Connect with us

Video Stories

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് അഭിലഷണീയമോ

Published

on

ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായറിയപ്പെടുന്ന പ്രവാചകചര്യകളും, ഇസ്‌ലാമിക നിയമങ്ങളുടെ മുഖ്യസ്രോതസ്സുകളും ഇവതന്നെയാണ്.

എന്നാല്‍ മനുഷ്യന്‍ ഓരോകാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്ക് അക്കമിട്ടു പരിഹാരം നിര്‍ദ്ദേശിക്കുകയല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ചില പ്രധാന വിഷയങ്ങളെപ്പറ്റി സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെങ്കിലും മറ്റു പല കാര്യങ്ങളിലും ഒരു വിശ്വാസി ജീവിതത്തില്‍ പൊതുവെ അംഗീകരിക്കേണ്ടതായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ മൗലീക തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവിതത്തെ നിയന്ത്രിക്കാനാണ് വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഈ തത്വങ്ങള്‍ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുന്നതിന് ആവശ്യമായ വിജ്ഞാനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ നിന്നും നബിചര്യകളില്‍ നിന്നും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് ഖുര്‍ആനിലും തിരുവചനങ്ങളിലും അഗാധമായ പാണ്ഡിത്യം നേടിയ ഭക്തരായ മതപണ്ഡിതന്മാര്‍ മതകാര്യങ്ങളില്‍ ഏകോപിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളായ ‘ഇജ്മാഉ്’ പ്രമാണമായി മുസ്‌ലിംകള്‍ അംഗീകരിച്ചുപോന്നു. ഇതുകൊണ്ടും പ്രമാണങ്ങളുടെ ആവശ്യം മതിയായില്ല. സമുദായത്തിന്റെ മുമ്പിലുള്ള ജീവിത പ്രശ്‌നങ്ങള്‍ സങ്കീര്‍ണബഹുലമായപ്പോള്‍ നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായും വന്നു. അങ്ങനെയാണ് ‘ഖിയാസി’നെ അവലംബിക്കേണ്ടിവന്നത്. ഒരു സംഗതി മറ്റു സംഗതിയോടോ, പല സംഗതികളോടോ തുലനം ചെയ്തുനോക്കി വിഷയത്തിന്റെ കാതല്‍ കണ്ടെത്തി എടുക്കുന്ന തീരുമാനത്തിനാണ് ‘ഖിയാസെന്നു’ പറയുന്നത്. ഇതും ഒരു പ്രമാണമായി പണ്ഡിതലോകം എണ്ണിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകാവസാനം വരെ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ന്യായവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗം ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിശ്വാസികളുടെ മുമ്പില്‍ തുറന്നുവെച്ചിട്ടുണ്ടെന്നുകാണാം. ഇതുകൊണ്ടെല്ലാമാണ് ഇസ്‌ലാമില്‍ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമായ പരിഹാരമുണ്ടെന്നു പറയാനുള്ള കാരണം.

ഖുര്‍ആന്‍ കുറച്ചു വിശദമായിത്തന്നെ വിവരിച്ചിട്ടുള്ള വിഷയങ്ങളിലൊന്നാണ് ഇസ്‌ലാമിലെ ദായക്രമം, അഥവാ പിന്‍തുടര്‍ച്ചാവകാശ നിയമം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന പിന്‍തുടര്‍ച്ചാവകാശ നിയമം മനസ്സിലാക്കുന്നതിനുമുമ്പായി ഈ വിഷയത്തില്‍ ലോകത്തിലെ ഇതര സമുദായങ്ങളുടെ നില എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്നാല്‍ മാത്രമേ ഇസ്‌ലാം ഈ രംഗത്ത് വരുത്തിയ പരിവര്‍ത്തനത്തിന്റെയും പരിഷ്‌കാരത്തിന്റെയും ആഴവും പരപ്പും ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒരാളുടെ മരണംമൂലം അയാള്‍ വിട്ടേച്ചുപോയ സ്വത്ത് എത്രയായാലും ജീവിച്ചിരിക്കുന്ന കുടുംബങ്ങളിലും മറ്റു അവകാശികളിലും ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം, ഏതെല്ലാം തോതില്‍ വിഭജിക്കപ്പെടണമെന്നാണല്ലോ പിന്‍തുടര്‍ച്ചാവകാശ നിയമം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇസ്‌ലാമിനുമുമ്പ് ‘ജാഹിലിയ്യ’ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനന്തരാവകാശം തന്നെ നിഷേധിച്ചിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന, പോരടിച്ചുകൊണ്ടിരുന്ന അറബി ഗോത്രങ്ങള്‍ക്ക് ശത്രുപക്ഷത്തെ നേരിടുന്നതിനും കുടുംബത്തിന്റെ സംരക്ഷണത്തിനും കഴിവുള്ള ആണ്‍സന്താനങ്ങള്‍ക്ക് മാത്രമേ സ്വത്ത് കൈവശം വെക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായി ഗണിക്കപ്പെട്ടിരുന്നതിനാല്‍ അനന്തരാവകാശമെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരുന്നു. സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും അവര്‍ നല്‍കിയിരുന്നില്ല. സന്താനോല്‍പാദനത്തിനും പുരുഷന്റെ വികാരം ശമിപ്പിക്കുന്നതിനുമുള്ള ഉപകരണമായാണ് സ്ത്രീ കരുതപ്പെട്ടിരുന്നത്.

അറബികളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ സ്ത്രീക്ക് മെച്ചപ്പെട്ട സ്ഥാനം ലോകത്ത് മറ്റു രാജ്യങ്ങളോ, സമുദായങ്ങളോ അനുവദിച്ചുകൊടുത്തതിന് തെളിവുകളുമില്ല.
ലോകത്ത് ഇന്നറിയപ്പെടുന്ന പരിഷ്‌കൃത രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ സ്ഥിതി നോക്കാം. ആ രാജ്യം സ്ത്രീയെ മാത്രമല്ല, സീമന്തപുത്രനൊഴികെയുള്ള മറ്റു ആണ്‍മക്കളെപ്പോലും അനന്തരാവകാശമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. മൂത്ത പുത്രന്റെ കരുണക്കനുസരിച്ച് കുടുംബത്തിലെ മറ്റംഗങ്ങള്‍ ജീവിച്ചുകൊള്ളണമെന്നായിരുന്നു അവരുടെ നിയമം. ഈ ദുരവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് മോചനം ലഭിച്ചത് 1882ല്‍ പാസാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം (ങമൃൃശലറ ണീാലി’ െജൃീുലൃശേല െഅര)േ മൂലമായിരുന്നു. ഇതില്‍നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് സ്വത്താവകാശം ലഭിച്ചിട്ട് 134 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് മനസ്സിലാക്കാം.

ഇനി സോവിയറ്റ് റഷ്യയെടുക്കാം. 1917ല്‍ റഷ്യന്‍ വിപ്ലവം കഴിഞ്ഞു പിന്നെയും പത്തുവര്‍ഷം പിന്നിട്ടതിനുശേഷം 1927ലാണ് ഒരു കുടുംബനിയമത്തിന് അവര്‍ക്ക് രൂപം നല്‍കാന്‍ സാധിച്ചത്. റഷ്യന്‍ വനിതകളോട് ആ രാജ്യത്തിന് കുറേയെങ്കിലും നീതിപാലിക്കാന്‍ കഴിഞ്ഞത് 54 വര്‍ഷം മുമ്പാണ്.
മറ്റൊരു വികസിത രാഷ്ട്രമായ ജനകീയ ചൈന റിപ്പബ്ലിക്കാണെങ്കില്‍ 1952ലാണ് സ്വന്തമായി ഒരു ഫാമിലികോഡ് നടപ്പിലാക്കിയത്. ചൈനയും സ്ത്രീ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കിയത് 64 വര്‍ഷം മുമ്പാണ്.
ഇറ്റലിക്കാണെങ്കില്‍ ഒരു കുടുംബ നിയമമുണ്ടായത് 1919ലാണ്. ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല.
യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ ഫ്രഞ്ചുവിപ്ലവത്തിനു ശേഷമാണ്.

നമ്മുടെ മഹത്തായ ഈ രാഷ്ട്രത്തിന്റെ ചരിത്രവും ഈ വിഷയത്തില്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നു കാണാം. ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി പ്രകാരം ഓരോ തറവാട്ടിലെയും കാരണവരാണ് സ്വത്ത് കൈവശം വെച്ചും നിയന്ത്രിച്ചും പോന്നിരുന്നത്. സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കുടുംബത്തിലെ മറ്റു പുരുഷാംഗങ്ങള്‍പോലും അതതുകാലത്തെ തറവാട്ടു കാരണവരുടെ കണക്കനുസരിച്ച് ജീവിച്ചുകൊള്ളണമെന്നായിരുന്നു നിയമം. തന്നിമിത്തം ഉത്തരവാദിത്വബോധമില്ലാതെ തോന്നിയതുപോലെ പ്രവൃത്തിച്ചിരുന്ന ചില കാരണവരുടെ ദുര്‍ഭരണത്തിനു വിധേയമായി നശിച്ചുപോയ എത്രയോ കുടുംബങ്ങളുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നും ഹൈന്ദവ സഹോദരികള്‍ വിമുക്തരായതും, അനന്തരാവകാശത്തിന് അര്‍ഹരായതും ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്സാക്കപ്പെട്ട ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ലോകത്തിലെ ഇതര രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഇസ്‌ലാം ഈ രംഗത്ത് നീതിപൂര്‍വകവും, സവിസ്തര വ്യവസ്ഥകളോടുകൂടിയതുമായ ഒരു പിന്‍തുടര്‍ച്ചാവകാശനിയമം മാനവരാശിക്കുമുമ്പാകെ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളല്ല നൂറ്റാണ്ടുകള്‍തന്നെ പതിനഞ്ചു പിന്നിട്ടുവെന്നതാണ് വാസ്തവം. അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സമൂഹത്തില്‍ സ്ത്രീക്ക് അവളര്‍ഹിക്കുന്ന ആദരവും, അവകാശവും നല്‍കി അനുഗ്രഹിച്ച ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ ഇന്ന് പേരായ്മകള്‍ ദര്‍ശിക്കുന്നവര്‍ ഇസ്‌ലാമിക നിയമത്തിന്റെ അന്തസ്സത്ത ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പ്രവാചകന്‍ (സ.അ) യുടെ കാലത്ത് തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു വള്ളിക്കും പുള്ളിക്കും മാറ്റം വരാത്ത വിധത്തില്‍ അത് ഇന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. പിന്‍തുടര്‍ച്ചാവകാശത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള അതിലെ ഒരു പരാമര്‍ശം കാണുക- ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. അതില്‍നിന്നു കുറഞ്ഞതിലും അധികരിച്ചതിലും നിര്‍ണയിക്കപ്പെട്ട ഓഹരിയായി” (വിശുദ്ധ ഖുര്‍ആന്‍ 4:7).

ഇതില്‍നിന്നും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കിയിട്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്ന ചരിത്ര സത്യത്തെ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പരമാര്‍ത്ഥത്തിനുനേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും അടുത്ത കാലങ്ങളില്‍ മാത്രം വെളിച്ചം കണ്ട ഇതര പിന്‍തുടര്‍ച്ചാവകാശ നിയമങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിലെ പിന്‍തുടര്‍ച്ചാവകാശ നിയമത്തിന്റെ കാലിക പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു ആക്ഷേപം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ ഇസ്‌ലാം വിവേചനം കാണിക്കുന്നുവെന്നതാണ്. മക്കളെയെല്ലാം ഒരുപോലെ ഗണിക്കുന്നതിനുപകരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രമേ നല്‍കുന്നുള്ളൂവെന്നാണ് അവരുടെ പരാതി.

