X

യു.എസ് കോണ്‍ഗ്രസില്‍ മാപ്പുപറഞ്ഞ് സുക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ മാപ്പുപറഞ്ഞു. ബ്രിട്ടീഷ് വിവര വിശകലന ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക് വിവരങ്ങള്‍ വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്ക് നല്‍കിയ വിശദീകരണത്തിലാണ് അദ്ദേഹം കുറ്റങ്ങള്‍ ഏറ്റുപറഞ്ഞത്.
ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മുന്‍കരുതലെടുക്കാതിരുന്നത് വലിയ പിഴയാണ്. ഞാനാണ് ഫേസ്ബുക്ക് തുടങ്ങിയത്. അതുകൊണ്ട് അതില്‍ നടക്കുന്ന എല്ലാത്തിനും എനിക്കാണ് ഉത്തരവാദിത്തം-സുക്കര്‍ബര്‍ഗ് പറഞ്ഞു. വിവരശേഖരണത്തിന് ഉപയോഗിച്ച ടൂളുകള്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഞങ്ങള്‍ വേണ്ടത് ചെയ്തില്ലെന്ന് വ്യക്തമാണ്. അവ വ്യാജ വാര്‍ത്തകള്‍ക്കും തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനും പോയി എന്നത് വസ്തുതയാണ്-33കാരനായ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തി ഓരോ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പട്ട് വിവാദത്തില്‍ കുരുങ്ങിയ ഫേസ്ബുക്കിനെ ഉപേക്ഷിക്കുന്ന പ്രമുഖരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആപ്പില്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്കാണ് ഏറ്റവും ഒടുവില്‍ ഫേസ്ബുക്കിനെ കൈവിട്ടത്. അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി വിറ്റ് കാശാക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

chandrika: