X

സുബൈര്‍ വധം; പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി; കഞ്ചിക്കോട് ഉപേക്ഷിച്ച നിലയില്‍

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവിടെ നിര്‍ത്തിയിട്ടത് എന്ന് സമീപത്തുള്ള കടക്കാരന്‍ പറഞ്ഞു. രാത്രി ആയിട്ടും കാര്‍ എടുക്കാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തു നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അപ്പുറമാണ് കാര്‍ കിടന്നിരുന്നത്. അതേസമയം കൊലയ്ക്കു രണ്ടു കാറുകളാണ് അക്രമിസംഘം ഉപയോഗിച്ചിരുന്നത്. അതില്‍ ഒരു കാര്‍ നാലുമാസം മുമ്പ് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എന്നും പോലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ അതേ സമയം സജിത്തിന്റെ കാറിനെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് സജിത്തിന്റെ പിതാവ് അറുമുഖന്‍ പറയുന്നത്. സജിത്ത് കൊല്ലപ്പെട്ട ശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. സുബൈര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിയ ഇയാളെ പിതാവിനു മുന്‍പില്‍ വച്ച് കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Test User: