X

മൗറീഞ്ഞോ തെറിക്കും, സിദാന്‍ മാഞ്ചസ്റ്ററിലേക്ക്?

ലണ്ടന്‍: മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ സൈനദിന്‍ സിദാന്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചാകാനുള്ള സാധ്യത തെളിയുന്നു. മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാനുള്ള താല്‍പര്യം സിദാന്‍ തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുനൈറ്റഡിന്റെ നിലവിലെ കോച്ച് ഹോസെ മൗറീഞ്ഞോയെ പുറത്താക്കുന്ന സാഹചര്യമുണ്ടാവുകയും ക്ലബ്ബ് തന്നെ സമീപിക്കുകയും ചെയ്താല്‍ ഓള്‍ഡ് ട്രഫോഡില്‍ ചുമതലയേല്‍ക്കാം എന്നാണ് സിദാന്റെ നിലപാട്. എന്നാല്‍, ഇക്കാര്യം ഫ്രഞ്ച് ഇതിഹാസതാരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ക്ലബ്ബ് തലവന്‍ എഡ് വുഡ്‌വാര്‍ഡുമായി അസ്വാരസ്യത്തിലുള്ള മൗറീഞ്ഞോയെ യുനൈറ്റഡ് നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സിദാനുമായി ബന്ധപ്പെട്ട പ്രചരിക്കുന്നത്. ക്ലബ്ബിലെ വിലയേറിയ താരവും ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുമായും പോര്‍ച്ചുഗീസുകാരന്റെ ബന്ധം ആരോഗ്യകരമല്ല. പുതിയ സീസണില്‍ രണ്ടാം മത്സരത്തില്‍ തന്നെ ദുര്‍ബലരായ ബ്രൈറ്റനോട് തോല്‍വി വഴങ്ങിയതോടെ ആരാധകര്‍ക്കിടയിലും മൗറീഞ്ഞോക്കെതിരായ വികാരം ശക്തിപ്രാപിക്കുന്നുണ്ട്. എന്നാല്‍, കോച്ചിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മറ്റു പരിശീലകരെ തേടുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും യുനൈറ്റഡ് വ്യക്തമാക്കിയിരുന്നു.

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നു സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ സിദാന്‍ കഴിഞ്ഞ മെയിലാണ് സ്പാനിഷ് ക്ലബ്ബിന്റെ ചുമതലയൊഴിഞ്ഞത്. ഉടനെ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് സ്‌പോര്‍ട്ടിങ് ഡയറക്ടറായി സിദാനെ പരിഗണിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നു. അതേസമയം, ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കാന് സിദാന് താല്‍പര്യമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ദിദിയര്‍ ദെഷാംപ്‌സിനു കീഴില്‍ ഫ്രാന്‍സ് ലോകകപ്പ് ജയിച്ചതോടെ ആ സാധ്യത തല്‍ക്കാലത്തേക്ക് അടയുകയായിരുന്നു. ഫ്രഞ്ച് ക്ലബ്ബുകളായ ഒളിംപിക് മാഴ്‌സേ, പി.എസ്.ജി തുടങ്ങിയവയുമായി ബന്ധപ്പെട്ടും സിദാന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: