അന്തരിച്ച മുന്‍സ്പീക്കറും ഗവര്‍ണറും മന്ത്രിയുമായ വക്കം പുരുഷോത്തമന്‍ കരുത്തനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ ഭരണപരമായ നൈപുണ്യം നേരിട്ട് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രി ആയിരുന്ന സമയത്ത് ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച എനിക്ക് തൊഴിലാളി പ്രശ്‌നങ്ങളില്‍ തീരുമാനം കൈകൊള്ളുന്ന കാര്യത്തില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രത അത്ഭുതപെടുത്തിയിരുന്നു. അദ്ദേഹം നിയമസഭ സ്പീക്കര്‍ ആയിരുന്ന കാലഘട്ടം സ്വഭാവികമായും തന്റെ സമീപന രീതിയിലെ ദൃഢമായ നിലപാട് മൂലം അദ്ദേഹം സ്വഭാവികമായും വിമര്‍ശിക്കപ്പെട്ടിരുന്നവെങ്കിലും ഒരു സ്പീക്കര്‍ കാണിക്കേണ്ട കൃത്യതയും വ്യക്തതയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒന്നിച്ച് ഒരേ മന്ത്രിസഭയില്‍ അംഗമായിരിക്കാനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചടുലത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാണാന്‍ സാധിച്ചിരുന്നു . വക്കം പുരുഷോത്തമന്റെ കഴിവ് ഏറ്റവും പ്രകടമായി കാണുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ നല്‍കാന്‍ കഴിയുന്ന ആദ്യത്തെ ഉത്തരം അദ്ദേഹം ആന്തമാന്‍ ദ്വീപിലെ ഗവര്‍ണര്‍ ആയിരുന്ന കാലമായിരുന്നു.
ആന്തമാന്‍ ദ്വീപില്‍ ഓരോരുത്തരും അഭിമാനപുരസരം ഓര്‍ക്കുന്ന നാമമാണ് വക്കം പുരുഷോത്തമന്റേത്. കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെ പ്രതീകമായി അറിയപ്പെട്ടിരുന്ന പ്രിയങ്കരനായ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഈ വിയോഗം തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ വേദന നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.ഇ.ടി കുറിച്ചു.