കോഴിക്കോട്: മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. ‘തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മാലതിക്ക് ഭര്‍ത്താവിനെയും മകള്‍ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ തുണയാകുന്നുവെന്ന വര്‍ത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു, നന്മയുടെ പ്രകാശ കിരണങ്ങള്‍ എവിടെ നിന്നു വന്നാലും അത്യന്തം ആഹ്ലാദകരമാണ്, അഭിമാനകരമാണ’ പി.ശ്രീരാമകൃഷണന്‍ പറഞ്ഞു.
സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാര്‍ദ്രമായ പ്രവൃത്തി. എല്ലാവിഭജനങ്ങള്‍ക്കും വിത്യസ്തതകള്‍ക്കും മേലെ മനസ്സുകളെ ഐക്യപ്പെടുത്തുന്ന മാനവികതയുടെ ധാരകള്‍ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരിക്കുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. നമുക്ക് നന്മകളെ ആഘോഷിക്കാം എന്നും രാമകൃഷണന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാടെത്തിയത്. കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് മാലതിയുടെ ഭര്‍ത്താവ് അര്‍ജുനനെ വധശിക്ഷക്ക് വിധിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടും. ഇതിനുള്ള പണം തേടിയായിരുന്നു മാലതിയും പിതാവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയത്. മുത്തുവിനെ മോചിപ്പിക്കാനാവശ്യമായ സഹായം നല്‍കാമെന്ന തങ്ങളുടെ ഉറപ്പുമായിട്ടാണ് അന്നവര്‍ മടങ്ങിയത്. ഇന്നലെയായിരുന്നു ആ സുന്ദര മുഹൂര്‍ത്തം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ ഇന്നലെ മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. ഇന്ന് പാണക്കാട് വെച്ച് മാലതി സ്വരൂപിച്ച അഞ്ചുലക്ഷവുമടക്കം 30 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. അവരില്‍ നിന്നും മാപ്പ് നല്‍കിയതായുള്ള രേഖ കൈപ്പറ്റും. തുടര്‍ന്ന് ഇത് ഇന്ത്യന്‍ എംബസി വഴി ഖത്തല്‍ കോടതിയിലെത്തിക്കും.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്തംബര്‍ 21നാണ് സംഭവം. അര്‍ജുനനെ പൊലീസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവനുവദിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മാലതിക്ക് ഭര്‍ത്താവിനെയും മകള്‍ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ തുണയാകുന്നുവെന്ന വര്‍ത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 1983 ല്‍ കുവൈറ്റില്‍ വെച്ച് അബദ്ധത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ട പരിഹാരത്തുക 30 ലക്ഷമാണ്. ഇതില്‍ 25 ലക്ഷം മുനവ്വറലി മുന്‍കൈയെടുത്ത് സ്വരൂപിച്ചുനല്‍കി.
വധിക്കപ്പെട്ട സഹോദരന്റെ കുടുംബത്തിന് പാണക്കാട്ടു വെച്ച് നഷ്ടപരിഹാരത്തുക നല്‍കി മാപ്പപേക്ഷയില്‍ ഒപ്പിട്ടു വാങ്ങി കുവൈത്ത് കോടതിയില്‍ സമര്‍പ്പിച്ചു.മാലതിക്കും കൊച്ചുപൂജക്കും നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന കുടുംബനാഥനെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം. . ഇങ്ങിനെയൊരു മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുനവ്വറലി തങ്ങളും ഇതിനോട് സഹകരിച്ച പട്ടര്‍ക്കടവന്‍ കുഞ്ഞാന്‍, അദ്ദേഹത്തിന്റെ മകന്‍ റഹീം , എന്‍. എ. ഹാരിസ്, മാളയിലെ അങജ ഫൗണ്ടേഷന്‍, കുവത്തിലെ സ്‌റ്റെര്‍ലിംഗ് ഫൗണ്ടേഷന്‍, സാലിം മണി എക്‌സ്‌ചേഞ്ച് തുടങ്ങി പേരു പറയാന്‍ ആഗ്രഹിക്കാത്ത സുമനസ്സുകളും സര്‍വ്വോപരി മരണപ്പെട്ട സഹോദരന്റെ കുടുംബവും എല്ലാ നിലയിലും അഭിനന്ദനമര്‍ഹിക്കുന്നു .
മുനവ്വറലി തങ്ങള്‍ക്കും മാപ്പ് കൊടുക്കാന്‍ വിശാലമനസ്‌കത കാണിച്ച മരണപ്പെട്ട സഹോദരന്റെ കുടുംബാംഗങ്ങള്‍ക്കും ഈ പുണ്യ പ്രവൃത്തിയില്‍ അകമഴിഞ്ഞു
സഹായിച്ച സുമനസ്സുകള്‍ക്കും നന്ദി.
നന്മയുടെ പ്രകാശ കിരണങ്ങള്‍
എവിടെ നിന്നു വന്നാലും അത്യന്തം ആഹ്ലാദകരമാണ്, അഭിമാനകരമാണ്.
മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നു…
ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു…
സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാര്‍ദ്രമായ പ്രവൃത്തി.
എല്ലാവിഭജനങ്ങള്‍ക്കും വിത്യസ്തതകള്‍ക്കും മേലെ മനസ്സുകളെ ഐക്യപ്പെടുത്തുന്ന മാനവികതയുടെ ധാരകള്‍ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരിക്കുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. നമുക്ക് നന്മകളെ ആഘോഷിക്കാം.