X

മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടി 90 സീറ്റുകള്‍ നഷ്ടമാകുമെന്ന് സീ വോട്ടര്‍ സര്‍വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവു സംഭവിച്ചതും എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ ജനവികാരവും ഇത്തവണ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടിയാവുമെന്ന് സീ വോട്ടര്‍ സര്‍വേ. സര്‍വേ പ്രകാരം ലോക്‌സഭയിലെ 45 ശതമാനം സീറ്റുകള്‍ വരുന്ന യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 249 സീറ്റുകളില്‍ കാര്യമായ കുറവ് സംഭവിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇതില്‍ എ.ഐ.എ.ഡി.എം.കെ നേടിയ സീറ്റുകളും ഉള്‍പ്പെടും. സീ വോട്ടര്‍ പുറത്ത് വിട്ട സര്‍വേ പ്രകാരം പല തലത്തിലാണ് എന്‍.ഡി.എക്കെതിരായ ജനവികാരം.
യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരെ പൊതു ജന വികാരം ശക്തമാണ്. ഇത് 90 ഓളം സിറ്റിങ് സീറ്റുകള്‍ എന്‍.ഡി.എക്ക് നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് സര്‍വെ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പോപുലാരിറ്റിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തടസ്സം. ബിഹാറില്‍ മാത്രമാണ് എന്‍.ഡി.എ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്കെതിരെ പരസ്യമായ എതിര്‍പ്പ് പ്രകടമല്ലാത്തത്. സര്‍വേ കണ്ടെത്തലുകള്‍ ഇങ്ങനെ
യു.പി- 2014ല്‍ ആകെയുള്ള 80ല്‍ 73 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറം ഭരണ വിരുദ്ധ വികാരം ഇവിടെ ശക്തമാണ്. മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം 43.9 ശതമാനം മാത്രമാണ് ഇവിടെ. മോദിയുടെ പ്രശസ്തിയുടെ കാര്യത്തില്‍ 16-ാം സ്ഥാനമാണ് യു.പിക്ക്. ഇവിടെ എം.പി, എം.എല്‍.എ എന്നിവരുടെ പ്രകടനത്തില്‍ 8.2 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. ഇതിന് പുറമെ പ്രതിപക്ഷ ഐക്യവും ബി.ജെ.പി സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ കുത്തനെ ഉയരുന്നതായും സര്‍വേ കണ്ടെത്തുന്നു. പരമാവധി 29 സീറ്റുകള്‍ വരെ മാത്രമേ ഇവിടെ എന്‍.ഡി.എക്ക് ലഭിക്കൂവെന്നാണ് സീ വോട്ടര്‍ സര്‍വേ കണ്ടെത്തല്‍ അതായത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 44 സീറ്റുകളുടെ കുറവ്.
മഹാരാഷ്ട്ര-യു.പിയെ താരതമ്യം ചെയ്യുമ്പോള്‍ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മോദിയുടെ പ്രകടനത്തില്‍ 47.9 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രകടനത്തില്‍ 33.9 ശതമാനം പേരും മോശം പ്രകടനമായാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ 48ല്‍ 41 പേരും നിലവില്‍ എന്‍.ഡി.എ പക്ഷക്കാരാണ്. ഇവരുടെ പ്രകടനത്തില്‍ 35.8 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. സീ വോട്ടര്‍ സര്‍വേയില്‍ ബി.ജെ.പിക്ക് അല്‍പം ആശ്വാസം പകരുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് 35 സീറ്റുകളാണ് ഇവിടെ എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏഴ് സീറ്റുകളുടെ കുറവ്.
തമിഴ്‌നാട്-ഇ്ത്തവണ എന്‍.ഡി.എയുടെ ഏറ്റവും വലിയ ദുരന്ത മുഖം തമിഴ്‌നാട്ടിലായിരിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. മോദിയുടെ പ്രകടനത്തില്‍ വെറും 2.2 ശതമാനം പേര്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പളനിസാമിയുടെ പ്രകടനത്തിലും വോട്ടര്‍മാര്‍ക്ക് അസംതൃപ്തിയാണുള്ളത് 7.7 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. എം.എല്‍.എമാരിലാകട്ടെ 9.9 ശതമാനവും. സീ വോട്ടര്‍ സര്‍വേ പ്രകാരം തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സഖ്യത്തിന് 39ല്‍ അഞ്ചു സീറ്റുകള്‍ മാത്രമായിരിക്കും പരമാവധി ലഭിക്കുക. 35 ഇടത്തും യു.പി.എ സഖ്യം വിജയിക്കും. യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 90 സീറ്റുകള്‍ ഇതോടെ എന്‍.ഡി.എക്ക് നഷ്ടമാകും.
പശ്ചിമ ബംഗാള്‍-മോദിയുടെ പ്രകടനത്തില്‍ താരതമ്യേന സന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മമതയുടെ പ്രകടനത്തില്‍ മികച്ച പ്രതികരണമാണ് സംസ്ഥാനത്ത്. മോദിക്ക് 43.2 ശതമാനത്തിന്റെയും മമതക്ക് 45.6 ശതമാനത്തിന്റേയും പിന്തുണയാണുള്ളത്. ടി.എം.സി എം.പിമാരില്‍ 34.3 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. സീവോട്ടര്‍ സര്‍വേ പ്രകാരം ബി.ജെ.പി കഴിഞ്ഞ തവണ നേടിയതിനേക്കാളും ആറ് സീറ്റ് വരെ കൂടുതല്‍ ഇത്തവണ നേടും. അതേ സമയം 2014ല്‍ നേടിയ 34 സീറ്റുകള്‍ ടി.എം.സി നിലനിര്‍ത്തും. ഇവിടെ ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കായിരിക്കും സീറ്റ് നഷ്ടം നേരിടുക.
ബിഹാര്‍-വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ രക്ഷക്കെത്തുന്ന സംസ്ഥാനം ബിഹാറായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. മോദിക്ക് 50.3 ശതമാനവും നിതീഷിന് 55.3 ശതമാവുമാണ് സംസ്ഥാനത്തെ പിന്തുണ. എം.പിമാരുടെ പ്രകടനത്തില്‍ 23.7 ശമതാനവും സംതൃപ്തരാണ്. അതേ സമയം എന്‍.ഡി.എ എം.എല്‍.എമാരോടുള്ള അസംതൃപ്തി പണിയാകുമോ ്എന്ന ഭയവും എന്‍.ഡി.എക്കുണ്ട്. എം.എല്‍.എമാരുടെ പ്രകടനത്തില്‍ 15 ശതമാനമാണ് സംതൃപ്തര്‍. സര്‍വേ പ്രകാരം എന്‍.ഡി.എ 36 സീ്റ്റുവരെ നേടും. മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേ പരിഗണിച്ചാല്‍ 2014ലേതിനേതക്കാളും 74 സീറ്റുകളായിരിക്കും അഞ്ച് പ്രധാന സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് സംഭവിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് സര്‍വേ നടത്തിയത്. ഇതിനു ശേഷം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങളില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയാല്‍ എന്‍.ഡി.എ സീറ്റുകളില്‍ ഇനിയും ഇടിവ് സംഭവിക്കും.

chandrika: