Connect with us

Culture

‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്

Published

on

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തു.
മാലി വനിത മറിയം റഷീദ ഇന്ത്യയിലെത്തിയെന്ന് പറയുന്ന 1994 ഒക്ടോബര്‍ എട്ടു മുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വരെ വിഷയത്തില്‍ നടന്ന മാധ്യമ വിചാരണ എടുത്തുപറയേണ്ടതാണ്. തെളിവുകളുടെ അഭാവത്തിലും പ്രതിസ്ഥാനത്തു നിര്‍ത്തി മാധ്യമങ്ങള്‍ അന്ന് നമ്പി നാരായണനെ രാജ്യദ്രോഹിയാക്കി. ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിച്ച അപവാദങ്ങളെ പ്രതിരോധിച്ച് ‘ചന്ദ്രിക’ മാത്രമാണ് അന്ന് വാര്‍ത്തകള്‍ നല്‍കിയത്.
1995 ജനുവരി അഞ്ചിന് ‘ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം വായിക്കാം:

ചാരക്കഥകളുടെ മറുവശം

തിരുവനന്തപുരത്തെ ഇന്ത്യയുടെ പ്രതിരോധ ആസ്ഥാനമായി ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളിലൂടെ ഇന്ത്യയെ വിശ്വപ്രശസ്തിയുടെ ചക്രവാളത്തിലേക്കുയര്‍ത്തിയ ഐ.എസ്.ആര്‍.ഒയുടെ സാന്നിധ്യമാണ് ഇന്ദിരയെ ഇപ്രകാരം പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്. ശാസ്ത്രസിദ്ധികളെയും സാങ്കേതിക വൈദഗ്ധ്യത്തെയും പിടിച്ചുയര്‍ത്തി, പുതിയ നൂറ്റാണ്ടിലേക്ക് രാഷ്ട്രത്തെ നയിക്കാന്‍ ശ്രമിച്ചുപോന്ന ഐ.എസ്.ആര്‍.ഒക്ക് രാഷ്ട്രാന്തരീയ പ്രാധാന്യം തന്നെയുണ്ട്. രാജ്യത്തിന്റെ സുപ്രധാനമായ പ്രതിരോധ കവിചങ്ങളിലൊന്നാണ് ഈ കേന്ദ്രം. എന്നാല്‍ മഹത്തും ബ്രഹത്തുമായ ഒരു മഹാ ദൗത്യമേറ്റെടുത്ത ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ അപവാദ ശരങ്ങളോടു മുഖം കുനിച്ചു നില്‍ക്കുകയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ രക്ഷകര്‍ എന്ന് നാമിത്ര കാലവും കരുതിപോന്ന വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ, ഒരു മാദക സുന്ദരിയുടെ മേനി വെളുപ്പിനു മുമ്പിലോ മദ്യക്കുപ്പികള്‍ക്ക് മുമ്പിലോ രാഷ്ട്രത്തിന്റെ വിലമതിക്കാന്‍ കഴിയാത്ത പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവരാണ് എന്നറിയുമ്പോള്‍ ഏത് രാജ്യസ്‌നേഹിയുടെ ഹൃദയമാണ് നൊമ്പരപ്പെടാതിരിക്കുക? ഐ.എസ്.ആര്‍.ഒയില്‍ നടന്നതായി പറയപ്പെടുന്ന ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സത്യമിപ്പോഴും വളരെയകലെ നില്‍ക്കുന്നു. പക്ഷെ ഒരു കാര്യം സൂര്യപ്രകാശം കണക്കെ വ്യക്തമായിരിക്കുന്നു. ഈ സംഭവം ലോകത്തിനു മുമ്പില്‍ നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുകയും, പ്രതിബദ്ധതയും രാജ്യസ്‌നേഹവുമുള്ള പ്രതിരോധ ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്തിരിക്കുന്നു എന്നതാണത്.

