സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.
ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.
പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.