ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83 പ്രകാരമാണ് സ്വത്ത് കണ്ടുക്കെട്ടാനുള്ള നീക്കം നടക്കുന്നത്. സാക്കിര്‍ നായിക്കിനെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈയിലെ പ്രത്യേക കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം, കണ്ണപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് 2016 ജൂലൈ ഒന്നിന് നായികിന് ഇന്ത്യ വിടേണ്ടി വന്നിരുന്നു. സഊദിയില്‍ കഴിയുന്ന അദ്ദേഹത്തെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് ഇന്റര്‍പോള്‍ അടക്കമുള്ളവയുടെ സഹായസാധ്യതകള്‍ എന്‍ഐഎ പരിശോധിച്ചിരുന്നു. അതേസമയം തനിക്കെതിരെയുള്ള ആരോപണം മോദി സര്‍ക്കാറിന്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് നായികിന്റെ പ്രതികരണം.