X

സക്കാത്തും സാമ്പത്തിക സക്രിയതയും-ടി.എച്ച് ദാരിമി

Taj Mahal Agra India

പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും. ഇവയില്‍ ശരീരത്തിനുള്ള സകാത്തിന്റെ സമയം റമസാന്‍ അവസാനം കുറിച്ചു കൊണ്ട് ശവ്വാല്‍ പിറ ദൃശ്യമാകുന്നതോടെയാണ് തുടങ്ങുന്നത്. അതാണ് ഈ മാസവുമായി സകാത്തിനെ ബന്ധിപ്പിക്കുന്ന ഏക ഘടകം. ഇത് ഫിത്വര്‍ സകാത്ത് എന്നറിയപ്പെടുന്നു. റമസാന്‍ നോമ്പ് അവസാനിക്കുന്ന സമയത്ത് അടിസ്ഥാനപരമായ സാമ്പത്തിക കഴിവുള്ള എല്ലാ മുസ്‌ലിംകളുടെ മേലും ഇത് ഓരോ വര്‍ഷവും നിര്‍ബന്ധമാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: എല്ലാ മുസ്‌ലിംകളുടെമേലും നബി (സ) റമസാനിലെ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു (ബുഖാരി, മുസ്‌ലിം). ഇതടക്കമുള്ള ഹദീസുകളും പ്രമാണങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ഈ സകാത്ത് നിര്‍ബന്ധമാകാന്‍ മൂന്ന് നിബന്ധനകള്‍ മാത്രമേയുള്ളൂ. മുസ്‌ലിമായിരിക്കുക, അവനും കുടുംബത്തിനും ആവശ്യമായ പെരുന്നാള്‍ ദിവസത്തെ ഭക്ഷണം, വസ്ത്രം തുടങ്ങി വളരെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കഴിച്ച് ഒരു സ്വാഇലധികം ഭക്ഷണം ഉണ്ടാവുക, സകാത്തുല്‍ ഫിത്വറിന്റെ സമയത്തിലേക്ക് പ്രവേശിക്കുക. ഒരാള്‍ തന്റേതായി നല്‍കേണ്ടതും ആപേക്ഷികമായി തുഛമായതാണ്. നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്. കുറഞ്ഞത് 2 കിലോ 400 ഗ്രാമെങ്കിലും വരും ഇതെന്നാണ് അനുമാനം.

ഇസ്‌ലാമിക ശരീഅത്തില്‍ ഏതു നിയമവും യുക്തിഭദ്രമായിരിക്കും. മനസ്സും നിയ്യത്തും ഒപ്പമില്ലാതെ ഒന്നും ഉണ്ടാവില്ല എന്നാണ് ഇസ്‌ലാമിന്റെ നയം. അതിനാല്‍ മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന യുക്തിയെങ്കിലും പ്രകടമായി ഓരോ നിയമത്തിനും പിന്നില്‍ ഉണ്ടായിരിക്കും. ഫിത്വര്‍ സകാത്തിനു പിന്നിലെ യുക്തി പരതുമ്പോള്‍ പ്രധാനപ്പെട്ട ചിലത് കിട്ടും. നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് സകാത്തുല്‍ ഫിത്വര്‍ എന്നതാണ് അവയിലൊന്ന്. സക്കാത്ത് നല്‍കുക വഴി നോമ്പ് കൂടുതല്‍ ശുദ്ധമായി എന്ന് അറിയുന്നത് നോമ്പുകാരന് പെരുന്നാളില്‍ സന്തോഷം വര്‍ധിപ്പിക്കുമെന്നതാണ് ഒരു ഗുണം. ദരിദ്രര്‍ക്ക് ആശ്വാസവും എളുപ്പവും സകാത്തുല്‍ ഫിത്വറിലൂടെ ലഭിക്കുന്നു എന്നത് രണ്ടാമത്തേത്തേത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ തന്റെ ഈ ദാനത്താല്‍ ഉണ്ടായി എന്നറിയുന്നത് അവന് അഭിമാനം നല്‍കുന്ന കാര്യമാണ്. മൂന്നാമത്തേത് ശരീരത്തിന്റെ സകാത്താണ് സകാത്തുല്‍ ഫിത്വര്‍ എന്നതില്‍ നിന്ന് വരുന്നതാണ്. ഒരു വര്‍ഷം കൂടെ ജീവിക്കാന്‍ അല്ലാഹു അവസരം നല്‍കിയെന്നതിലുള്ള സന്തോഷം ഓരോ മുസ്‌ലിമും സകാത്തുല്‍ ഫിത്വറിലൂടെ പ്രകടിപ്പിക്കുന്നു. അതിനുംപുറമെ നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ സകാത്തുല്‍ ഫിത്വറിലൂടെ വിശ്വാസിക്ക് സാധിക്കുന്നു. ഇതിനെല്ലാം പുറമെ അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള അനേകം രഹസ്യങ്ങള്‍ സക്കാത്ത് വ്യവസ്ഥക്ക് പിന്നില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും.

രണ്ടാമത്തെ സക്കാത്ത് സമ്പാദ്യത്തിനുള്ളതാണ്. സമ്പത്തുക്കളില്‍നിന്ന് വളര്‍ച്ച നേടുന്നതും സമ്പാദ്യമായി അനുഭവപ്പെടുന്നതും വിലയായി വ്യവഹാരം ചെയ്യാന്‍ കഴിയുന്നതുമായ ഇനം സമ്പത്തുകള്‍ നിശ്ചിത അളവിലധികം ഒരു വര്‍ഷം കയ്യിരിപ്പുണ്ടെങ്കില്‍ നിശ്ചിത വിഹിതം സകാത്തായി നല്‍കലാണ് നിര്‍ബന്ധം. ഇത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നും പാലിക്കാത്തവര്‍ ഇസ്‌ലാമിന് പുറത്തുമാണ്. ഈ പറഞ്ഞ ആമുഖത്തില്‍ നിന്നു തന്നെ സക്കാത്ത് റമസാനുമായി പ്രത്യേക ബന്ധമൊന്നും പുലര്‍ത്തുന്നില്ല എന്നു മനസ്സിലായി. അത് ബന്ധപ്പെട്ടു കിടക്കുന്നത് ആ സസാദ്യം മേല്‍ പറഞ്ഞ അളവില്‍ കയ്യില്‍ വന്നു ചേര്‍ന്ന തിയ്യതിയോടാണ്. അതേ തിയ്യതി വീണ്ടും കറങ്ങി എത്തുമ്പോഴാണ് സക്കാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ചിലര്‍ സക്കാത്ത് കൊടുക്കുന്നത് ഈ മാസത്തിലായിരിക്കുവാന്‍ ശ്രമിക്കാറുണ്ട്. കൃത്യമായ കണക്കും തിയ്യതിയുമെല്ലാം കൈവശം വെക്കുന്ന ഇവര്‍ ഒന്നുകില്‍ ആ കണക്കിന്റെ പരിധിയില്‍ വരുന്ന തുക മുന്‍കൂറായോ അല്ലെങ്കില്‍ അവസാനിച്ച വര്‍ഷത്തെ സക്കാത്ത് മാറ്റിവെച്ച് ഉപയോഗിക്കുകയോ ചെയ്യുകയാവാം. റമസാനിലെ പുണ്യമായിത്തീരാന്‍ വേണ്ടിയാണിങ്ങനെ ചെയ്യാറ്. അത്തരക്കാര്‍ക്ക് ഉപയോഗപ്പെടാന്‍ വേണ്ടി മുതലിന്റെ സക്കാത്തിനെ കുറിച്ച് ചിലത് പറയാം.

ഈ സക്കാത്തിന്റെ കാര്യത്തില്‍ പക്ഷേ പലരും വീഴ്ച വരുത്താറുണ്ട്. ചിലര്‍ താന്‍ നല്‍കുന്ന ദാനധര്‍മങ്ങളെയെല്ലാം സക്കാത്താണ് എന്ന് കരുതി ആശ്വസിച്ചിരിക്കും. മറ്റു ചിലരാവട്ടെ, കണക്കൊന്നും നോക്കാതെ ആര്‍ക്കെന്നും നോക്കാതെ കുറച്ചെന്തെങ്കിലുമൊക്കെ കൊടുത്ത് സായൂജ്യമടയും. മറ്റൊരു വിഭാഗം തനിക്ക് സക്കാത്തില്ല എന്നു കാടടച്ചു കരുതി നടക്കും. ചിലര്‍ അതൊരു വലിയ ബാധ്യതയാണ് എന്നു കരുതി അങ്ങോട്ട് നോക്കാതെ മുന്നോട്ടുപോകും. ഇതെല്ലാം ഉണ്ടാകുന്നത് അറിവില്ലായ്മ കാരണമാണ്. ഈ ഭയവും അറിവില്ലായ്മയും ഒക്കെ ഉണ്ടാക്കുന്നതില്‍ ചില പ്രബോധകരുടെ പ്രഭാഷണങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ചെറിയ പങ്കുണ്ട് എന്ന് പറയാതെ വയ്യ. അവര്‍ സക്കാത്തിന്റെ പ്രാധാന്യം സ്ഥാപിക്കാന്‍ ശ്രമിക്കുക സക്കാത്ത് കൊടുക്കാതിരുന്നാലുണ്ടാകുന്ന കഠിനമായ ശിക്ഷകളും മറ്റും വിവരിച്ച് കൊണ്ടായിരിക്കും. സക്കാത്ത് എന്നത് സാമ്പത്തിക ബാധ്യതയാണെന്നതും അതു കൊടുക്കാന്‍ സരളമായ വഴികളിലൂടെ ഉപദേശിച്ച് മനസ്സുകളെ കീഴടക്കുകയാണ് ആദ്യം വേണ്ടതെന്നും വികാരത്തിനിടയില്‍ മറന്നു പോകും. സക്കാത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കൊണ്ടുവരാനുള്ള വഴി ഇതിനെ കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സിലാകും, ഇതൊരു കുറ്റമറ്റ സാമ്പത്തിക പദ്ധതിയാണെന്നും അത് ശരിക്കും ന്യായീകരിക്കത്തക്കമാണെന്നും അതിലെ ഓരോ അധ്യായവും തികഞ്ഞ ശാസ്ത്രീയത ഉള്‍ക്കൊള്ളുന്നുണ്ട് എന്നും.

