ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സിംബാബ്‌വെയില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഹരാരെയുടെയും സ്റ്റേറ്റ് ടിവിയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയും ഭാര്യയും വീട്ടുതടങ്കലിലാണ്. അദ്ദേഹവും കുടുംബവും സുരക്ഷിതമാണെന്നും സൈനിക വക്താവ് അറിയിച്ചു.
അട്ടിമറിയില്ലെന്നും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം രാജ്യം സാധാരണ ഭരണസംവിധാനത്തിലേക്ക് തിരിച്ചവരുമന്നും അദ്ദേഹം പറഞ്ഞു. മുഗാബെയുമായി അടുത്ത് ബന്ധമുള്ള ചിലരെയാണ് സൈന്യം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വക്താവ് വെളിപ്പെടുത്തി. രാജ്യത്ത് സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്ന ക്രിമിനലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഗാബെയും ഭാര്യ ഗ്രേസ് മുഗാബെയും സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാന നഗരിയുടെ വടക്കന്‍ ഭാഗങ്ങളില്‍നിന്ന് വെടിവെപ്പിന്റെയും ഷെല്‍ വര്‍ഷത്തിന്റെയും ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹരാരെയുടെ തെരുവുകളില്‍ സൈനിക കവചിത വാഹനങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പ്രസിഡന്റായി നിയമിക്കാനാണ് സൈന്യത്തിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭാര്യ ഗ്രേസിനെ പിന്‍ഗാമിയാക്കുന്നതിനാണ് 93കാരനായ മുഗാബെ വൈസ് പ്രസിഡന്റിനെ പുറത്താക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. 1980 മുതല്‍ അധികാരത്തിലിരിക്കുന്ന മുഗാബെക്കു പകരം ഗ്രേസ് വരുന്നതിനോട് സൈന്യത്തിന് കടുത്ത എതിര്‍പ്പുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കെടുക്കാത്ത ഒരാളെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. മുഗാബെ എവിടെയാണുള്ളതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മുഗാബെയുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം വീട്ടിലാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ അധികാരമാറ്റത്തിന് സിംബാബ്‌വെയിലെ സംഭവങ്ങള്‍ ഇടയാക്കില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മുഗാബെ സൈനിക കസ്റ്റഡിയിലാണെന്ന് ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ട്വിറ്ററില്‍ ഈ വിവരം പോസ്റ്റ് ചെയ്തതെന്നും വ്യക്തമല്ല.
സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ വീടുകളില്‍ തുടരാന്‍ ബ്രിട്ടനും അമേരിക്കയും സിംബാബ്‌വെയിലുള്ള തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിംബാബ്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന അറിയിച്ചു.