ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് ക്രിക്കറ്റ് സൂപ്പര്‍ താരം യുവരാജ് സിങ്. ജന്മദിനത്തോട് അനുബന്ധിച്ച് സാമൂഹിക മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് യുവരാജ് കര്‍ഷകര്‍ക്ക് തന്റെ പിന്തുണയറിയിച്ചത്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന കായിക താരങ്ങള്‍ക്ക് പിന്തുണ നല്‍കിയ അച്ഛന്‍ യോഗ് രാജ് സിങിന്റെ പ്രസ്താവനയോട് അദ്ദേഹം അകലം പാലിച്ചു.
‘നിസ്സംശയം കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തമാണ്. സമാധാനപരമായ സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു’ – അദ്ദേഹം കുറിച്ചു. ഈ ജന്മദിനം ആഘോഷിക്കുന്നതിന് പകരം കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗ് രാജ് സിങിന്റെ പ്രസ്താവന ഖേദകരമാണ്. വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതില്‍ നിന്ന് താന്‍ അകന്നു നില്‍ക്കുന്നു. തന്റെ വിശ്വാസം അങ്ങനെയല്ല- യുവരാജ് പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് തിങ്കളാഴ്ച യോഗ് രാജ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ കായികതാരങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
വിഖ്യാത ബോക്‌സര്‍ വിജേന്ദര്‍ സിങ്, മുന്‍ ദേശീയ ബോക്‌സിങ് കോച്ച് ഗുര്‍ബക്ഷ്‌സിങ് തുടങ്ങിയ പ്രമുഖര്‍ തങ്ങള്‍ക്ക് ലഭിച്ച കായിക പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു യോഗ് രാജിന്റെ പ്രതികരണം.