ഇസ്‌ലാമിക നിയമങ്ങളുടെ ഉല്‍പ്പത്തിയെയും, പവിത്രതയെയുംപറ്റി ശരിക്കും ഗ്രഹിച്ചിട്ടില്ലാത്ത സഹോദര സമുദായങ്ങളില്‍ നിന്നുള്ള ഇത്തരം വിമര്‍ശനങ്ങളില്‍ നമുക്ക് അത്ഭുതം തോന്നേണ്ടതില്ല, ഇസ്‌ലാമിക നിയമങ്ങളെ മുന്‍വിധിയൊന്നും കൂടാതെ പരിശോധിച്ച വിശ്വവിശ്രുതരായ പല അമുസ്‌ലിം ചിന്തകന്മാരും മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തെ മുക്തകണ്ഠം പ്രശംസിച്ചതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ ലോകപ്രശസ്ത ചിന്തകനായിരുന്ന അല്‍മാരിക്ക് റുംസി അദ്ദേഹത്തിന്റെ ”മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ്” എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ അവതാരികയില്‍ രേഖപ്പെടുത്തിയതു കാണുക- ”പരിഷ്‌കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്‌കരിച്ചതും, സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്‍തുടര്‍ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും, ഘടനാപൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശപോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തുതന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചുകഴിഞ്ഞിരുന്നു.” ആധുനികത്വത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും പേരില്‍ മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ അപാകതകളുണ്ടെന്ന് വാദിക്കുന്ന മുസ്‌ലിം നാമധാരികളുടെ കാര്യമാണത്ഭുതം. മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ ബാധകമാക്കിയിട്ടുള്ള മുഹമ്മദന്‍ നിയമമല്ല, യഥാര്‍ത്ഥ ശരീഅത്ത് നിയമമാണെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ ചില അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമാണ് മുസ്‌ലിം വ്യക്തിനിയമം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ബാധകമാക്കിയത്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരം പിന്‍തുടര്‍ച്ചാവകാശം, ആശ്രിതര്‍ക്ക് ചെലവു നല്‍കല്‍, മഹ്‌റ്, രക്ഷാകര്‍ത്തൃത്വം, ദാനം, ട്രസ്റ്റ് മുതലുകള്‍, വഖ്ഫ് എന്നീ കാര്യങ്ങളില്‍ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് വിധിക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്ന് നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വകുപ്പുകള്‍ യഥാര്‍ത്ഥ ശരീഅത്തിന്റ താല്‍പര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ലെന്ന പരമാര്‍ത്ഥവും മറച്ചുവെക്കാവതല്ല. അത്തരം വകുപ്പുകള്‍ മുസ്‌ലിം മതപണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് ശരീഅത്തിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസൃതമായി മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യപ്പെടുകയാണെങ്കില്‍ അത് മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കുമെന്നതില്‍ സംശയമില്ല. നേരെ മറിച്ച് നിലവിലുള്ള വ്യക്തിനിയമങ്ങള്‍കൂടി തുടച്ചുമാറ്റി അതിന്റെ സ്ഥാനത്ത് ഒരു പൊതു സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുകയെന്നത് മഹത്തായ നമ്മുടെ ഭരണഘടനയോടും, ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയുമായിരിക്കും.

ഉത്തരവാദപ്പെട്ട അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ അവസരം ലഭിച്ചിട്ടുള്ള ചില മുസ്‌ലിം നാമധാരികള്‍ പരിതസ്ഥിതിക്കനുസരിച്ച് വേഷം കെട്ടുന്നതിലാണ് തങ്ങളുടെ നിലനില്‍പ്പും വിജയവും സ്ഥിതി ചെയ്യുന്നതെന്നോര്‍ത്ത് ഏക സിവില്‍കോഡിന് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം മതപണ്ഡിതന്മാരുടെയോ, ജനസാമാന്യത്തിന്റെയോ പിന്തുണ അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തെയും കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് വിമര്‍ശനത്തിന് കാരണമെന്ന് പറയാം. ഇസ്‌ലാമിക നിയമങ്ങളെല്ലാം വ്യക്തമായ ചില തത്വങ്ങളിലധിഷ്ഠിതമാണെന്ന് നിഷ്പക്ഷ ചിന്തകന്മാര്‍ക്ക് ബോധ്യപ്പെടുന്നതാണ്. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഒരു നിയമവും ഇസ്‌ലാമിലില്ല. അതിന്റെ മൂലോല്‍പ്പത്തി സര്‍വജ്ഞനായ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളടങ്ങിയ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണെന്നതാണ് അതിനുള്ള കാരണം.
സ്ത്രീപുരുഷന്മാരുടെ അവകാശ വിഹിതങ്ങളിലുള്ള വ്യത്യാസത്തിന്റെ കാരണവും മതപ്രമാണങ്ങളുടെ വെളിച്ചത്തില്‍തന്നെ മനസ്സിലാക്കാം. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending