X

സിദാനല്ല പ്രതി

കമാല്‍ വരദൂര്‍

19 മാസത്തിനിടെ റയല്‍ മാഡ്രിഡിന് 7 കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്‍ സിദാന്‍. പരിശീലനത്തില്‍ അദ്ദേഹത്തിന് വലിയ സര്‍ട്ടിഫിക്കറ്റുകളില്ല. കളിക്കാരന്‍ എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്‍ പോലെ വലിയ ഒരു ക്ലബിന്റെ അമരക്കാരനാവുമ്പോള്‍, കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ സ്വാഭാവികമായുളള പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എല്ലാവരുമായും നല്ല സൗഹൃദം നിലനിര്‍ത്തുകയും ഡ്രസ്സിംഗ് റൂമില്‍ എല്ലാവരുടെയും മിത്രമായി നില്‍ക്കുകയും തോല്‍വിയില്‍ ക്ഷുഭിതനായി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന സിദാന്റെ മാന്യതയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. യൂറോപ്പില്‍ പുതിയ സീസണ്‍ ആരംഭിച്ചത് മുതല്‍ സിദാനാണ് സംസാരവിഷയം. റയലിന്റെ തോല്‍വികളില്‍ വിമര്‍ശിക്കപ്പെടുന്നതും അദ്ദേഹം തന്നെ. ലോകോത്തര പരിശീലകനാവുമ്പോള്‍ വിമര്‍ശനങ്ങള്‍ അദ്ദേഹത്തില്‍ എത്തുന്നതാവട്ടെ സ്വാഭാവികവും.
പക്ഷേ റയല്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുന്നതിന് പിറകില്‍ സിദാനാണോ…? അല്ല എന്നുള്ള വ്യക്തമായ ഉത്തരത്തിന് നിരവധി കാരണങ്ങളുണ്ട്. പുതിയ സീസണില്‍ അദ്ദേഹം ആഗ്രഹിച്ച താരങ്ങളെ നല്‍കുന്നതില്‍ റയല്‍ മാനേജ്‌മെന്റ് വീഴ്ച്ച വരുത്തി എന്നത് ആദ്യത്തെ യാഥാര്‍ത്ഥ്യം. കൈലിയന്‍ മാപ്പെയെ പോലുളള അതിവേഗ സ്‌ട്രൈക്കര്‍മാരെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാപ്പെയെ വേണമെന്ന കാര്യത്തില്‍ സിദാന്‍ ഉറച്ച് നിന്നിട്ടും റൊണാള്‍ഡോക്കൊപ്പം ഒരു വേഗക്കാരെ നല്‍കുന്നതില്‍ മാനേജ്‌മെന്റ് താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്‍ 20 ഗോളുകള്‍ ടീമിന് വേണ്ടി നേടിയ അല്‍വാരോ മൊറാത്തയെ വില്‍ക്കുകയും ചെയ്തു. മൊറാത്തയെ കൈമാറുന്നതിനോട് സിദാന് വിയോജിപ്പായിരുന്നു. ജെറാത്ത് ബെയിലിനെ പോലെ വിലപിടിപ്പുള്ള ഒരു താരം പരുക്കുമായി മാസങ്ങളായി പുറത്താണ്. ബെയിലിന് പകരക്കാരനില്ലാത്ത അവസ്ഥയില്‍ റൊണാള്‍ഡോയിലെ ചുമലിലെ ഭാരം കൂടുന്നു. ബെയിലിനെ കൂടാതെ കഴിഞ്ഞ സീസണില്‍ ടീമിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡാനി കാര്‍വജാല്‍ വൈറസ് ബാധയില്‍ വിശ്രമത്തിലാണ്. നിലവില്‍ ടീമിലെ ആരെയും മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് പരിശീലകന്‍. ജിനോവക്കെതിരെയും ടോട്ടനത്തിനെതിരെയും അദ്ദേഹം ഒരേ ഇലവനെയാണ് കളിപ്പിച്ചത്. സബ്സ്റ്റിറ്റിയൂഷന്‍ വരുത്തിയതും ഒരേ താരങ്ങളെ. ജിനോവയും ടോട്ടനവും മൂന്ന് സെന്റര്‍ ബാക്കുകളെയും വിംഗര്‍മാരെയും കളിപ്പിക്കുന്ന ടീമുകളാണ്. ഇവരുടെ കടന്നാക്രമണ ശൈലിക്കൊപ്പം പ്രതിരോധിച്ച് നില്‍ക്കാന്‍ ഊര്‍ജ്ജസ്വലരായ താരങ്ങള്‍ വേണം. ടോട്ടനം ഇന്നലെ കളിപ്പിച്ചത് മുഴുവന്‍ പുത്തന്‍ താരങ്ങളെയാണ്. യുവതാരങ്ങളുടെ വേഗതയില്‍ മാര്‍സിലോ ഉള്‍പ്പെടെ റയലിന്റെ സീനിയര്‍ താരങ്ങളെല്ലാം പിറകിലായി. ഹോള്‍ഡിംഗ് മിഡിഫീല്‍ഡര്‍ സ്ഥാനത്ത് കളിക്കുന്ന കാസിമിറോ, ഡീപ്പ് ഡിഫന്‍സിലേക്ക് ഇറങ്ങാന്‍ നിയോഗിക്കപ്പെട്ട ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് എന്നിവരൊന്നും പഴയ ഫോമിലേക്ക് വരുന്നില്ല എന്നതും കോച്ചിന്റെ തന്ത്രങ്ങളെ സാരമായി ബാധിക്കുന്നു. യുവതാരങ്ങളില്‍ അദ്ദേഹം വിശ്വാസം അര്‍പ്പിക്കേണ്ടിയിരിക്കുന്നു. ഫിഫ മികച്ച യുവതാരമായി തെരഞ്ഞെടുത്ത മാര്‍ക്കോ അസുന്‍സിയോ മികച്ച താരമാണ്. പക്ഷേ പലപ്പോഴും സിദാന്‍ യുവതാരത്തിന് ബെഞ്ചിലാണ് സ്ഥാനം നല്‍കുന്നത്. റൊണാള്‍ഡോയെ പോലെ ഒരു വെറ്ററനെ സഹായിക്കാന്‍ യുവതാരത്തിന്റെ വേഗതയും തന്ത്രങ്ങളും ഉപകരിക്കും. താരങ്ങള്‍ തമ്മിലുള്ള അകലവും കുറക്കേണ്ടിയിരിക്കുന്നു. എല്ലാവരും സൂപ്പര്‍ താരങ്ങളാവുമ്പോള്‍ അത് കോച്ചിന് തലവേദനയാണ്. ജിനോവക്കെതിരായ മല്‍സരത്തില്‍ മാര്‍സിലോയും മോദ്രിച്ചും തമ്മിലുള്ള വഴക്കിടല്‍ ഡ്രസ്സിംഗ് റൂമിലെ സമാധാനം കെടുത്തുന്നതാണ്. സീസണിന്റെ ആദ്യ ഘട്ടമാണിത്. തിരിച്ചുവരാനും പോരായ്മകള്‍ പരിഹരിക്കാനും സമയമുണ്ടെന്നതാണ് സിദാനും റയലിനും അനുകൂലമായ ഘടകം.

chandrika: