ന്യൂഡല്‍ഹി: ആദ്യകാലത്തേത് പോലുള്ള ഫിയര്‍ലെസ് ക്രിക്കറ്റ് എന്നില്‍ നിന്നും ധോണിയില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് യുവരാജ് സിങ്. ബി.സി.സി.ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. ധോണിയുമായുള്ള കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു. എന്റെ ശേഷമാണ് ധോണി ഇന്ത്യന്‍ ടീമിലെത്തുന്നത്, ശേഷം മികച്ച രീതിയിലാണ് ബാറ്റ് വീശിയിരുന്നത്, തുടര്‍ന്ന് വരുന്ന പരമ്പരകളിലും അങ്ങനത്തന്നെയായിരിക്കുമെന്നും യുവി വ്യക്തമാക്കി.
ധോണിയുടെ കീഴില്‍ നമ്മള്‍ ഒന്നാം സ്ഥാനത്ത് എത്തി, രണ്ട് ലോകകപ്പുകളും( ഏകദിനം, ടി20) സ്വന്തമാക്കി മറ്റൊരു ക്യാപ്റ്റനും ഇത്തരത്തിലൊരു നേട്ടമില്ലെന്നും യുവി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴിയാനുള്ള ധോണിയുടെ തീരുമാനത്തെയും യുവി പ്രശംസിച്ചു. 2019 ലോകകപ്പിന് ടീം സജ്ജമാകേണ്ടത് മറ്റൊരു ക്യാപ്റ്റന് കീഴിലാവണമെന്ന് അദ്ദേഹം കരുതിയിരിക്കാം, ധോണിക്ക്, ഇനിയും ടീമിന് സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.
തന്റെ ഫോം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന കളിക്കാരനാണ് പുതിയ ക്യാപ്റ്റന്‍ കോഹ് ലിയെന്നും യുവി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന പരമ്പരയ്ക്കാണ് യുവി ടീമിലെത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യുവിയുടെ ടീം പ്രവേശം. ടി20 ടീമിലും യുവരാജ് ഇടം നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം ആണ് യുവിക്ക് തുണയായത്.