ഇതില്‍ തിരിച്ചറിയേണ്ടതും പൊതു സമൂഹത്തെ തര്യപ്പെടുത്തേണ്ടതുമായ ആദ്യത്തെ കാര്യം അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചാണ്. അവന്‍ ചെയ്ത അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുകയില്ല എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ് എന്നും അല്ലാഹു പറയുന്നുണ്ട്. അതനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി മനസ്സിലാക്കേണ്ട ആദ്യത്തെ വസ്തുത നമ്മുടെ എല്ലാതരം മുതലുകള്‍ക്കും അല്ലാഹു സക്കാത്ത് ഏര്‍പ്പെടുത്തിയിട്ടൊന്നുമില്ല എന്നതാണ്. വെറും നാല് ഇനങ്ങളുടെ പരിധിയില്‍ വരുന്ന 8 ഇനം മുതലുകള്‍ക്കേ സക്കാത്തുള്ളൂ. നാണ്യങ്ങള്‍ എന്ന നിലക്ക് സ്വര്‍ണം, വെള്ളി എന്നിവയിലും കാലി സമ്പത്ത് എന്ന ഇനത്തില്‍ ആട്, മാട്, ഒട്ടകം എന്നിവക്കും ധാന്യം എന്ന നിലക്ക് നാട്ടിലെ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തിനും പഴങ്ങള്‍ എന്ന നിലക്ക് മുന്തിരി, കാരക്ക എന്നിവക്കും മാത്രമേ സക്കാത്തുള്ളൂ. പിന്നെ നിധി, ഖനിജങ്ങള്‍ എന്നിവക്കും കച്ചവടച്ചരക്കിനും സക്കാത്ത് ഉണ്ടെങ്കിലും അവയൊക്കെ സ്വര്‍ണം, വെള്ളി എന്നിവയുടെ പരിധിയില്‍ ആണ് അവ വരുന്നത്.

ഓരോ സമ്പാദ്യത്തിനും അതിന്റെ മൂല്യം പരിഗണിച്ചുള്ള നിസ്വാബ് വെച്ചിട്ടുണ്ട്. അത്ര ഉണ്ടെങ്കില്‍ മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഈ ഇനങ്ങളില്‍ തന്നെ എല്ലാറ്റിനും ഒരേ മൂല്യവും അധ്വാനവുമല്ല ഉള്ളത്. മൂല്യം അധ്വാനം തുടങ്ങിയവയെയും പരിഗണിക്കുന്നുണ്ട്. ഉദാഹരണമായി നിധിയുടെ കാര്യമെടുക്കാം. അത് അധ്വാനമില്ലാതെ കിട്ടുന്നതാണ്. അതിന് ഇരുപത് ശതമാനം നല്‍കണം. അതേസമയം കൃഷി ഒരു കൊല്ലത്തെ മൊത്തം വിളക്ക് നല്‍കിയാല്‍ മതി. അതുതന്നെ സ്വാഭാവിക ജലസേചനം വഴി ഉണ്ടായതാണെങ്കില്‍ പത്തു ശതമാനവും കൃത്രിമ ജലസേചനം വഴി ഉണ്ടായതാണെങ്കില്‍ അതിനു വേണ്ടിവരുന്ന ചെലവ് പരിഗണിച്ച് അതിന്റെ പകുതിയും നല്‍കിയാല്‍ മതി. ഖനിജങ്ങള്‍ക്കും കച്ചവടത്തിനും രണ്ടര ശതമാനമാണ് സകാത്ത്. ഇതില്‍ ഖനിജത്തിന് വളര്‍ച്ചയില്ല എന്ന കുറവിനെയും കച്ചവടത്തിന് വളര്‍ച്ചയുണ്ടെങ്കിലും അധ്വാനം വേണം എന്ന സത്യത്തെയും ബാലന്‍സ് ചെയ്തിരിക്കുകയാണ്. കാലി സമ്പത്തിലും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത്തരം പരിഗണനകള്‍ കാണാം. അപ്രകാരം തന്നെയാണ് കൊടുക്കേണ്ടത് ശതമാനം വെച്ചാണ് എന്നതും. തുകക്കനുസരിച്ച് വിഹിതം കൂടാതിരിക്കാന്‍ ഇതു സഹായകമാണ്.

പ്രധാനമായും സക്കാത്ത് ബാധകമാകുന്നത് കച്ചവടങ്ങള്‍ക്കും വരുമാനങ്ങള്‍ക്കുമാണ്. വാര്‍ഷിക കണക്കെടുപ്പ് വഴിയാണ് കച്ചവടത്തിന്റെ സക്കാത്ത് നിര്‍ണയിക്കുന്നത്. ഇതിനായി കച്ചവടം തുടങ്ങി കൃത്യം ഒരു ഹിജ്‌റ വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസത്തില്‍ സ്റ്റോക്കെടുക്കണം. ആകെ ചരക്കുകളുടെ മാര്‍ക്കറ്റ് മൂല്യത്തോട് കിട്ടാനുള്ള കടങ്ങള്‍ ചേര്‍ക്കണം. ഇങ്ങനെ കിട്ടുന്ന തുക ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് പത്തര പവന്‍ സ്വര്‍ണത്തിന്റെയോ 595 ഗ്രാം വെള്ളിയുടെയോ വിലയോളം വരുമെങ്കിലാണ് സക്കാത്ത് കൊടുക്കേണ്ടത്. വിവിധ വരുമാനങ്ങള്‍ വഴി വന്നുചേരുകയും ഒരു വര്‍ഷമായി കയ്യിരിപ്പുണ്ടാവുകയും ചെയ്ത പണത്തിന്റെ കണക്കും ഇങ്ങനെയാണ് കണ്ടുപിടിക്കുക. കച്ചവടച്ചരക്കുകളുടേത് വര്‍ഷാവസാനം മാത്രം ഈ തുക ഉണ്ടായാല്‍ മതി എന്നും ഇടക്ക് കുറഞ്ഞാലും കുഴപ്പമില്ല എന്നതും പണത്തിന്റേത് വര്‍ഷം മുഴുവനും കുറവില്ലാതെ കയ്യിരിപ്പുണ്ടായിരിക്കണമെന്നും മാത്രമാണ് വ്യത്യാസം. രണ്ടിലും കൊടുക്കേണ്ടത് ആകെ മൂല്യത്തിന്റെ രണ്ടര ശതമാനമാണ്. വിവിധ ഫാമുകള്‍, ജ്വല്ലറികള്‍, മാര്‍ക്കറ്റുകള്‍ എന്നിവ മുതല്‍ റിയല്‍ എസ്റ്റേറ്റ്, കമ്മീഷന്‍ ഏജന്‍സി തുടങ്ങിയവ വരെ കച്ചവടത്തിന്റെ പരിധിയില്‍ വരുന്നു. ഒരു നിലക്ക് സക്കാത്തിന് വിധേയമാകുന്ന പണം മറ്റൊരു നിലക്ക് വീണ്ടും അതേ വര്‍ഷം സകാത്തിന് വിധേയമാകില്ല. ഇങ്ങനെ രണ്ടു നിലക്ക് സക്കാത്തിന്റെ പരിധിയില്‍ ഒരു പണം വരുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ആദ്യം പരിധിയിലെത്തുന്നതിനെയാണ് പരിഗണിക്കേണ്ടത്. സക്കാത്ത് നിശ്ചയിക്കുന്നതിന്റെ ആധാരമാക്കുന്ന സ്വര്‍ണം, വെള്ളി എന്നിവയുടെ വില ഇന്നത്തേതു പോലെ വലിയ അന്തരമുണ്ടെങ്കില്‍ ഏറ്റവുമാദ്യം കണക്കെത്തുന്നതിനെ (ഇപ്പോള്‍ വെള്ളിയുടെ വില) ആണ് പരിഗണിക്കേണ്ടത്. സക്കാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സക്കാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് അവകാശികള്‍. സമ്പാദ്യത്തിനുള്ള ശുദ്ധീകരണ പ്രക്രിയയായാണ് ഇസ്‌ലാം സക്കാത്തിനെ കാണുന്നത്.

Chandrika Web: