എസ്. സുധീഷ്‌കുമാര്‍
PHOTO –ഡയസ് ആന്റണി
ആറു വര്‍ഷം മുന്‍പാണ് സംഭവം. മെയ് മാസത്തിലെ വേനല്‍മഴയില്‍ വീട്ടുമുറ്റത്തെ ഇരട്ടകളായ മരങ്ങളിലൊന്നിനു മിന്നലേറ്റു. കൊമ്പ്; ഒന്നു വാടി. ചികിത്സിക്കാതെ തരമില്ല. നിസാരക്കാരനല്ലിത്, ബ്രിട്ടീഷ് ഭരണകാലത്ത് നട്ടുപിടിപ്പിച്ച മരമാണ്. തിരുവിതാംകൂര്‍ രാജാവിന്റെ വനനിയമത്തില്‍ ഇടംപിടിച്ച റോയല്‍ വനവൃക്ഷവും! വീട്ടുകാര്‍ പല വൈദ്യമാരെയും തേടി നടന്നു. ഒടുവില്‍ വൈദ്യനെത്തി. വൃക്ഷവൈദ്യന്‍!. ഒന്നര മാസത്തെ ചികിത്സ. മരത്തിനു ചികിത്സയേകുമ്പോള്‍ പ്രായം 94. രക്ഷപെടുമോ എന്നു നാട്ടാരടക്കം സംശയം പ്രകടിപ്പിച്ചു. ചികിത്സ പിഴച്ചില്ല. ഇന്നും ഈ ‘തമ്പക മരങ്ങള്‍’ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നിര്‍വൃതിയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു, രാജകീയ പ്രൗഢിയോടെ.
കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തേക്ക് ഡോമിനിക് തൊമ്മന്‍ പാത നീണ്ടു നിവര്‍ന്നുകിടക്കുന്നു. ഒരു മൈല്‍ സഞ്ചരിച്ചാല്‍ കരിപ്പാപറമ്പില്‍ വീട്ടുമുറ്റത്തെത്താം. കരിങ്കല്ലില്‍ പണിതെടുത്ത ചുറ്റുമതിലോടു കൂടിയ 12 ഏക്കര്‍ സ്ഥലം. പച്ചപ്പണിഞ്ഞ മതില്‍കെട്ടിനുള്ളില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കരിപ്പാപറമ്പ് ബംഗ്ലാവ്. നാട്ടുവാക്കില്‍ കാഞ്ഞിരപ്പള്ളി അച്ചായന്റെ വീടെന്നു പറയാം. കിഴക്കോട്ട് ദര്‍ശമേകുന്ന കെ.സി ഡൊമിനിക്കിന്റെ വീടിനു ഇടതും വലതും അതിരില്‍ അപൂര്‍വമായ രണ്ട് കൂറ്റന്‍ തമ്പക മരങ്ങള്‍. ഡൊമിനിക് തൊമ്മന്റെ കൊച്ചുമകന്‍ ബാബുച്ചായന്റെ കുടുംബമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നതും തമ്പകമരത്തെ സംരക്ഷിക്കുന്നതും. കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്‍ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്.
ദ റോയല്‍ തമ്പക ട്രീ
കൊല്ലവര്‍ഷം 1103ല്‍ കരിപ്പാപറമ്പ് തറവാട്ടില്‍ കെ.സി ഡൊമിനിക്ക് എന്ന ബാബുച്ചായന്റെ വല്യപ്പന്‍ ഡൊമനിക് തൊമ്മനാണ് നിലമ്പൂരില്‍ നിന്ന് തമ്പകം കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചത്. സ്വാതന്ത്ര്യലബ്ദിക്കു മുമ്പ് തിരുവിതാംകൂര്‍ രാജഭരണത്തിലെ മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍ ആയിരുന്നു പരിസ്ഥിതി സ്‌നേഹിയായ ഡൊമനിക് തൊമ്മന്‍. ഭരണ സംബന്ധമായ കാര്യങ്ങള്‍ക്കാണ് തൊമ്മന്‍ നിലമ്പൂരിലേക്ക് പോയത്. ആ സമയത്ത് തിരുവിതാംകൂര്‍ മഹാരാജാവ് പ്രകൃതി സംരക്ഷണത്തിനായി നിയമം തയാറാക്കുന്ന സമയമായിരുന്നു. വനഭൂമി അളന്നു തിട്ടപ്പെടുത്താന്‍ രാജാവ് ചുമതലപ്പെടുത്തിയത് മണ്‍റോ സായിപ്പിനെയാണ്. രാജാവിന്റെ നിര്‍ദേശാനുസരണം മണ്‍റോ സായിപ്പ് കേരളത്തിലെ വനമേഖല അളന്നു മരങ്ങളുടെ പട്ടികയും തയാറാക്കി. കേരളത്തിലെ മരങ്ങളുടെ അപൂര്‍വത കണ്ട മണ്‍റോ സായിപ്പ് മരങ്ങളെയും വനത്തെയും സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ വനനിയമത്തിന് രൂപംനല്‍കി. അതിപ്രാധാന്യമുള്ള 27 മരങ്ങള്‍ക്കു ഇംഗ്ലണ്ടിലെ പോലെ റോയല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ രാജാവിന് നിര്‍ദേശം നല്‍കി. മണ്‍റോയുടെ ശുപാര്‍ശ രാജാവും അംഗീകരിച്ചു.
മണ്‍റോ നല്‍കിയ പട്ടികയില്‍ ചന്ദനമരത്തിനായിരുന്നത്രേ പ്രഥമ സ്ഥാനം. ആദ്യ പത്തില്‍ തമ്പകവും ഇടം പിടിച്ചു. അങ്ങനെ തമ്പകം രാജകീയ പദവിലേക്ക് ഉയര്‍ന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം ഡൊമനിക് തൊമ്മന്‍ നിലമ്പൂര്‍ കാട് സന്ദര്‍ശിച്ചു. അവിടെ നിന്നാണ് തമ്പകത്തെ കണ്ടെത്തുന്നത്. രണ്ട് തൈകള്‍ ഒപ്പം കൂട്ടി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ നാല് വര്‍ഷം പ്രായമുള്ള തൈകളാണ് കൈയില്‍ കരുതിയത്. തറവാട് മുറ്റത്തിന്റെ രണ്ടു വശങ്ങളിലായി തൈകള്‍ വച്ചുപിടിപ്പിച്ചു. ഈ മരം ഇത്ര വലുതാകുമെന്ന് അറിയാവുന്നതുകൊണ്ട് അതിനായി പ്രത്യേകം സംരക്ഷണത്തറയൊരുക്കി. മരംനട്ട വര്‍ഷവും തീയതിയും രേഖപ്പെടുത്തിയ ഒരു ഫലകവും സംരക്ഷണത്തറയില്‍ സ്ഥാപിച്ചു. കൊല്ലവര്‍ഷം 1103 പത്താം മാസം ഏഴാം തിയതി.
കുടുംബാഗം പോലെ
ഒരു നൂറ്റാണ്ടില്‍ കരിപ്പാപറമ്പില്‍ പിറന്നുവീണവര്‍ ഉണര്‍ന്നെഴുന്നേറ്റത് തമ്പകത്തിന്റെ സുഗന്ധം നുകര്‍ന്നാണ്. മൂന്നു തലമുറകള്‍ ഈ തമ്പകങ്ങള്‍ക്കിടയില്‍ ഓടിക്കളിച്ചു. കരിപ്പാപറമ്പുകാര്‍ക്ക് ജീവനാഡിയാണ് ഈ മരങ്ങള്‍. ഡൊമനിക് തൊമ്മന്റെ രണ്ട് ഭാര്യമാരില്‍ നിന്നായി 22 മക്കളും അവരുടെ മക്കളും അടക്കം നൂറിലധികം പേര്‍ തമ്പകത്തിന്റെ തണല്‍പറ്റി. പുരയ്ക്കു മേല്‍ പലവട്ടം ചില്ലകള്‍ നീണ്ടെങ്കിലും ഇവരില്‍ ആരും തന്നെ തമ്പകത്തെ വെട്ടിമാറ്റാന്‍ ആലോചിച്ചതേയില്ല. തമ്പകത്തെ കടപുഴക്കാന്‍ ഒരു കാറ്റുവീശുകയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു മരം പോലും മിച്ചം കാണില്ലെന്ന് ബാബുച്ചായന്‍ പറയുന്നു. ഉരുക്കു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന തമ്പകമരത്തിന്റെ കാരിരുള്‍ നിറമാണ് തടയ്ക്ക്. ചെത്തി മിനുക്കിയ തമ്പക ച്ചോട്ടില്‍ ഒരു ഇല പോലുമില്ല.
ചിലതരിക്കില്ല, ഉരുക്കിന്റെ ബലവും
നിത്യഹരിതവനങ്ങളിലാണ് തമ്പകമരം വളരുന്നത്. കമ്പകം മരം എന്നും അറിയപ്പെടുന്നതായി വൃക്ഷ വൈദ്യന്‍ കെ. ബിനു പറയുന്നു. വീുലമ ുമൃ്ശളഹീൃമ എന്നാണ് ശാസ്ത്രീയനാമം. അയേണ്‍ വുഡ് ഓഫ് മലബാര്‍ എന്നാണ് ഇംഗ്ലീഷില്‍ ഈ മരം അറിയപ്പെടുന്നത്. ചിതലരിക്കാത്ത ഈ മരത്തിന്റെ തടിയാണ് റെയില്‍ പാളങ്ങളുടെ നിര്‍മാണത്തിനായി പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കേരളത്തിലെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുനലൂര്‍ തൂക്കുപാലം നിര്‍മിച്ചത് തമ്പക മരം ഉപയോഗിച്ചാണ്. വേനല്‍കാലത്ത് അധികമായി ഇല പൊഴിയില്ല എന്നൊരു പ്രത്യേകതയും തമ്പകത്തിനുണ്ട്.
രണ്ട് മരത്തിന് 40 ലക്ഷം വില
മരങ്ങളെ കണ്ണുവെച്ചു ഒട്ടേറെ പേര്‍ കാഞ്ഞിരപ്പള്ളി കറങ്ങിയ കഥകളുണ്ട്. ഒരിക്കല്‍ കൊല്ലത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ ബാബുച്ചായനെ തേടിയെത്തി. തമ്പക മരം വാങ്ങുകയായിരുന്നു ലക്ഷ്യം. ചിലതരിക്കില്ലാത്തതിനാല്‍ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിക്കാം. അഞ്ച് ലക്ഷത്തില്‍ നിന്ന് വില പറയാന്‍ തുടങ്ങി. വില്‍ക്കില്ലെന്ന് ബാബുച്ചായന്‍ തീര്‍ത്തു പറഞ്ഞു. രണ്ടിനും കൂടി 40 ലക്ഷം തരാമെന്ന് ഭാരവാഹികള്‍. കോടികള്‍ തന്നാലും വില്‍ക്കില്ലെന്ന് ബാബുച്ചായനും. ലോകമാകെ വേരോട്ടമുള്ള കടപ്പാപറമ്പില്‍ കുടുംബം അത്രയ്ക്ക് കടപ്പെട്ടിരിക്കുകയാണ് ഈ തമ്പകത്തോട്.
പറന്നിറങ്ങുന്ന വിത്തുകള്‍
ഋതുക്കള്‍ ഏതുമാവട്ടെ, തമ്പക ചോട്ടിലെത്തിയാല്‍ മനസൊന്നു തണുക്കും. സദാസമയം കുളിരും ഇളംകാറ്റും തമ്പകത്തെ വേറിട്ടു നിര്‍ത്തുന്നു. വേനല്‍കാലമെത്തിയാല്‍ വിത്തിന്റെ സമയമായി. ഉയരത്തിലുള്ള ചില്ലകളില്‍ നിന്നും വിത്തു മണ്ണിലേക്കു പറന്നിറങ്ങുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. പമ്പരം പോലെ കറങ്ങിയാണ് വിത്തുകള്‍ പറന്നിറങ്ങുക. വേനല്‍ക്കാലത്ത് മുറ്റം നിറയെ പറന്നിറങ്ങുന്ന വിത്തുകള്‍ കൊണ്ടു നിറയും. രസമുള്ളൊരു കാഴ്ചയാണത്. മരം കാണാനായി പലരും എത്തിയതോടെ ബാബുച്ചായന്‍ വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മാസങ്ങളോളം ശേഖരിച്ചു പായ്ക്കറ്റിലാക്കി നൂറോളം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി വിതരണവും ചെയ്തു.
ഇനി വരുന്നൊരു തലമുറയ്ക്കു കൂടി വസന്തം സമ്മാനിക്കാന്‍ മണ്ണില്‍ കൂറ്റന്‍ വേരാഴ്ത്തി, ആകാശ സീമകളിലേക്കു ചില്ലകള്‍ പടര്‍ത്തി തമ്പകമരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു. സംരക്ഷിക്കാന്‍ കരിപ്പാപറമ്പില്‍ തറവാടും.