂക്കമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍. മറ്റ് മൂന്നു സ്ഥാനാര്‍ഥികള്‍ കൂടിയുണ്ടെങ്കിലും വിജയം ഇവരിലൊരാള്‍ക്കാകുമെന്ന് ഉറപ്പാണ്. വോട്ടെടുപ്പിന് മൂന്നു നാള്‍ മാത്രം ബാക്കിയിരിക്കെ നിര്‍ണായകമാണ് കാര്യങ്ങള്‍. വൈറ്റ് ഹൗസിന്റെ പടി ചവിട്ടാന്‍ ട്രംപിന് സാധിച്ചാല്‍ നിലവിലെ ലോക ക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ് ലോകമിപ്പോള്‍ ഉറ്റുനോക്കുന്നത്.
അടിമ സമ്പ്രദായം നിര്‍ത്തലാക്കിയതടക്കമുള്ള അബ്രഹാം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെയുമൊക്കെ മഹിത പാരമ്പര്യത്തിനിടയിലും ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതടക്കം ലോകത്തെ തന്നെ വലിയൊരളവു വരെ സ്വാധീനിക്കുന്ന സൈനിക-സാമ്പത്തിക നയങ്ങളാണ് യു.എസ് രണ്ടാം ലോക യുദ്ധത്തിനുശേഷമിങ്ങോട്ട്, ഏഴുപതിറ്റാണ്ടായി പിന്തുടരുന്നത്. ഒരുതരം സാമ്രാജ്യത്വം. ഹിലരിയും ട്രംപും പ്രതിനിധീകരിക്കുന്നത് ഏതാണ്ട് സമാനമായ ഈ നയങ്ങളെതന്നെയാണ്. പിന്നെയെന്താണ് ഇവര്‍ തമ്മിലുള്ള കാര്യമായ വ്യത്യാസം. ട്രംപ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച സവിശേഷമായ വിദ്വേഷ രാഷ്ട്രീയമാണ് അതിലൊന്ന്. ഇസ്രാഈലിലും വടക്കന്‍ കൊറിയയിലും ഇന്ത്യയിലും കണ്ടുവരുന്ന ഫാസിസത്തിന്റേതിന് സമാനമായ നയത്തിനുവേണ്ടിയാണ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. മുസ്്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമാണ് ഇതിന്റെ കാതല്‍.
ആദായ നികുതി പോലും വെട്ടിച്ചയാള്‍. ഹിലരിയാകട്ടെ പതിവു അമേരിക്കന്‍ നയങ്ങളെക്കുറിച്ചാണ് പക്വമായി മറുപടി പറയുന്നത്. ഹിലരിക്ക്ആദ്യമായി വൈറ്റ്ഹൗസിലെത്തുന്ന വനിതയെന്ന ആനുകൂല്യമുണ്ട്. സ്ഥിതി സമത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്ന രാജ്യത്തിന് കഴിഞ്ഞ 57 തവണയും കഴിയാത്തതാണ് ഹിലരിയിലൂടെ സാധിക്കപ്പെടാന്‍ പോകുന്നത്. ലോകത്തെ സ്ത്രീ മുന്നേറ്റങ്ങള്‍ക്കോ മറ്റോ എന്തെങ്കിലും പ്രത്യേക നേട്ടം ഹിലരിയുടെ വിജയം കൊണ്ടുണ്ടാവുമെന്ന് കരുതുന്നില്ലെങ്കിലും ട്രംപിന്റെ സ്ത്രീ-മുസ്്‌ലിം വിരുദ്ധതക്ക് അത് കനത്ത പ്രഹരം നല്‍കുമെന്നതാണ് ലോകം കൗതുകത്തോടെയും പ്രതീക്ഷയോടെയും കാണുന്നത്. ഹിലരിക്കാണ് ആദ്യ ഘട്ടത്തില്‍ മുന്‍തൂക്കമെങ്കിലും പിന്നീട് ട്രംപിന് അനുകൂലമായി മാറിമറിഞ്ഞു. അടുത്ത കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് അവര്‍ക്ക് അന്തിമ ഘട്ടത്തില്‍ തിരിച്ചടിയായത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി. ഐ തന്നെ ഹലരിക്കെതിരെ രംഗത്തുവന്നു. ഒരര്‍ഥത്തില്‍ ട്രംപിനു ലഭിക്കുന്ന പിന്തുണ ആ രാജ്യത്തിന്റെ മാറുന്ന മുഖമാണ് ലോകത്തിന് മുന്നില്‍ പ്രതിഫലിപ്പിക്കുന്നത്. മുസ്്‌ലിം വിരോധം എത്ര കണ്ട് ഊതി വീര്‍പ്പിക്കാമെന്നാണ് ട്രംപ് അവസാന സമയത്തും ശ്രമിക്കുന്നത്. ഇതിന് നല്ലൊരു ശതമാനം പിന്തുണ അമേരിക്കക്കാരുടെ ഇടയില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. അമേരിക്ക പൊതിഞ്ഞുവെച്ച മുഖമാണ് ഇതെന്നു വിലയിരുത്തുന്നവരുമുണ്ട്.
ആഭ്യന്തര രംഗത്ത് സാമ്പത്തികമായും സൈനികമായും കടുത്ത വെല്ലുവിളികള്‍ അമേരിക്ക അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണ്. ഇത് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. അമേരിക്കക്കാര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും പശ്ചിമേഷ്യയിലും ഏഷ്യയില്‍ പൊതുവെയുമായി വിവിധ സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതാണ് വിവാദ വിഷങ്ങളിലൊന്ന്. രാജ്യം സാമ്പത്തികത്തകര്‍ച്ചക്കടുത്തെത്തിയിരിക്കെ ഇത് ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരുള്ളപ്പോള്‍ തന്നെ തങ്ങളുടെ ലോക പൊലീസ് പദവി അതേ പടി തുടരണമെന്ന് വാദിക്കുന്നവരും പ്രബലമായുണ്ട്. ഇതില്‍ ഇപ്പോഴത്തെ രണ്ട് പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കും ഏതാണ്ട് ഒരേ അഭിപ്രായമാണ്. അമേരിക്കയുടെയും ലോകത്തിന്റെയും ഭാവിക്കുവേണ്ടി ഉണരാനാണ് കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഒബാമ തങ്ങളുടെ പാര്‍ട്ടിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക പിന്തുടര്‍ന്നുവരുന്ന മതേതരത്വ- മനുഷ്യാവകാശനയങ്ങള്‍ക്കേല്‍ക്കുന്ന തിരിച്ചടിയാവും ട്രംപിന്റെ വിജയമെന്ന് ഒബാമ പറയുന്നു. റഷ്യയുടെ പാവയാണ് ട്രംപെന്നാണ് ഹിലരിയുടെ ആക്ഷേപം.
ഇന്ത്യയെയും റഷ്യയെയും കൂട്ടുപിടിച്ചാണ് പ്രചാരണത്തില്‍ ട്രംപ് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടവും മറ്റും ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന ഫാസിസ്റ്റ് -വര്‍ഗീയ നയങ്ങളാണ് ട്രംപിനെ ആകര്‍ഷിക്കുന്നത്. മുസ്്‌ലിംകള്‍ക്കെതിരില്‍ ഒരു ലോകക്രമം സൃഷ്ടിക്കുക എന്ന ഗൂഢ നയമാണതിന് പിന്നില്‍. അറേബ്യയിലും യൂറോപ്പിലും മറ്റും നിലവില്‍ പ്രകടമാകുന്ന ഭീകര വാദമാണ് ട്രംപും റിപ്പബ്ലിക്കന്‍ അനുകൂലികളും ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ മയങ്ങി വീഴുന്നവരുണ്ട്. ഈ ഭീകരവാദം തന്നെ അമേരിക്കയുടെ സൃഷ്ടിയാണ്. താലിബാനെയും അല്‍ക്വയ്ദയെയും വരെ സൃഷ്ടിച്ചതിന്റെ പഴി അമേരിക്കക്കുതന്നെ. ഐ.എസ് ആണ് ഈ ഗണത്തിലെ പുതിയ അവതാരം. പലതും പറഞ്ഞ് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചെറിയ രാഷ്ട്രങ്ങള്‍ക്കുമേല്‍ കുതിര കയറുന്ന രീതി ആ രാജ്യത്തിന് പുത്തരിയല്ല. സിറിയയിലും ഇറാഖിലും ഇപ്പോഴും അറേബ്യയില്‍ പൊതുവെയും മുമ്പും അവരിത് നിര്‍വഹിച്ചിട്ടുണ്ട്. ഇതിന് എല്ലാവിധ പിന്തുണയും അവര്‍ക്ക് യൂറോപ്യന്‍ ശക്തികളില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. ഇതാണ് സൈനിക ഘടകമെങ്കില്‍ യൂറോപ്പാകട്ടെ യൂണിയനിലെ പടലപ്പിണക്കങ്ങള്‍ മൂലം ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിലുഴലുകയുമാണ്. നോട്ടം ലോകത്തെ ചലിപ്പിക്കുന്ന എണ്ണയിലേക്കാണ്. 2020ലെ വന്‍ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്തെ തുറിച്ചുനോക്കുന്നത്.
സിറിയയിലും ഇറാഖിലും അഫ്ഗാനിലും മറ്റും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഐ.എസ് വിരുദ്ധ യുദ്ധത്തിന്റെ ഗതി നിര്‍ണായകമാണ്. സിറിയയില്‍ റഷ്യന്‍ പ്രസിഡണ്ട് പുട്ടിനുമായി ഒരു സന്ധിയുണ്ടാക്കാന്‍ അമേരിക്കക്ക് കഴിഞ്ഞാല്‍ അത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ശീതയുദ്ധം അവസാനിപ്പിക്കാനാകും.എന്നാല്‍ ട്രംപിന് പോലും ഇത് സാധ്യമാകുമോ എന്ന് കണ്ടറിയണം.