ന്യൂഡല്‍ഹി: ബംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു നിര്‍ണായക വിജയം സമ്മാനിച്ച യജുവേന്ദ്ര സിങ്ങ് ചാഹല്‍ കേവലം ഒരു ക്രിക്കറ്റ് താരം മാത്രമല്ല ചെസിലും അദ്ദേഹത്തിന് ഒരു പിടിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ലോക ചെസ് ഫെഡറേഷന്റെ ഒഫീഷ്യല്‍ സൈറ്റിലും പേരെഴുതി ചേര്‍ത്ത ഏകകളിക്കാരനാണ് ചാഹല്‍. ഒറ്റനോട്ടത്തില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ട് കായിക ഇനങ്ങളാണ് ചതുരംഗവും ക്രിക്കറ്റുമെങ്കിലും ഇരു കായിക മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരമാണ് ഈ ഹരിയാന സ്വദേശി.
അണ്ടര്‍ 12 ദേശീയ ചെസ് ചാമ്പ്യനായിരുന്നു യജുവേന്ദ്ര സിങ്ങ് ചാഹല്‍. കോഴിക്കോട് നടന്ന എഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചാഹല്‍ പിന്നീട് ഗ്രീസില്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി മൂലം ചെസ്സിനെ കൈവിട്ട് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ യുവതാരത്തെ നിര്‍ബന്ധിതനാക്കുകയായിരുന്നു. അതിന് ഫലമുണ്ടായെന്ന് പിന്നീടുളള അദ്ദേഹത്തിന്റെ ചരിത്രം തന്നെ പറയുന്നു. ട്വന്റി 20 പോലെയുള്ള അതിസമ്മര്‍ദ്ദ കളിയില്‍ ശാന്തമായി തന്റെ ജോലി നിര്‍വ്വഹിക്കാന്‍ ചെസു കളിയിലെ പാഠങ്ങള്‍ സഹായിച്ചെന്നാണ് ചാഹലിന്റെ അഭിപ്രായം.
ബാറ്റ്‌സ്മാന്റെ നീക്കം കാലുകളില്‍ നിന്ന് തിരിച്ചറിയാനും അതിനൊത്ത് ഭാവവ്യത്യാസമില്ലാതെ തന്ത്രങ്ങള്‍ മെനയാനും ശ്രമിക്കാറുണ്ടെന്നും ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരെ വട്ടം കറക്കിയ ചാഹല്‍ പറയുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ 2011ലാണ് ചാഹല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തുന്നത്. അക്കൊല്ലം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിലെ മൂര്‍ച്ചയേറിയ സ്പിന്‍ ആയുധമായിരുന്നു ചാഹല്‍. രണ്ട് സീസണ്‍ കൂടി മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്ന ചാഹലിനെ 2014ല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പൊന്നുംവിലക്കെടുത്തു.
നിലവില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് ചാഹല്‍. സിംബാബ്‌വേ പര്യടനത്തിലൂടെയാണ് ചാഹല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇതുവരെ മൂന്ന് ഏകദിനങ്ങളും ആറ് ട്വന്റി 20 മത്സരങ്ങളും ചാഹല്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ ആറ് വിക്കറ്റാണ് ചാഹലിന്റെ ഏറ്റവും മികച്ച പ്രകടനം.