ഏറ്റവുമൊടുവില്‍ ചില പത്രങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളും കഥകളും ഊറിച്ചിരിക്കാന്‍ വക നല്‍കുന്നവയാണ്. ഇതേ വരെ ചാരപ്രവര്‍ത്തനത്തിന് പിറകില്‍ പാക്കിസ്താന്റെ ഐ.എസ്.ആര്‍.ഒയെക്കുറിച്ചുള്ള മുറവിളിയായിരുന്നു കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പ്രതിരോധരംഗത്തെ ഇന്ത്യയുടെ വന്‍ മുന്നേറ്റത്തെ തടുക്കാനും, നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ മനോവീര്യത്തെ തകര്‍ക്കാനും അമേരിക്കയെ പോലുള്ള വന്‍ ശക്തികള്‍ നടത്തിയ നീക്കമാണ് ഈ ചാരക്കഥകള്‍ക്ക് പിന്നിലുള്ളത് എന്നാണ്. മുമ്പ് ഒരു കാമുകിയും കാമുകനും പ്രണയനൈരാശ്യം കൊണ്ട് കെട്ടിത്തൂങ്ങി മരിച്ചുവത്രെ. അതു കണ്ടു വന്ന ഒരു വഴിപോക്കനെ നോക്കി ഒരു നാടന്‍ കവി ചോദിച്ചത് പോലെ അമേരിക്കക്ക് ഈ ചാരക്കഥ മിനയുന്നതില്‍ പ്രത്യേക താല്‍പര്യമുണ്ടാവാം. പക്ഷേ ഈ ചാരക്കഥകളുടെ മരത്തില്‍ കെട്ടിത്തൂങ്ങി മറ്റുള്ളവര്‍ എന്തിന് ആത്മപീഡനത്തിനൊരുങ്ങുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഇവിടെയാണ് ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന അപവാദങ്ങളെക്കുറിച്ച് ചിലത് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നത്. ഇവിടെ ചാരക്കഥകളെക്കുറിച്ച് നിരന്തരമായി പ്രസ്താവനകളിറക്കുകയും വാര്‍ത്തകള്‍ മിനയുകയും ചെയ്യുന്ന ചിലരുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ച് പാക് ചാരന്മാരുടെ താവളമെന്ന് വിശേഷിപ്പിക്കുന്നത് പതിവാക്കിയ മുസ്‌ലിം വിരോധം കൊണ്ട് അന്ധരായ ചില രാഷ്ട്രീയ നേതാക്കള്‍, ചാര പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയിലെ ലീഗ്കാരെയോ മുസ്‌ലിംകളെയോ ഏര്‍പ്പെടുത്താന്‍ മാത്രം ബുദ്ധിമോശം കാണിക്കുന്നവരാണ് പാക്കിസ്താന്‍ ഗവണ്‍മെന്റ് എന്ന് വിശ്വസിക്കാനുള്ള മൗഢ്യം ഇവിടെ ബി.ജെ.പിക്കാര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളൂ. എ.ഐ.സി.സി ഓഫീസില്‍ നിന്ന് തന്നെ പാക്ചാരന്‍ പിടിക്കപ്പെട്ടിട്ടുണ്ടോ. ഒരു പാക് മന്ത്രി രഹസ്യമായി വന്നു ബി.ജെ.പി നേതാക്കളെ കണ്ടതായി ലോക്‌സഭയില്‍ പ്രസ്താവിക്കപ്പെട്ടതാണ്. മുമ്പ് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില പ്രമുഖര്‍ക്ക് മുസ്‌ലിംലീഗും മലപ്പുറം ജില്ലയുമായിട്ടായിരുന്നില്ല ബന്ധമുണ്ടായിരുന്നത്. മറിച്ച് ബി.ജെ.പിയുമായിട്ടായിരുന്നു. വിഭജന വേളയില്‍ പാക്കിസ്താനില്‍ കുടുങ്ങിപ്പോയ പിതാവ് വാര്‍ദ്ധക്യകാലത്ത് മക്കളെ കാണാന്‍ വന്നാല്‍ അയാളെ പോലും ചാരനായി മുദ്രക്കുത്തുന്നത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. മണ്ണില്‍ നമുക്ക് അതിരുകളിട്ട് വേര്‍തിരിക്കാം. പക്ഷെ മനുഷ്യഹൃദയങ്ങളെ അതിരുകളിട്ട് വേര്‍തിരിക്കാനാവുമോ? അച്ഛനും മകനും അമ്മക്കും മകള്‍ക്കുമിടയില്‍ രാജ്യത്തിന്റെ അതിര്‍രേഖ വരച്ചു നമുക്ക് അവരെ വിഭജിച്ചു നിര്‍ത്താനാവുമോ? വാജ്‌പൈ, മല്‍ക്കാനി, തുടങ്ങിയ പാക് വംശജരടക്കമുള്ള ബി.ജെ.പി നേതാക്കളും മഹാറാണി ഗായത്രിദേവി, സുബ്രഹ്മണ്യസ്വാമി, കുഷ്‌വന്ത്‌സിംഗ് തുടങ്ങിയ പ്രശസ്ത വ്യക്തികളുമൊക്കെ ഇടക്കിടക്ക് പാക്കിസ്താനില്‍ പോവുന്നതില്‍ ഒരു അനൗചിത്യവും കാണാത്തവര്‍ ഒരു വൃദ്ധന്‍ പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെ തന്റെ പുത്രനെ കാണാന്‍ എത്തുന്നതില്‍ മാത്രം ചാരപ്രവര്‍ത്തനം കാണുന്നത് വിരോധാഭാസമാണ്.

മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ പാക്കിസ്താന്റെ നാവികക്കപ്പളുകള്‍ എത്തുന്നുവെന്നും ഐ.എസ്.ഐ ചാരന്മാര്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി രാഷ്ട്രഭദ്രതയെ തകര്‍ക്കുന്നുവെന്നും പ്രചരിപ്പിക്കുന്ന ചില രാഷ്ട്രീയക്കാര്‍ ഇവിടുണ്ടല്ലോ. പാക് വിരോധത്തിന്റെ പേരില്‍ മാത്രം നിലനില്‍ക്ുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലുണ്ടെങ്കില്‍ ഇന്ത്യയെ ചൂണ്ടികാണിച്ചു ജനങ്ങളില്‍ ഭീതി വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ പാക്കിസ്താനിലുമുണ്ട്. രണ്ട് കൂട്ടരുടെയും സ്വരത്തിലും മുദ്രാവാക്യത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ലക്ഷ്യം ഒന്ന് തന്നെയാണ്. അധികാരം ഐ.എസ്.ഐക്ക് ഇന്ത്യയില്‍ വന്ന ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കേണ്ട ആവശ്യമുണ്ടോ? ആ പണി കൂലിയില്ലാതെ നിര്‍വഹിച്ചു കൊണ്ട് ഐ.എസ്.ഐയെ നമ്മുടെ ചില രാഷ്ട്രീയക്കാര്‍ എത്ര കാലമായി സഹായിച്ചു പോരുന്നു? പള്ളി പൊളിക്കുന്ന ബി.ജെ.പിക്കാരും, രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കലാശാലകള്‍ക്ക് പോലും തീക്കൊളുത്തുന്ന മാര്‍ക്‌സിസ്റ്റുകളും, അക്രമത്തിന്ഞറെ വഴി തേടുന്ന ഉത്തര്‍ഖണ്ഡ്, ഖലിസ്ഥാന്‍, കാശ്മീര്‍, ഗൂര്‍ഖാലാന്റ് പ്രക്ഷോഭകരും, വര്‍ഗ്ഗീയ ജാതിയ ലഹളകള്‍ കുത്തിപ്പൊക്കല്‍ തന്നെയല്ലേ? ലക്ഷദ്വീപില്‍ പാക് ഹെലികോപ്റ്ററുകള്‍ അനധികൃതമായി എത്തുന്നുവെന്നും, മലപ്പുറം ജില്ലയില്‍ പാക് കപ്പലുകള്‍ അനധികൃതമായി വരുന്നുവെന്നും പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സുരക്ഷാ സംവിധാനം ഏറ്റവും ദുര്‍ബ്ബലമാണ് എന്ന് വിളിച്ചറിയിച്ചു കൊണ്ട് ലോകത്തിനു മുമ്പില്‍ രാജ്യത്തെ കൊച്ചാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും സമുദ്രാതിര്‍ത്തിയും ഇത്ര നഗ്നവും പ്രത്യക്ഷവുമായ രീതിയില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്, ബി.ജെ.പി. ഓഫീസില്‍ ചായ കൊണ്ട് വരുന്ന ബോയിക്ക് പോലും അത് കണ്ടുപിടിക്കാന്‍ ഇത്ര എളുപ്പത്തില്‍ കഴിഞ്ഞിട്ടും ഈ അതിര്‍ത്തിലംഘനങ്ങളൊന്നും കണ്ടുപിടിക്കാന്‍ നമ്മുടെ നാവികസേനക്കും വ്യോമസേനക്കും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ സംവിധാനങ്ങളെ നമ്മള്‍ തീറ്റിപ്പോറ്റുന്നത്?

ബി.ജെ.പിയുടെയും ബി.ജെ.പിയെ കവച്ചുവെക്കുന്ന മുസ്‌ലിംവിരോധവും ലീഗ് വിരോധവുമുള്ള മറ്റ് ചിലരുടെയും രാഷ്ട്രീയ വിരോധം അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍ ഇത്തരം ജല്‍പനങ്ങള്‍ ഉപകരിച്ചേക്കാം. പക്ഷെ അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. പി.എസ്.എല്‍.വി-2 അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാവുകയും ക്രയോജനിക് സാങ്കേതിക വിദ്യ നമ്മുടെ കൈപ്പിടിയില്‍ എത്താന്‍ പോവുകയും റോക്കറ്റ് വിക്ഷേപണരംഗത്ത് അമേരിക്കക്കും ഫ്രാന്‍സിനും, ചൈനക്കും റഷ്യക്കുമൊപ്പം എത്താന്‍ നമുക്കവസരം കൈവരികയും ചെയ്ത മുഹൂര്‍ത്തത്തിലാണ് ഈ ചാരക്കഥകള്‍ നമ്മുടെ യശസ്സിന് കളങ്കം ചാര്‍ത്തിയതും നമ്മുടെ മനോവീര്യത്തെ തകര്‍ത്തത് എന്നുമുള്ള വസ്തുത നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ടിയിരിക്കുന്നു.

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

Trending