X
    Categories: CultureMore

വീണ്ടും അട്ടിമറി; ശ്രീലങ്കയില്‍ സിംബാബ്‌വെക്ക് ഏകദിന പരമ്പര

ഹംബന്‍ടോട്ട: ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്‌വെക്ക് ശ്രീലങ്കയുടെ മണ്ണില്‍ ഏകദിന പരമ്പര. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് വീഴ്ത്തിയാണ് സിംബാബ്‌വെ പരമ്പര 3-2 ന് സ്വന്തമാക്കിയത്. 2009-നു ശേഷം ഇതാദ്യമായാണ് സിംബാബ്‌വെ വിദേശത്ത് പരമ്പര നേടുന്നത്.

പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മുന്‍നിരയില്‍ നിരോഷന്‍ ഡിക്ക്‌വെല്ല (3), കുസാല്‍ മെന്‍ഡിസ് (1), ഉപുല്‍ തരംഗ (6) എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ മൂന്നിന് 31 എന്ന നിലയില്‍ ആതിഥേയര്‍ ആടിയുലഞ്ഞു. ഗുണതിലകെ (52), അസേല ഗുണരത്‌നെ (59 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസ് (24), ദുഷ്മന്ത ചമീര (18 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങും ലങ്കയെ 203-ലെത്തിച്ചു.
സിംബാബ്‌വെക്കു വേണ്ടി സികന്ദര്‍ റാസ 21 റണ്‍സിന് മൂന്നും ഗ്രേയം ക്രീമര്‍ 23 റണ്‍സിന് രണ്ടും വിക്കറ്റെടുത്തപ്പോള്‍ ടെന്‍ഡയ് ചട്ടാര, ഷോണ്‍ വില്യംസ്, മാല്‍കം വാളര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങില്‍ ഒന്നാം വിക്കറ്റില്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സയും (73) സൊളോമണ്‍ മിറെയും (43) കാഴ്ചവെച്ച മികച്ച ബാറ്റിങ് സിംബാബ്‌വെക്ക് കരുത്തായി. മിറെ പുറത്തായ ശേഷം തരിസായ് മുസാകന്‍ഡ (37)യും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മധ്യ ഓവറുകളില്‍ അകില ധനഞ്ജയ നാലു വിക്കറ്റുമായി ആഞ്ഞടിച്ചപ്പോള്‍ സിംബാബ്‌വെ ഇന്നിങ്‌സ് ആടിയുലഞ്ഞു. ഈ ഘട്ടത്തില്‍ നിര്‍ണായക ഇന്നിങ്‌സ് കളിച്ച സിക്കന്ദര്‍ റാസ (27 നോട്ടൗട്ട്) ഗ്രേയം ക്രീമറെ (11 നോട്ടൗട്ട്) കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. റാസയാണ് കളിയിലെ കേമന്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: