മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന്‍ സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക് ബാര്‍സലോണയില്‍ നിന്ന് പാരീസിലേക്ക് കൂടുമാറിയ താരത്തെ സ്‌പെയിനില്‍ തിരികെയെത്തിക്കാന്‍ റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സിദാന്‍ നെയ്മറിനെക്കുറിച്ച് സംസാരിച്ചത്. നെയ്മര്‍ നല്ല കളിക്കാരനാണെന്ന് അഭിപ്രായപ്പെട്ട സിദാന്‍, ബ്രസീല്‍ താരം ഭാവിയില്‍ സാന്റിയാഗോ ബര്‍ണേബുവില്‍ എത്തിയേക്കുമെന്ന സൂചനയും നല്‍കി.
‘നെയ്മര്‍ വളരെ നല്ല ഫുട്‌ബോളറാണ്. അതൊരു സത്യമാണ്. ഇവിടെ ക്ലബ്ബില്‍ മികച്ച കളിക്കാരാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ കൂടെയുള്ള കളിക്കാരുടെ കൂടെ ജോലി ചെയ്യാനും അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമേ നമുക്കിപ്പോള്‍ കഴിയൂ. എങ്കിലും ഭാവിയിലെ കാര്യം ആര്‍ക്കറിയാം?’ നാളെ ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടുന്നതിനു മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഫ്രഞ്ച് ഇതിഹാസം പറഞ്ഞു.
നെയ്മര്‍ വന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്യം എന്താകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സിദാന്‍ കൂട്ടാക്കിയില്ല. ‘അക്കാര്യത്തില്‍ സംസാരമില്ല. നാം ഇന്നിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. ഇവിടെ ഇല്ലാത്ത ഒരു കളിക്കാരനെപ്പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ തയാറല്ല. ഞാന്‍ നെയ്മറിനെ ബഹുമാനിക്കുന്നു. അദ്ദേഹം ഒരു നല്ല കളിക്കാരനാണ്. അത്ര മാത്രം…’ സിദാന്‍ പറഞ്ഞു.
നെയ്മറിനു വേണ്ടി പിതാവ് നെയ്മര്‍ സീനിയറുമായി റയല്‍ പ്രസിഡണ്ട് പെരസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പി.എസ്.ജിയുമായുള്ള നിലവിലെ അഞ്ചു വര്‍ഷ കരാര്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ ബ്രസീലിയന്‍ താരം മാഡ്രിഡിലെത്തുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം, ക്രിസ്റ്റ്യാനോയുടെ നിലവിലെ കരാര്‍ അവസാനിക്കുന്ന 2021 വരെ നെയ്മര്‍ ബര്‍ണേബുവിലേക്ക് വരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രഞ്ച് ലീഗില്‍ മിന്നും ഫോമിലുള്ള നെയ്മര്‍ കോച്ച് ഉനായ് എമ്രി, സഹതാരം എഡിന്‍സന്‍ കവാനി എന്നിവരുമായി അത്ര സുഖത്തിലല്ല എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, താരം അത് നിഷേധിച്ചു. ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി ഈ സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല.