ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ആസ്ഥാനമന്ദിരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രത്യേക വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് പോലും അനുമതിയില്ല. ഫേസ്ബുക്കിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ബില്‍ഡിങ് നമ്പര്‍ 17ലെ പ്രത്യേക ഭാഗത്തേക്കാണ് സൂക്കറിന് പ്രവേശനാനുമതിയില്ലാത്തത്.
പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ഈ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാവൂ. ഏരിയ 404 എന്നു പേരിട്ടിരിക്കുന്ന ഈ ഭാഗത്ത് കമ്പനിയുടെ ശാസ്ത്രലാബാണ് പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്കിന്റെ പത്തു വര്‍ഷത്തെ റോഡ് മാപ്പിന്റെ ഭാഗമായാണ് ഈ ലാബ് സ്ഥാപിച്ചത്.
ലോകത്തില്‍ തന്നെ ഏറ്റവും വില കൂടിയ ശാസ്ത്ര ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ആസ്ഥാന മന്ദിരത്തോട് ചേര്‍ന്നു തന്നെയാണ് ഈ കെട്ടിടവും പ്രവര്‍ത്തിക്കുന്നത്. വിദഗ്ധരായ അമ്പതോളം ശാസ്ത്രജ്ഞരാണ് ഈ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.